Dr. N. Renuka

ഡോ. എന്‍. രേണുക

1980 ല്‍ ജനിച്ചു. എന്‍. എം .പ്രസന്നയും എം. ശങ്കരന്‍കുട്ടിയും മാതാപിതാക്കള്‍. കൊങ്ങോര്‍പ്പിള്ളി ഗവണ്‍മെന്‍റ് ഹൈസ്കൂള്‍, കൂനമ്മാവ് സെന്‍റ് ജോസഫ് ഗേള്‍സ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം. ആലുവ സെന്‍റ് സേവ്യയേഴ്സ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, എറണാകുളം സെന്‍റ് ജോസഫ് ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളില്‍ കോളേജ് വിദ്യാഭ്യാസം. കാലടി ശ്രീ. ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രം എന്നിവിടങ്ങളില്‍ അദ്ധ്യാപികയായിരുന്നു. ഇപ്പോള്‍ കരമന എന്‍. എസ്. എസ്. കോളേജ് മലയാള വിഭാഗം അദ്ധ്യാപിക. ആനുകാലികങ്ങളില്‍ സാഹിത്യവിമര്‍ശനപരമായ ലേഖനങ്ങള്‍ എഴുതുന്നു. “സൂചകങ്ങളുടെ താരാപഥം” ആണ് പ്രസിദ്ധീകരിച്ച കൃതി. അനുഭവതലങ്ങളിലൂടെ വ്യക്തി ആര്‍ജ്ജിക്കുന്ന കാലദര്‍ശനമാണ് എന്‍. രേണുക എന്ന എഴുത്തുകാരിയുടെ കരുത്ത്. വിമര്‍ശന സാഹിത്യത്തിന്‍റെ ലക്ഷണയുക്തമായ എഴുത്തുശീലമാണ് ഇവരുടേത്. കേവല സ്ത്രീവാദത്തിന്‍റെ ചുറ്റുവട്ടങ്ങള്‍ക്കപ്പുറം സഞ്ചരിക്കുന്നതിലൂടെ രേണുക ശ്രദ്ധ പിടിച്ചു പറ്റുന്നു. കാതും കൂര്‍പ്പിച്ചുള്ള വായനയിലൂടെ കൃതിയിലെ വൈരുദ്ധ്യങ്ങളേയും സമന്വയങ്ങളേയും ധീഷണാദീപ്തിയോടെ വിശകലനം ചെയ്യുന്നു. ജീവനുള്ള സാമൂഹിക രേഖയായി കൃതിയെ പ്രതിഷ്ഠിക്കുന്ന, വിമര്‍ശനാത്മകമായി പരിശോധിക്കുന്ന എഴുത്താണിത്. സിദ്ധാന്തങ്ങളുടെ ചരിത്ര നിഷ്ഠയില്‍ നിന്നു ശ്രദ്ധമാറാതെ തന്നെ സാമൂഹികമായ സാഹിത്യവായന നടത്തുകയാണിവര്‍. ജീവിതതോത് കണ്ടു വിട്ടുള്ള കേവലം ദാര്‍ശനികച്ഛായ വ്യക്തിവാദത്തിന്‍റെ സാഹിത്യാവിഷ്കാരം മാത്രമാണെന്ന ബോധം ഈ വിമര്‍ശകയുടെ നിരീക്ഷണങ്ങള്‍ക്ക് കൂടുതല്‍ ദീപ്തിയേകുന്നു. “സൂചകങ്ങളുടെ താരാപഥം” എന്ന പഠനമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എം. മുകുന്ദന്‍റെ “കേശവന്‍റെ വിലാപങ്ങള്‍” എന്ന നോവല്‍ വിതച്ച വിവാദ വിത്തുകളെ വിമര്‍ശനാത്മകമായി സമീപിക്കുകയാണ് രേണുകയിവിടെ. പാഠം സൂചിതങ്ങളുടെ ഘടനയല്ല, സൂചകങ്ങളുടെ താരാപഥമാണ് എന്ന ഘടനാവാദ സിദ്ധാന്തത്തിന്‍റെ പ്രായോഗിക തലമാണ് ഈ നോവലിന്‍റെ കാര്യത്തില്‍ മലയാളത്തില്‍ സംഭവിച്ചതെന്ന് എഴുത്തുകാരി വാദിക്കുന്നു. പരിണാമത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ മുകുന്ദന്‍ നടത്തിയ പരീക്ഷണത്തിന്‍റെ സൃഷ്ടികളിലൊന്നാണു “കേശവന്‍റെ വിലാപങ്ങള്‍” എന്നു നിരീക്ഷിക്കുകയാണു രേണുക. മരിച്ചിട്ടും ജീവിക്കുന്ന ഇ. എം. എസിനു ആദരപൂര്‍വ്വം സമര്‍പ്പിക്കപ്പെട്ട നോവല്‍ പ്രത്യയശാസ്ത്രവിദ്വേഷിയാകാനിടയില്ലെന്നും സമര്‍ത്ഥിക്കുന്നു. കേശവന്‍റെ അന്ത്യത്തെ ചുറ്റിപ്പറ്റി നില്‍ക്കുന്ന പ്രതീകാത്മകമാനങ്ങളെ രേണുക അവധാനതയോടെ അപഗ്രഥിക്കുന്നുണ്ട്. ഗ്രന്ഥകാരന്‍റെ മരണം എന്ന റൊളാങ് ബാര്‍ത്തിന്‍റെ വീക്ഷണം പ്രയോജനപ്പെടുത്തിയാണ് ഇതു സാധിക്കുന്നത്. പ്രത്യയ ശാസ്ത്രത്തെയല്ല മറിച്ച് പ്രത്യയശാസ്ത്രം ഞെരിഞ്ഞമര്‍ത്തപ്പെടുന്ന നീരാളിക്കൈകളെയാണ് മുകുന്ദന്‍ അധിക്ഷേപിക്കുന്നതെന്നു രേണുക സമര്‍ത്ഥിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.


Extracts

Women Writers of Kerala

View all Authors