Rekha K.

രേഖ കെ.

1975 ല്‍ തൃശൂര്‍ ജില്ലയില്‍ ഇരിങ്ങാലക്കുടയില്‍ ജനനം. മലയാള മനോരമയില്‍ സീനിയര്‍ സബ് എഡിറ്ററായി ജോലി നോക്കുന്നു. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോള്‍ മുതല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്‍റെ ബാല പംക്തിയില്‍ എഴുതി തുടങ്ങി, കുഞ്ഞുണ്ണി മാഷിന്‍റെ പത്രാധിപത്യത്തിന്‍ കീഴില്‍ 1994 ല്‍ മാതൃഭൂമി വിഷുപതിപ്പ് സാഹിത്യ മത്സരത്തില്‍ കെ. രേഖയുടെ 'മൃതിവൃത്തം' എന്ന കഥ സമ്മാനാര്‍ഹമായി. തുടര്‍ന്ന് മലയാളത്തിലെ പ്രധാനപ്പെട്ട ആനുകാലികങ്ങളില്‍ കഥകളും കുറിപ്പുകളും പ്രസിദ്ധീകരിച്ചു വരുന്നു. കൂടാതെ പത്രപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ഫീച്ചറുകളും പരമ്പരകളും എഴുതി വരുന്നു. രേഖയുടെ കഥാസമാഹാരങ്ങള്‍ കന്നഡയിലേക്കും തമിഴിലേക്കും മൊഴിമാറ്റം ചെയ്തിട്ടുണ്ട്. പുകഴേന്തി, ശൈലജ എന്നിവരാണ് വിവര്‍ത്തകര്‍.

മാതൃഭൂമി വിഷുപ്പതിപ്പ് പുരസ്കാരം ലഭിച്ച 'മൃതിവൃത്തം' രേഖയുടെ ആദ്യകഥയാണ്. തുടര്‍ന്നും ധാരാളം പുരസ്കാരങ്ങള്‍ അവരുടെ രചനകള്‍ക്ക് ലഭിച്ചു. ഗൃഹലക്ഷ്മി അവാര്‍ഡ്, രാജലക്ഷ്മി അവാര്‍ഡ്, മുതുകുളം പാര്‍വ്വതിയമ്മ അവാര്‍ഡ്, ടി. പി. കിഷോര്‍ അവാര്‍ഡ്, കെ.ഇ. കൊടുത്തല്ലൂര്‍ അവാര്‍ഡ്, ഇ. പി. സുഷമ എന്‍ഡോവ്മെന്‍റ്എന്നിവ അതില് പെടുന്നു. മികച്ച ഹ്യൂമണ്‍ ഇന്‍ററസ്റ്റ് സ്റ്റോറിക്കുള്ള എസ്. ബി. ടി. അവാര്‍ഡും സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യന്‍ എന്‍ഡോവ്മെന്‍റും ലഭിച്ചിട്ടുണ്ട്.

1994 ലാണ് രേഖയുടെ ആദ്യകഥ പ്രസിദ്ധീകൃതമായത്. 2010 ആകുമ്പോഴേക്കും അവരുടേതായി ഏഴ് കൃതികള്‍ പ്രസിദ്ധീകൃതമായിരുന്നു. മാധവിക്കുട്ടിയുടെയും സാറാ ജോസഫിന്‍റെയും കഥാപാത്രങ്ങള്‍ക്ക് പിന്നാലെ വന്നവരാണ് രേഖയുടെ കഥാപാത്രങ്ങള്‍. സ്ത്രീജീവിതം ചിത്രീകരിച്ച എഴുത്തുകാരികളുടെ ഒരു പിന്തുടര്‍ച്ച. ബോധത്തിലോ അബോധത്തിലോ രേഖക്കൊപ്പം ഉണ്ട്. അവര്‍ സാധാരണ മട്ടില്‍ കുടുംബജീവികളോ, സര്‍ക്കാരുദ്യോഗസ്ഥരോ, അദ്ധ്യാപകരോ ഒന്നുമല്ല. ഒരു പക്ഷേ അതൊരു പത്രവിതരണക്കാരിയാകാം, പത്രപ്രവര്‍ത്തകയാകാം, ആക്ടിവിസ്റ്റാകാം, എഴുത്തുകാരിയാകാം. കുടുംബത്തിനുള്ളില്‍ ജീവിക്കുന്ന വെറുമൊരു സ്ത്രീയാണെങ്കില്‍ കൂടി അവരുടേത് കുടുംബത്തിന്‍റെ പൊതുതാളം അല്ല. "കന്യകയും പുല്ലിംഗവും" എന്ന രേഖയുടെ കഥാസമാഹാരത്തിന് എഴുതിയ അവതാരികയില്‍ ശ്രീ. കെ. പി. അപ്പന്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു. രേഖ വളരെ പരിചിതമായ യാഥാര്‍ത്ഥ്യങ്ങളെ ഉള്ളടക്കമായി സ്വീകരിച്ചുകൊണ്ട് കഥയെ പ്രമേയത്തിന്‍റെ കേളികളാക്കി മാറ്റുന്നു. ബാഹ്യലോകത്തെ ഒഴിവാക്കുന്നില്ല. ബാഹ്യലോകവുമായി ദൃഡമായി ബന്ധപ്പെടാനള്ള സാദ്ധ്യതയായി കഥയെ മാറ്റുന്നു. ഒരു നാട്യവുമില്ലാതെ ബാഹ്യലോകത്തു നിന്നു യാഥാര്‍ത്ഥ്യത്തിന്‍റെ അര്‍ത്ഥത്തെ വേര്‍തിരിച്ച് കഥയില്‍ നിക്ഷേപിക്കുകയാണ്.

"കന്യകയും പുല്ലിംഗവും" എന്ന കൃതിയില്‍ നിന്നു തന്നെ 'പെരുമ്പാമ്പ്' എന്ന കഥയിലെ ഏതാനും ചിലഭാഗമാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. സെറീന എന്ന പെണ്‍കുട്ടി തന്‍റെ ജീവിതം അവതരിപ്പിക്കുയാണിവിടെ. അതോടൊപ്പം പലരുടെയും ജീവിതങ്ങളും.

"എന്‍റെ ഉപ്പുപ്പ പോക്കര്‍ സായിവ് ചികിത്സ നടത്തിയിരുന്നത് പണത്തിന് വേണ്ടിയായിരുന്നില്ല. അന്ന് ഈ പൊന്നാനി ഭാഗത്ത് തൊലിപ്പുറത്തുള്ള എല്ലാ അസുഖങ്ങള്‍ക്കും പോക്കരിക്കയുടെ മരുന്ന് മതിയെന്ന് ആളുകള്‍ പറയും."

എന്നിങ്ങനെ വളരെ സാധാരണ മട്ടില്‍ സെറീന അവളുടെ ജീവിതത്തിലേക്ക് വായനക്കാരെ കൂട്ടുകയാണ്. കഥ നടക്കുന്നത് സെറീനയുടെ ഉപ്പയുടെ കാലത്താണ്. അദ്ദേഹം ഉപ്പുപ്പയെ പോലെയല്ല. ചികിത്സവഴി ധാരാളം പണവും ഭൂമിയുമൊക്കെ ഉണ്ടാക്കിയിട്ടുണ്ട്. ഉപ്പയുടെ ചികിത്സയെ പറ്റി സെറീന ഇങ്ങനെ പറയുന്നു.

"ഒന്നുതൊട്ടാല്‍ ഉപ്പ രോഗമെന്താണെന്നറിയും ഒരു ചെറിയ മരുന്ന് പൊടിവൈദ്യം കൊണ്ട് രാവ് മറയുമ്പോഴേക്കും രോഗം മാറ്റും. മുഖത്തെ നേരിയ ഭാവമാറ്റത്തില്‍ നിന്ന് മനസ്സ് വായിക്കും. ചിരിയുടെ ഈണം മാറിയാല്‍ കാര്യം പറയും."

ആണിന്‍റെ സ്നേഹത്തിനു വേണ്ടിയുള്ള സെറീനയുടെ കൊതിയെയും ഉപ്പ ഒരു രോഗമായി കണ്ട് ചികിത്സിക്കുകയാണിവിടെ. പക്ഷേ ഒന്നിന് പിറകേ ഒന്നായി എല്ലാ ചികിത്സയും പിഴക്കുന്നു. സെറീനയുടെ ജീവിതവും.

“ജൂറാസിക് പാര്‍ക്ക്” (കഥാസമാഹാരം). കോട്ടയം: ഡി. സി. ബുക്സ്, 2002. “ആരുടെയോ ഒരു സഖാവ്” (അന്തിക്കാട്ടുകാരി) (കഥാസമാഹാരം). കോട്ടയം: കറന്‍റ് ബുക്സ്, 2005. “കന്യകയും പുല്ലിംഗവും” (കഥാസമാഹാരം). റെയിന്‍ബോ ബുക്സ്, 2006. “സ്നേഹിതനേ, സ്നേഹിതനേ” (കുറിപ്പുകള്‍). കോട്ടയം: ഡി. സി. ബുക്സ്, 2006. “പ്രകാശ് രാജും ഞാനും” (കുറിപ്പുകള്‍). കോട്ടയം: ഡി. സി. ബുക്സ്, 2006. “മാലിനി തീയേറ്റേഴ്സ്” (കഥാസമാഹാരം). കോട്ടയം: ഡി. സി. ബുക്സ്, 2010. “കൂരിരുട്ടിന്‍റെ കുഞ്ഞാലില” (നോവലെറ്റ്). ഹരിതം ബുക്സ്.

Extracts

Women Writers of Kerala

View all Authors