Ramanikutty

രമണിക്കുട്ടി പി.

കൊല്ലം ജില്ലയിലെ ചാത്തന്നൂരില്‍ 1945 മെയ് 23 ന് ജനിച്ചു. ചാത്തന്നൂര്‍ ഹൈസ്കൂള്‍, കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഫിലോസഫിയില്‍ ബിരുദം. വിദ്യാഭ്യാസ വകുപ്പില്‍ അക്കൗണ്ട് ഓഫീസറായി റിട്ടയര്‍ ചെയ്തു.“പറക്കാത്ത കരിയിലകള്‍” (2002), “സൂസന്‍ ഡിസൂസ” (2009) എന്നീ നോവലുകളും “ഭഗവതി പറമ്പിലെ പൂരം” (2004), “പറയാന്‍ പറ്റാത്തത്” (2005) എന്നീ കഥാസമാഹാരങ്ങളും “നൈനിറ്റാളിലെ മരത്തിലൂടെ” (2008) എന്ന യാത്രാ വിവരണവും ആണ് പ്രസിദ്ധീകൃതമായ കൃതികള്‍.  ദൈനംദിന ജീവിതത്തിനിടയില്‍ കണ്ടുമടുത്ത കഥാപാത്രങ്ങള്‍ക്ക് പുതു ജീവന്‍ നല്‍കി രമണിക്കുട്ടി തന്‍റെ കഥകളില്‍ ആവിഷ്കരിക്കുന്നു. “പറയാന്‍ പറ്റാത്തത്” എന്ന കഥാസമാഹാരത്തിലെ 'ആന്‍സിയുടെ പെണ്‍കുഞ്ഞ്' എന്ന കഥയില്‍  കോണ്‍വെന്‍റ് ഹോസ്റ്റലിലെ കുക്കായ ആന്‍സിയുടെ ജീവിതമാണ് പറയുന്നത്. ഒരിടത്തരം കുടുംബത്തിലെ അംഗമായിരുന്നു ആന്‍സി. ഭര്‍ത്താവ് ജോയി. ജോയീടപ്പച്ചനെ ക്യാന്‍സര്‍ രോഗത്തിന് ചികിത്സിച്ച് ജോയി കടക്കാരനായി. ജോയിക്ക് ഒരു സഹായമാകും എന്ന് കരുതി ആന്‍സി ഒന്നവരയസ്സുള്ള ചിഞ്ചുമോളെ വീട്ടില്‍ ഇട്ടേച്ച് ജോലിക്ക് പോകുന്നു. ഹോസ്റ്റലിലെ എല്ലാ അംഗങ്ങള്‍ക്കും എപ്പോഴും പുഞ്ചിരിക്കുന്ന ആന്‍സിയെ ഇഷ്ടമാണ്. ലീവു വാങ്ങി വീട്ടില്‍ പോയിട്ട് തിരിച്ചെത്തിയ ആന്‍സിയുടെ മുഖത്ത് ദുഃഖം മാത്രം. ഭര്‍ത്താവും അനിയത്തിയും തന്‍റെ കുഞ്ഞിനെയും കൊണ്ട് പൊയ്ക്കളഞ്ഞ വാര്‍ത്തയാണ് അവള്‍ ഹോസ്റ്റലിലെ അന്തേവാസികളോട് പറയാനുണ്ടായിരുന്നത്. ചിരിക്കാന്‍ മാത്രമറിയാവുന്ന ആ മാടപ്പിറാവിനോട് ഇത്രയും ക്രൂരത വേണ്ടിയിരുന്നില്ല....! വീട്ടിലെ ബുദ്ധിമുട്ടോര്‍ത്ത് ഇറങ്ങിത്തിരിച്ചതാണവള്‍....... എന്നിട്ടിങ്ങനെയൊരു ദുര്‍വിധി...........? ഇത്തരത്തില്‍ ജീവിത പ്രതിസന്ധികളില്‍ പകച്ചു നില്‍ക്കുന്നവര്‍ നമുക്ക് ചുറ്റും കാണാം.

‘സുഭദ്രാഹരണം’ എന്ന കഥയില്‍ മധുരമായ ഒരു പ്രതികരണത്തിന്‍റെ ചരിത്രമാണുള്ളത്. സത്യനാരായണന്‍ തമ്പി തന്‍റെ കഴിഞ്ഞ കാലത്തെ ജീവിതത്തെക്കുറിച്ച് ചിന്തിക്കുന്നു. വളരെ ചെറുപ്പത്തിലെ തന്നെ വിശപ്പ് അകറ്റാനായി നമ്പൂതിരി ഇല്ലത്ത് പണിയെടുക്കുന്ന സത്യാനാരണന്‍ തമ്പി, നമ്പൂതിരിമാരുടെ ആട്ടും തുപ്പും കേട്ടാണ് വളര്‍ന്നത്. അയിത്തത്തിന്‍റെ പേരില്‍ അവര്‍ അവനെ അകറ്റി നിര്‍ത്തിയിരുന്നു. ആ നമ്പൂതിരി ഇല്ലത്തെ തന്നെ സുഭദ്രയെ സ്വന്തമാക്കി അയാള്‍ അതിന് പ്രതികാരം വീട്ടുന്നു. ഒരു കാലത്ത് നിലനിന്നിരുന്ന ജാതി വ്യവസ്ഥയുടെ വിപ്ലവകരമായ ചിന്തയിലേക്ക് വിരള്‍ ചൂണ്ടാന്‍ ഈ കഥയിലൂടെ കഥാകാരിക്ക് കഴിഞ്ഞിട്ടുണ്ട്.

“പറയാന്‍ പറ്റാത്തത്”. തിരുവനന്തപുരം: സെഡ് ലൈബ്രറി, ജൂണ്‍, 2005. “ഭഗവതി പറമ്പിലെ പൂരം”. “പറക്കാത്ത കരിയിലകള്‍”.

Extracts

Women Writers of Kerala

View all Authors