R. B. Rajalekshmi

ആര്‍. ബി. രാജലക്ഷ്മി

1954 ല്‍ കോട്ടയം ജില്ലയിലെ തോന്നലൂരില്‍ ജനനം. മലയാളത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും. “പ്രശ്ന നാടക സങ്കല്പവും കൃഷ്ണപിള്ളയുടെ നാടകങ്ങളും” എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടി. തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജില്‍ നിന്ന് മലയാളം വകുപ്പ് മേധാവി ആയിരിക്കെ 2010 ല്‍ വിരമിച്ചു. ഇപ്പോള്‍ സംഗീത നാടക അക്കാദമി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, പുരോഗമന കലാസഹിത്യ സംഘത്തിന്‍റെ സംസ്ഥാന കമ്മിറ്റിയംഗം, വനിതാ സാഹിതി സംസ്ഥാന സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. നാടകവുമായി ബന്ധപ്പെട്ട ചരിത്രം, നിരൂപണം, ഗവേഷണം, പഠനം എന്നീ മേഖലകളിലാണ് ആര്‍. ബി. രാജലക്ഷ്മിയുടെ രചനകളിലേറെയും. നാടക മേഖലയില്‍ മൂന്ന് നിരൂപണ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ധാരാളം ലേഖനങ്ങള്‍, പ്രബന്ധങ്ങള്‍ എന്നിവ ആനുകാലികങ്ങളിലൂടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി നാടക ശില്പശാലകള്‍ നടത്തിയിട്ടുമുണ്ട്. നാടക മേഖലയിലെ സ്ത്രീ ചരിത്രത്തെ കുറിച്ചുള്ള അന്വേഷണം കൂടിയാണ് ആര്‍. ബി. രാജലക്ഷ്മിയുടെ രചനകള്‍. എഴുത്തിന്‍റെ ഭാഗമായി സ്ത്രീനാടക വേദിയെ കുറിച്ചുള്ള തുടരന്വേഷണങ്ങളും പഠനങ്ങളും നടത്തി വരുന്നു. എന്‍. കൃഷ്ണപിള്ളയുടെ നാടകങ്ങളെ ആധാരമാക്കി നടത്തിയ ഗവേഷണ പ്രബന്ധത്തിന് കൃഷ്ണപിള്ള ഫൗണ്ടേഷന്‍റെ പേരിലുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. ആര്‍. ബി. രാജലക്ഷ്മിയുടെ “നാടകം സൃഷ്ടിയും സാക്ഷാത്ക്കാരവും” എന്ന കൃതിയില്‍ നിന്ന് എടുത്തിട്ടുള്ള ‘സ്ത്രീയുടെ നാടകരംഗം’ എന്ന ലേഖനത്തിലെ ഒരു ഭാഗമാണ് ഇവിടെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മലയാള നാടകവേദിയുടെ ചരിത്രത്തില്‍ നാടക രചന, സംവിധാനം എന്നീ മേഖലകളില്‍ സ്ത്രീകളുടെ സംഭാവന പരിമിതമായിരിക്കുന്നത് എന്തുകൊണ്ടാണ് എന്ന് അന്വേഷിക്കുന്ന ലേഖനമാണിത്. അരങ്ങിന്‍റെ കലയായ നാടകത്തിന്‍റെ വിജയം രചനയിലല്ല അവതരണത്തിലാണ് എന്ന് വിലയിരുത്തുന്നു എഴുത്തുകാരി. ജീവിതത്തിന്‍റെ ഭിന്നമണ്ഡലങ്ങളെ അടുത്തറിയുന്നതിലൂടെയുണ്ടാകുന്ന ജീവിതാവബോധവും രംഗബോധവും ഉണ്ടെങ്കില്‍ മാത്രമേ ഒരുവള്‍ക്ക് വിജയകരമായി നാടകത്തെ എഴുതി ഫലിപ്പിക്കാനാവൂ. അമ്പലപ്പറമ്പിലോ തീയേറ്ററുകളിലോ പോയി നാടകങ്ങള്‍ കണ്ട് വിലയിരുത്താന്‍ പുരുഷനോളം അവസരം അവള്‍ക്ക് കിട്ടുന്നില്ല. അഥവാ അതിനിറങ്ങിത്തിരിച്ചാല്‍ ഒട്ടേറെ ദുരനുഭവങ്ങള്‍ നേരിടേണ്ടതായും വന്നേക്കാം. അങ്ങനെ വന്നാല്‍ നാടകാസ്വാദനം അവളെ സംബന്ധിച്ചിടത്തോളം കയ്പേറിയ ഒരനുഭവമായിത്തീരുന്നു. നാടകത്തിലുള്ള അവബോധത്തോടൊപ്പം എഴുത്തുകാരിയുടെ സ്ത്രീപക്ഷ കാഴ്ച്ചപ്പാടുകള്‍ കൂടി വ്യക്തമാക്കുന്ന ഒരു ലേഖനമാണിത്.

“നാടകം സൃഷ്ടിയും സാക്ഷാത്കാരവും”. തിരുവനന്തപുരം: പ്രഭാത് ബുക്ക് ഹൗസ്, 2001. “സാവിത്രി” ലളിതാംബിക അന്തര്‍ജ്ജനം (സമ്പാദനം, സംശോധനം, പഠനം). തൃശൂര്‍: കറന്‍റ് ബുക്സ്, 2004. “അരങ്ങിന്‍റെ കാണാപ്പുറങ്ങള്‍”. തിരുവനന്തപുരം: സെഡ് ലൈബ്രറി, പരിധി ഗ്രൂപ്പ്, 2008. “എന്‍. കൃഷ്ണപിള്ളയും പ്രശ്ന നാടകങ്ങളും”. തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, 2008. “പെണ്മയുടെ പ്രതിഷേധങ്ങള്‍”. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം (അച്ചടിയില്‍).

Extracts

Women Writers of Kerala

View all Authors