Rajalekshmi

രാജലക്ഷ്മി

1930 ജൂണ്‍ 2 ന് പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരിയില്‍ തേക്കത്ത് അമയങ്കോട്ട് തറവാട്ടില്‍ ജനിച്ചു. മാരാത്ത് അച്യുതമേനോന്‍റെയും കുട്ടിമാളു അമ്മയുടെയും മകള്‍. ബനാറസ് ഹിന്ദു കോളേജില്‍ നിന്ന് എം. എസ്. സി. ബിരുദം നേടി. പന്തളത്തും ഒറ്റപ്പാലത്തും എന്‍. എസ്. എസ്. കോളേജുകളില്‍ ഫിസിക്സ് ലക്ചററായി സേവനം അനുഷ്ഠിച്ചു. 1965 ജനുവരി 18 ന് മരണം. 1956 ല്‍ പ്രസിദ്ധീകരിച്ച “മകള്‍” എന്ന നീണ്ടകഥ കൊണ്ടു തന്നെ രാജലക്ഷ്മി ശ്രദ്ധേയയായിത്തീര്‍ന്നു. തുടര്‍ന്ന് ധാരാളം കഥകളും ‘കുമിള’ എന്ന ഗദ്യകവിതയും പ്രസിദ്ധീകരിച്ചു. “ഒരു വഴിയും കുറെ നിഴലുകളും”, “ഞാനെന്ന ഭാവം”, “ഉച്ചവെയിലും ഇളം നിലാവും” (അപൂര്‍ണം) എന്നീ ഖണ്ഡശ പ്രസിദ്ധീകരിച്ച നോവലുകളാണ്. “ഒരു വഴിയും കുറെ നിഴലുകളും” എന്ന നോവലിന് 1960 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. “രാജലക്ഷ്മിയുടെ കഥകള്‍” (1993). ‘പരാജിത’ എന്ന കഥയില്‍ ഭര്‍ത്താവും മകനും അകലെയായിപ്പോയ ഒരു സ്ത്രീയുടെ മനോവികാരങ്ങള്‍ തുറന്നു കാണിക്കുന്നു. ഭര്‍ത്താവ് ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലും മകന്‍ ബാംഗ്ലൂരില്‍ ബോര്‍ഡിംഗിലും. തനിച്ചായ അവരും റിസര്‍ച്ച് ചെയ്യുന്നു. പലപ്പോഴും അവരുടെ ചിന്തകള്‍ വഴി തെറ്റിപ്പോകുന്നു. രക്ഷപ്പെടാന്‍ മകനെ കാണാനെത്തുമ്പോഴേക്കും അവന്‍ അവരില്‍ നിന്ന് വളരെയകലെയാണെന്ന് ഖേദപൂര്‍വ്വം തിരിച്ചറിയുന്നു. ഒറ്റപ്പെട്ടുപോകുന്ന ഒരു സ്ത്രീയുടെ വിഹ്വലതകള്‍ മുഴുവനും ഈ കഥയിലുണ്ട്.

“രാജലക്ഷ്മിയുടെ കഥകള്‍”. തൃശൂര്‍: കറന്‍റ് ബുക്സ്, ജൂലൈ 1993.

Extracts

Women Writers of Kerala

View all Authors