Priya A. S.

പ്രിയ. എ. എസ്

ആലപ്പുഴയിലെ എരമല്ലൂരില്‍ ജനിച്ചു. കെ. ആര്‍. സദാശിവന്‍ നായരുടെയും കെ. ആനന്ദവല്ലിയുടെയും മകള്‍. കുത്തിയതോട് ഇ. സി. എ. കെ. യൂണിയന്‍ ഹൈസ്ക്കൂളിലും തൃക്കാക്കര ഭാരതമാതാ കോളേജിലും ഏറണാകുളം മഹാരാജാസ് കോളേജിലും റിട്ട. പ്രൊഫ. മധുകര്‍ റാവുവിന്‍റെയടുത്തുമായി വിദ്യാഭ്യാസം. കുറച്ചുനാള്‍ എറണാകുളത്തെ ജലീറ്റ, ഇന്നോവേഷന്‍സ് എന്നീ പരസ്യ എജന്‍സികളില്‍ കോപ്പി റൈറ്റര്‍ ആയിസേവനം അനുഷ്ഠിച്ചു. 1986 മുതല്‍ കഥകളെഴുതുന്നു. “ഓരോരോ തിരിവുകള്‍” (1994), “പ്രിയ എ. എസ്സിന്‍റെ കഥകള്‍” (1999), “മഞ്ഞമരങ്ങള്‍ ചുറ്റിലും” (2002) “ജാഗരൂക” (2002), “ഒഴുകില്‍ ഒരില” (2003, ഓര്‍മ്മക്കുറിപ്പ്), “മായക്കാഴ്ച്ചകള്‍” (2004, ലേഖനസമാഹാരം), “ജന്‍മാന്തരവാഗ്ദാനങ്ങള്‍” (“അിരശലിേ ജൃീാശലെെ” എന്ന നോവലിന്‍റെ മലയാള പരിഭാഷ) എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. അരുന്ധതി റോയിയുടെ “ഗോഡ് ഓഫ് സ്മോള്‍ തിങ്സ്” “കുഞ്ഞുക്യത്യങ്ങളുടെ ഒടേ തമ്പുരാന്‍” എന്ന പേരില്‍ പരിഭാഷപ്പെടുത്തി. ഗൃഹലക്ഷമി അവാര്‍ഡ്, അങ്കണം അവാര്‍ഡ്. എസ്. ബി. ഐ. അവാര്‍ഡ്, വി. കെ. ഉണ്ണികൃഷ്ണന്‍ സ്മാരക അവാര്‍ഡ് (വിവര്‍ത്തനത്തിന്), യുവസാഹിത്യകാരികള്‍ക്കുളള ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ്, രാമുകാര്യാട്ട് പ്രത്യേക പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 2004 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് “ജാഗരൂക” എന്ന കഥാസമാഹാരത്തിന് ലഭിച്ചു. ഏറ്റവും ലളിതമായി തനിക്കുളള പറയാനുളള കാര്യങ്ങള്‍ പറയാന്‍ പ്രിയയ്ക്ക് സാധിക്കുന്നു എന്നതാണ് പ്രിയ എ. എസിന്‍റെ കഥകളുടെ പ്രധാനഗുണം. “ഓരോരോ തിരിവുകള്‍” എന്ന സമാഹാരത്തിലെ ‘അച്ഛന്‍’ എന്ന കഥയാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. ഈ കഥയില്‍ സ്നേഹവാനായ ഒരച്ചന്‍റെ മാനസിക വ്യാപാരം മുഴുവനും വ്യക്തമായി ചിത്രീകരിക്കുന്നു. മകള്‍ തെറ്റ് ചെയ്യുന്നു എന്നറിയുമ്പോള്‍ അവളെ വഴക്കുപറയാനാവാതെ സ്വയം ആലോചിച്ച് ഒരുത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് അച്ഛന്‍. ഈ കഥകാരി പറയുന്നുണ്ട്. “ഇന്നാണറിഞ്ഞത് ഇലയനക്കങ്ങളൊക്കെ ഭംഗിയായി പറഞ്ഞു കേള്‍പ്പിച്ച കുട്ടി അവളുടെ മനസ്സിലെ അനക്കങ്ങളും ഇളക്കങ്ങളും ഒളിപ്പിച്ചു വച്ചു. എന്നിട്ട് പഴയതുപൊലെ തന്നെ ചിരിച്ചും തമാശ പറഞ്ഞും കുട്ടിയായും നടന്നു. മകള്‍ എത്ര ഭംഗിയായി അഭിനയിച്ചു എന്നോര്‍ക്കുമ്പോഴാണ് സങ്കടം. മുഖത്തൊന്നും മനസ്സില്‍ മറ്റൊന്നുമായി നടക്കുമ്പോള്‍ കുട്ടിക്ക് നീറ്റലനുഭപ്പെട്ടിട്ടുണ്ടാവില്ലേ? അവസാനം പുറമേയുളളവര്‍ പറഞ്ഞ് എല്ലാം അറിയേണ്ടിവന്നു”. ഈ കഥയില്‍ അച്ഛന്‍ സ്നേഹത്തിന്‍റെ ഒരു മഹാധാരയാകുന്നു. തന്‍റെ മകളുടെ തെറ്റുകള്‍ ക്ഷമിക്കാനും അവളെ തെറ്റില്‍ നിന്ന് പിന്‍തിരിപ്പിക്കാനുമുളള ഒരു ആത്മബലം അദ്ദേഹത്തിനുണ്ട്. “തണ്ണിമത്തനും വാങ്ങി സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ മകളുടെ മനസ്സിലെ അഴുക്കെല്ലാം തനിക്ക് എങ്ങനെയെല്ലാമോ കഴുകി കളയാനാവും എന്ന തോന്നല്‍ അച്ഛനെ നിലാവായി പൊതിഞ്ഞു”. സ്നേഹത്തിന്‍റെയെല്ലാം മൂര്‍ത്ത രൂപമാണ് പ്രിയ എ. എസിന്‍റെ ‘അച്ഛന്‍' എന്ന കഥയിലെ അച്ഛന്‍. അതുകൊണ്ടു തന്നെ വായനക്കാരുടെ മനസ്സില്‍ അച്ഛന്‍ എന്ന കഥാപാത്രം മായാതെ നില്‍ക്കുന്നു.

“ഓരോരോ തിരിവുകള്‍” (കഥകള്‍) .കോട്ടയം: കറന്‍റ് ബുക്സ്, ഒക്ടോബര്‍ 1994. “പ്രിയ എ. എസിന്‍റെ കഥകള്‍”. ആലുവ: പെന്‍ബുക്സ്, നവംബര്‍ 1999. “മഞ്ഞമരങ്ങള്‍ ചുറ്റിലും”. കോട്ടയം: ഡി. സി. ബുക്സ്, ഒക്ടോബര്‍ 2002. “ജാഗരുക” (കഥാസമാഹാരം). തൃശ്ശൂര്‍: കറന്‍റ് ബുക്സ്, ഒക്ടോബര്‍ 2002. “ഒഴുക്കില്‍ ഒരില” (ഓര്‍മ്മക്കുറിപ്പുകള്‍). കോട്ടയം:ഡി. സി. ബുക്സ്, ജൂലൈ 2003. “മായക്കാഴ്ച്ചകള്‍” (ലേഖനസമാഹാരം). കോട്ടയം: ഡി. സി. ബുക്സ്, മെയ് 2004.

Extracts

Women Writers of Kerala

View all Authors