Prasanna Kumari K.

പ്രസന്നകുമാരി കെ.

1959 ല്‍ പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ അരുവാപ്പലം എന്ന സ്ഥലത്ത് ജനിച്ചു. മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ബി. എഡും നേടി. ഇപ്പോള്‍ തിരുവനന്തപുരം ജില്ലയിലാണ് താമസം, ഹൈസ്കൂള്‍ അധ്യാപികയായി ജോലി നോക്കുന്നു. 1984 ല്‍ ഡി. സി.  ബുക്സിന്‍റെ കേസരി അവാര്‍ഡ് പ്രസന്നയുടെ "വൃത്തം" എന്ന നോവലിനു ലഭിച്ചു. നോവലിനു പുറമേ കഥ, കവിത, ലേഖനം തുടങ്ങിയവയും എഴുതാറുണ്ട്. പ്രസന്ന എന്ന പേരിലാണ് എഴുതുന്നത്.

ഒറ്റപ്പെട്ടവരും, ഏകാകികളുമെങ്കിലും സ്വന്തം ഹൃദയത്തില്‍ പ്രകാശം പരത്തുന്നവരാണ് പ്രസന്നയുടെ നോവലുകളിലെ കേന്ദ്രകഥാപാത്രങ്ങളായ സ്ത്രീകള്‍. മനോഹരമായ ഒരു ഭാഷാശൈലിയും അവര്‍ക്ക് സ്വന്തമായുണ്ട്. കഥാപാത്രങ്ങളുടെ ഹൃദയ വികാരങ്ങളെ പരമാവധി മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുള്ളതുപോലെ പ്രകൃതിയുടെ ഭാവഭേദങ്ങളെ വരച്ചുകാട്ടുന്നതിലും എഴുത്തുകാരി വിജയിച്ചിട്ടുണ്ട്. പ്രസന്നയുടെ എഴുത്തില്‍ പ്രകൃതിയും ജീവനുള്ള ഒരു കഥാപാത്രമായി മാറുന്നുവെന്നു പറയാം.

"ചൂള" എന്ന നോവലില്‍ ദുരനുഭവത്തിന്‍റെ ചൂളയില്‍ പെട്ട് ഉരുകിയൊടുങ്ങാന്‍ വിധിക്കപ്പെട്ട നന്ദിനിയുടെ ജീവിതമാണ് ആവിഷ്കരിക്കുന്നത്. കുടുംബത്തിലെ പ്രശ്നങ്ങള്‍ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ നന്ദിനി വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി, തനിക്ക് പ്രിയപ്പെട്ട വേണുവിനെ മറന്ന് പട്ടാളക്കാരനായ മാധവനെ വിവാഹം കഴിക്കുന്നു. മാധവന്‍റെ വീട്ടിലും അവള്‍ക്ക് ഒരു സ്വസ്തതയും ലഭിക്കുന്നില്ല. മാധവന്‍റെ അമ്മയുടെ നിരന്തരമായ കുറ്റപ്പെടുത്തലുകള്‍ക്കു മുന്നില്‍ അവള്‍ക്ക് നിസഹായയായി നില്‍ക്കേണ്ടി വന്നു. വിധി അവളെ വീണ്ടും പിന്‍തുടര്‍ന്നു. അധികം താമസിയാതെ യുദ്ധത്തില്‍ തന്‍റെ ഒരു കാല്‍ നഷ്ടപ്പെട്ട് മാധവന്‍ തിരിച്ചെത്തുന്നു. തുടര്‍ന്നുള്ള അവരുടെ ജീവിതത്തില്‍ മാധവനും നന്ദിനിയും മാത്രമായി. അവര്‍ക്ക് ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം ലഭിച്ചില്ല. തുടര്‍ന്നുള്ള അവളുടെ ജീവിതവും പ്രശ്നങ്ങള്‍ നിറഞ്ഞതായിരുന്നു. നന്ദിനി സ്നേഹിച്ചിരുന്ന വേണു അവളുടെ പുതിയ ഓഫീസറായി ചാര്‍ജ്ജെടുത്തതോടെ അവള്‍ ആകെ തളര്‍ന്നു പോകുന്നു. ഇത്തരത്തില്‍ ഒന്നിനു പുറകെ ഒന്നൊന്നായി അവളുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ വന്നുകൊണ്ടേയിരുന്നു. അവസാനം വേണുവും മാധവനും അവളുടെ കുടുംബവും എല്ലാം നഷ്ടപ്പെട്ട് ഭ്രാന്തമായ ഒരവസ്ഥയില്‍ അവള്‍ എത്തുമ്പോള്‍ നോവല്‍ അവസാനിക്കുന്നു. ജീവിത പ്രശ്നങ്ങളില്‍ പിടിച്ചു നില്‍ക്കാനാവാതെ ഉഴലുന്ന ഒരു മനസ്സ് എഴുത്തുകാരി അനുവാചകരുടെ മുന്നില്‍ തുറന്നു വയ്ക്കുന്നു. ആഖ്യാനത്തിലെ പ്രത്യേകതയും ലളിതമായ ഭാഷയും ഈ നോവലിനെ ശ്രദ്ധാര്‍ഹമാക്കുന്നു.

മൂന്നു നോവലുകളാണ് പ്രസന്ന കുമാരിയുടേതായി പ്രസിദ്ധീകൃതമായിട്ടുള്ളത്. അതില്‍ "ഒറ്റപ്പെട്ടവര്‍" എന്ന നോവലില്‍ ജീവിതത്തിന്‍റെ ഋതുഭേദങ്ങളില്‍ ചിരിച്ചും കരഞ്ഞും ജീവിച്ച കുറേ മനുഷ്യര്‍. അവരുടെ ദുരന്തയാത്രകളുടെയും ഒറ്റപ്പെടലിന്‍റെയും കഥയാണീ നോവല്‍. ബാല്യത്തോടൊപ്പം മനുഷ്യന് നഷ്ടമാകുന്ന കൗതുകങ്ങളെയും, സന്തോഷത്തെയും കുറിച്ചുള്ള തിരിച്ചറിവുകള്‍ പങ്കുവയ്ക്കുകയാണിവിടെ.

“വൃത്തം” (നോവല്‍). കോട്ടയം: ഡി. സി. ബുക്സ്, 1984. “ഒറ്റപ്പെട്ടവര്‍” (നോവല്‍). തൃശൂര്‍: കറന്‍റ് ബുക്സ്, 2001. “ചൂള” (നോവല്‍). ). തൃശൂര്‍:കറന്‍റ് ബുക്സ്, 2003.

Extracts

Women Writers of Kerala

View all Authors