Pavithra M. P.

എം. പി. പവിത്ര

പാലക്കാട് ജില്ലയിലെ പൊറ്റശ്ശേരിയില്‍ ജനിച്ചു. പാലക്കാട് ഗവ. വിക്റ്റോടറിയ കോളേജില്‍ നിന്നും മലയാളം സാഹിത്യത്തില്‍ രണ്ടാം റാങ്കോടെ ബിരുദം. കോഴിക്കോട് സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദം. വനിത കഥാമത്സരം (1996, 2000), പൂന്താനം ട്രസ്റ്റിന്‍റെ സംസ്ഥാന സാഹിത്യോത്സവത്തോടനുബന്ധിച്ചുള്ള ചെറുകഥാ മത്സരം, മാതൃഭൂമി വിഷുപ്പതിപ്പ് കഥാമത്സരം, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, വി. പി. ശിവകുമാര്‍ സ്മരണയ്ക്കായി നടത്തിയ സംസ്ഥാന ചെറുകഥാമത്സരം തുടങ്ങിയവയില്‍ സമ്മാനങ്ങള്‍. മലയാള മനോരമയുടെ സര്‍ഗം-2000 ചെറുകഥാമത്സരത്തില്‍ ഒന്നാം സ്ഥാനം മികച്ച കാമ്പസ് കവിതയ്ക്കുള്ള നൂപുര അവാര്‍ഡ്, തൃശൂര്‍ മലയാള പഠനഗവേഷണ കേന്ദ്രത്തിന്‍റെ കഥാപുരസ്കാരം, ഗൃഹലക്ഷ്മി ചെറുകഥാ അവാര്‍ഡ്-2000 എന്നിവയും ലഭിച്ചു. 'വിഷ്ണു പ്രിയക്കും ഒരു ദിവസം' എന്ന ചെറുകഥ ദൂരദര്‍ശനുവേണ്ടി ടെലിഫിലിം ആക്കിയിട്ടുണ്ട്. ഇപ്പോള്‍ കോയമ്പത്തൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ മലയാളം അദ്ധ്യാപിക.

                "വിശ്വാസങ്ങളില്‍ ചില സ്വപ്നദൃശ്യങ്ങള്‍" എന്ന കഥാപുസ്തകമാണ് ആദ്യ കൃതി. "പക്ഷിക്കണ്‍ ജാലകം" ആദ്യ കവിതാസമാഹാരം. ഈ സമാഹാരത്തിലെ 'വാക്കുകള്‍' എന്ന കവിതയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

                മനസ്സിന്‍റെ നീല വിഹായസ്സില്‍ പരിലസിക്കുന്ന ബോധലാവണ്യത്തിന്‍റെ ഉള്‍ത്തുടിപ്പുകളാണ് പവിത്രയുടെ രചനകള്‍. എഴുത്തിന്‍റെ രസതന്ത്രവും അകപ്പൊരുളും വിവരിക്കുന്ന കവിതയാണ് വാക്കുകള്‍. അഗ്നി-സ്ഫുലിംഗങ്ങള്‍ നീട്ടി എഴുത്തുകാരിയുടെ മനസ്സിനെ തൊടുകയാണ് വാക്കുകള്‍. ചെഞ്ചോര നിറമുള്ള താമരപ്പൂ പോലെ, കരളു പൊട്ടിത്തെറിക്കുന്ന വേദനയോടെ ഉള്ളില്‍ വാക്കുകള്‍  വിരിഞ്ഞു നിറയുന്നു. മഴപ്പാട്ടിന്‍റെ ഈണം പോലെ, സ്പര്‍ശത്തിന്‍റെ അരുമയാം നിറവില്‍ നെഞ്ചിലേക്ക് പെയ്തിറങ്ങുകയാണു വാക്കുകളെന്നു കവയിത്രി സാക്ഷ്യപ്പെടുത്തുന്നു.

“പക്ഷിക്കണ്‍ ജാലകം” (കവിതകള്‍) – മാവേലിക്കര: ഫേബിയന്‍ ബുക്സ്, 2006.

Extracts

Women Writers of Kerala

View all Authors