Dr. P. G. Padmini

ഡോ. പി. ജി. പത്മിനി

വയനാട് ജില്ലയിലെ കാര്‍ട്ടിക്കുളത്ത് ജനിച്ചു. മാനന്തവാടി ഗവ. ഹൈസ്കൂള്‍, കോഴിക്കോട് പ്രോവിഡന്‍സ് കോളേജ്, തലശ്ശേരി ബ്രണ്ണന്‍ കോളേജ്, തലശ്ശേരി ഗവ. ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കോഴിക്കോട് സര്‍വ്വകാലശാലയില്‍ ഡോ. ടി. പി. സുകുമാരന്‍റെ മേല്‍നോട്ടത്തില്‍ ‘പണിയഭാഷയിലെ പ്രാദേശിക വൈജാത്യങ്ങള്‍’ എന്ന വിഷയത്തില്‍ ഡോക്ടര്‍ ബിരുദം. ഇപ്പോള്‍ കണ്ണൂര്‍ എസ്. എന്‍. കോളേജ് മലയാളം വിഭാഗം അധ്യക്ഷ. “കാട്ടുതേന്‍”, “ചാത്തന്‍ കുറുക്കനും ഭൂമിദേവിയും” (ബാലസാഹിത്യം), “കാട്ടുജീവിതത്തിന്‍റെ സ്പന്ദനാളങ്ങള്‍” (ആദിവാസി പഠനം), “ആദിവാസിക്കഥകള്‍” (2008) എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. ആദിവാസികള്‍ക്കിടയില്‍ പ്രചരിച്ചിരുന്ന കഥകളുടെ സമാഹാരമാണ് ഡോ. പി. ജി. പത്മിനി “ആദിവാസി കഥകള്‍” എന്ന പേരില്‍ പ്രസിദ്ധീകരിച്ചത്. ആദിവാസി കഥ പറച്ചിലുകാര്‍ പറഞ്ഞുകേള്‍പ്പിച്ച കഥകളുടെ മലയാളപരിഭാഷയാണ് ഈ കഥാസമാഹാരം. കഥാഘടനയിലോ ഉള്ളടക്കത്തിലോ യാതൊരു മാറ്റവും വരുത്താതെയുള്ള പരിഭാഷ. ഈ കഥകളുടെ സൂക്ഷ്മ വിശകലനത്തിലൂടെ ആദിവാസി ജീവിതത്തിലെ സമകാലിക യാഥാര്‍ത്ഥ്യങ്ങളെ കുറിച്ചും അവരുടെ കഥകളിലെ ഭാവനാവ്യാപാരങ്ങളെക്കുറിച്ചും ആദിവാസികളുടെ പൊതുബോധത്തില്‍ മേല്‍ക്കോയ്മ നേടിക്കൊണ്ടിരിക്കുന്ന ആശയങ്ങളെക്കുറിച്ചുമെല്ലാം മനസ്സിലാക്കാന്‍ സാധിക്കുന്നു. ‘കുറുക്കത്തിപ്പെണ്ണിന്‍റെ ബുദ്ധി’ എന്ന കഥയാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. സിംഹവും കുറുക്കനും കുറുക്കന്‍റെ മകളുമാണ് ഈ കഥയിലെ കഥാപാത്രങ്ങള്‍. ജട കൊഴിഞ്ഞുപോകല്‍ എന്ന അസുഖം ബാധിച്ച സിംഹം കാട്ടിലെ വ്യത്യസ്ത മൃഗവിഭാഗങ്ങളുടെ വൈദ്യന്‍മാരെ വരുത്തുകയും മരുന്ന് ഫലിക്കുന്നില്ലെന്ന് കാണുമ്പോള്‍ അവരെ ഓരോരുത്തരായി കൊന്നു തിന്നുകയും ചെയ്യുന്നു. ഒടുവില്‍ കുറുക്കന്‍ വൈദ്യന്‍റെ ഊഴമെത്തിയപ്പോള്‍ ബുദ്ധിമതിയായ മകള്‍ അച്ഛന് ഇങ്ങനെ നിര്‍ദ്ദേശം നല്‍കുന്നു. “അച്ഛന്‍ ഈ മരുന്നേല്‍പ്പിക്കുമ്പോള്‍ സിംഹത്തോട് പറയണം. ഈ മരുന്ന് ഒരിക്കലും അങ്ങയുടെ ഭാര്യ കാണരുത്. കണ്ടാല്‍പ്പിന്നെ തേച്ചിട്ട് കാര്യമില്ല. ഫലിക്കില്ല. മറ്റൊന്നും എന്നോട് ചോദിക്കരുത്. മകളുടെ ഉപദേശം കുറുക്കന്‍ വൈദ്യരുടെ ജീവന്‍ രക്ഷിക്കുന്നു. ഭാര്യകാണാതെ കഴിക്കണം എന്ന വൈദ്യരുടെ ഉപദേശത്തിന്‍റെ രഹസ്യമെന്താകാം എന്ന് സിംഹം വേവലാതിപ്പെട്ട് ആലോചിച്ചു തുടങ്ങുന്നു. ജടകൊഴിഞ്ഞു പോയ തന്നെ അവള്‍ പറ്റിക്കുന്നുണ്ടോ, അവള്‍ മറ്റേതെങ്കിലും സിംഹത്തെ സ്നേഹിക്കുന്നുണ്ടോ എന്നൊക്കെ ആലോചിച്ചാലോചിച്ച് സിംഹം ഒടുവില്‍ മനസ്സും ശരീരവും തകര്‍ന്ന് മരിക്കുന്നു. അങ്ങനെ കുറുക്കന്‍ വൈദ്യന്‍ ഉള്‍പ്പെടെ കാട്ടിലെ അവശേഷിച്ച മറ്റു വൈദ്യന്‍മാരെല്ലാം രക്ഷപ്പെടുന്നു. സിംഹത്തിന്‍റെ മനസ്സ് തളര്‍ന്നതോടെ സ്വയം ഇല്ലാതാവുകയാണ്. മനുഷ്യമനസ്സും ഇത്തരത്തിലുള്ളതാണ്. മനസ്സിന്‍റെ വ്യാപാരങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ഈ കഥ ആദിവാസികഥകില്‍ ശ്രദ്ധേയമാകുന്നു.


Extracts

Women Writers of Kerala

View all Authors