Niyathi R. Krishna

നിയതി ആര്‍. കൃഷ്ണ

1989 ല്‍ കൊല്ലം ജില്ലയിലെ പുനലൂരില്‍ ജനിച്ചു. നഴ്സറി വിദ്യാര്‍ത്ഥിനിയായിരിക്കെ തന്നെ സാഹിത്യവാസന പ്രകടിപ്പിച്ചു തുടങ്ങി. സ്കൂള്‍ വിദ്യാര്‍ത്ഥിനി ആയിരിക്കെ കവിതാ രചന, കഥാരചന, ഉപന്യാസരചന, അക്ഷരശ്ലോകം, പ്രസംഗം, കഥാപ്രസംഗം, അഭിനയം, നൃത്തം എന്നീ മേഖലകളിലുള്ള മത്സരങ്ങളില്‍ പങ്കെടുക്കുകയും നിരവധി സമ്മാനങ്ങള്‍ നേടുകയും ചെയ്തു. 2002 ല്‍ ജില്ലാ സ്കൂള്‍ യുവജനോത്സവത്തില്‍ കവിതാ രചനയ്ക്ക് ഒന്നാം സമ്മാനം ലഭിച്ചു. അതേ വര്‍ഷം സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ കവിതാ രചനയ്ക്ക് മൂന്നാം സമ്മാനവും ലഭിച്ചു. 1997 ല്‍ മനോരമ ബാലജനസഖ്യത്തിന്‍റെ സര്‍ഗ്ഗോത്സവത്തില്‍ കവിയ്ക്ക് ഒന്നാം സമ്മാനം, 1998 ല്‍ അതേ മത്സരത്തില്‍ കവിതയ്ക്കും കഥയ്ക്കും ഒന്നാം സമ്മാനം നേടി. 2000 ത്തില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ദേശീയ പാലശ്രീ ക്യാമ്പിലും, ഇന്ത്യന്‍ പൊയട്രി സൊസൈറ്റിയുടെ 2001 ലെ ദേശീയ കവിതാ ക്യാമ്പിലും പങ്കെടുത്തു. പന്ത്രണ്ടാം വയസ്സില്‍ ആദ്യ കവിതാസമാഹാരമായ ڇകറുകനാമ്പുകള്‍ڈ പ്രസിദ്ധീകരിച്ചു. രണ്ടാമത്തെ കവിതാ സമാഹാരമായ "മാധവം"(2003) ല്‍ പ്രസിദ്ധീകരിച്ചു. ڇപൂക്കളുടെ രാജകുമാരിക്ക് പറയാനുള്ളത്ڈ എന്ന കവിതാസമാഹാരം അച്ചടിയിലാണ്. ആനുകാലികങ്ങളില്‍ നിയതികളുടെ കവിതകള്‍ പ്രസിദ്ധീകരിക്കാറുണ്ട്.

"മാധവം" പ്രസിദ്ധീകരിക്കുമ്പോള്‍ പതിനാല് വയസ്സാണ് നിയതിക്ക്. കവിതയില്‍ സ്വപ്നങ്ങളുണ്ട്, നിലാവുണ്ട്, മഴയുണ്ട്, ശ്രീകൃഷ്ണനുമുണ്ട്. സമാഹാരത്തിലെ 'അച്യുതം' എന്ന ആദ്യ കവിത ബാല്യത്തിന്‍റെ നിഷ്കളങ്കതയുള്ള പ്രാര്‍ത്ഥനയാണ്. 'ദുരിതബാല്യങ്ങള്‍' എന്ന കവിതയിലാകട്ടെ വ്യത്യസ്തമായൊരു ദൈവസങ്കല്പത്തെ കണ്ടെടുക്കുന്നുണ്ട് നിയതി.

അഷ്ടിതേടിയലയുന്ന കുഞ്ഞില്‍

ദൃഷ്ടിയൂന്നി നാം ധ്യാനിച്ചു നിന്നാല്‍

ഇഷ്ടദേവന്‍ വിളയാടി നില്ക്കും

സത്യമാണതെന്‍ സങ്കല്‍പ്പമല്ല.

വിശപ്പടക്കാനായി തൊഴിലെടുക്കുന്ന കുഞ്ഞുങ്ങളിലാണ് കവി ഈശ്വരനെ കാണുന്നത്. ബാല്യ-കൗമാരത്തിന്‍റെ ഉത്കണ്ഠകളാല്‍ ഊഷ്മളമാണ് നിയതിയുടെ കവിതകള്‍.

നിയതി ആര്‍ കൃഷ്ണയുടെ 'തോരാതെ' എന്ന കവിതയാണ് ഇവിടെ ചേര്‍ത്തിട്ടുള്ളത്."പൂക്കളുടെ രാജകുമാരിക്ക് പറയാനുള്ളത്" എന്ന സമാഹാരത്തില്‍ നിന്ന് എടുത്തിട്ടുള്ളതാണ് ഈ കവിത. പ്രണയത്തെ, കാമുകനെ മഴയായി സങ്കല്പിച്ചു കൊണ്ടു എഴുതിയിട്ടുള്ള കവിതയാണ് തോരാതെ

അടങ്ങാത്ത അഭിനിവേശം

തീരാത്ത മോഹം

അവനെ ഞാന്‍

മഴയെന്നു വിളിച്ചു

അകലെയായാലും അരികിലായാലും മതിവരാത്ത സ്നേഹം ആയവന്‍, അപ്രതീക്ഷിതമായി വന്നാലാകട്ടെ എന്നെ പുതുമണ്ണിന്‍റെ മണം അറിയിക്കുന്നതും. മനസ്സില്‍ മഴപോലെ പെയ്യുന്ന പ്രണയത്തിന്‍റെ ആദ്യാനുഭൂതിയെ കുറിച്ചാണ് 'തോരാതെ' എന്ന കവിത. ഇപ്പോള്‍ വിമന്‍സ് സ്റ്റഡീസില്‍ എം. എ. ചെയ്യുകയാണ് നിയതി.

“കറുകനാമ്പുകള്‍”. നൂറനാട്: ഉണ്മ, പബ്ലിക്കേഷന്‍സ്, 2001. “മാധവം”. കൊല്ലം, സൈന്ധവ ബുക്സ്, 2003.

Extracts

Women Writers of Kerala

View all Authors