Nirmala Rajagopal

നിര്‍മ്മലാ രാജഗോപാല്‍

1947 മാര്‍ച്ച് 12 ന് ആലപ്പുഴയില്‍ ജനിച്ചു. കരുവേലില്‍ വി. കെ. കൃഷ്ണന്‍ നായരുടെയും സി. ജെ. മീനാക്ഷിക്കുട്ടിയമ്മയുടെയും മകള്‍. ആലപ്പുഴ എസ്. ഡി. കോളേജില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദം നേടി. ബോംബൈയില്‍ അക്കൗണ്ടന്‍റ് ജനറലിന്‍റെ (മഹാരാഷ്ട്ര) ഓഫീസില്‍ സീനിയര്‍ ആഡിറ്ററായി പതിനൊന്നു കൊല്ലത്തെ സേവനത്തിനു ശേഷം 1981 ല്‍ തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്പേയ്സ് സെന്‍ററിന്‍റെ ആഡ് ഓഫീസിലേക്ക് സ്ഥലം മാറ്റമായി. 2004 മെയ് 31 ന് സര്‍വ്വീസില്‍ നിന്നും സ്വയം വിരമിച്ചു.

"അര്‍ച്ചനപ്പൂക്കള്‍"'( 2002) "ബാല്യകിരണങ്ങള്‍ (2006), "ഭൂമിയുടെ വിലാപം" (2009) എന്നീ കവിതാ സമാഹാരങ്ങളാണ് പ്രസിദ്ധീകരിച്ച കൃതികള്‍. ധാരാളം ലളിതഗാനങ്ങള്‍ ആകാശവാണിയില്‍ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. കവിതകള്‍, ലേഖനങ്ങള്‍, പുസ്തകനിരൂപണങ്ങള്‍ തുടങ്ങിയവ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കാറുണ്ട്. 2006 - 2009 ല്‍ അഖില കേരള അക്ഷശ്ലോക മത്സരങ്ങളില്‍ 9 അവാര്‍ഡുകള്‍ നേടി. സാഹിത്യ സാംസ്കാരിക സംഘടനകളില്‍ സാമൂഹ്യവിചാരണ എന്ന സംഘടനയുടെ വൈസ് പ്രസിഡന്‍റായും വിശ്വവേദി മാസികയുടെ അസ്സോസിയേറ്റ് എഡിറ്ററായും പ്രവര്‍ത്തിക്കുന്നു.

നന്മയുടെ നറുവെളിച്ചം പൊഴിയ്ക്കുന്ന കൃതികളാണ് നിര്‍മ്മലാ രാജഗോപാലിന്‍റേത്. അശാന്തവും അസ്വസ്ഥവുമായി മനസ്സിനും സംശുദ്ധിയും സാന്ത്വനവുമരുളുന്ന പ്രകാശതീര്‍ത്ഥമാണ് എഴുത്തുകാരിയുടെ ڇബാല്യകിരണങ്ങള്‍ڈ എന്ന കവിതാ സമാഹാരത്തിലെ മിക്ക കൃതികളും. പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന്‍റെ ഫലമായി മനുഷ്യര്‍ അനുഭവിയ്ക്കേണ്ടി വരുന്ന വിപത്തുകള്‍ ആണ് 'സര്‍വ്വം സഹ' എന്ന കവിതയില്‍ ആവിഷ്കരിച്ചിരിയ്ക്കുന്നത്. എന്തും സഹിക്കുന്ന പ്രകൃതീശ്വരിയെ വേണ്ടതിലധികം ചൂഷണം ചെയ്യുന്ന മനുഷ്യര്‍, അതിന്‍റെ ഫലമായി സുനാമി പോലുള്ള വിപത്തുകള്‍ അനുഭവിയ്ക്കേണ്ടി വരുന്നതും മനുഷ്യന്‍ തന്നെ എന്ന സത്യം എഴുത്തുകാരി വ്യക്തമാക്കുന്നു. മനുഷ്യന്‍റെ ക്രൂരതയും വഞ്ചനയും സ്നേഹമില്ലായ്മയും അഹങ്കാരവും മൂലം ലോകം നാശത്തിന്‍റെ പാതയിലേയ്ക്ക് നടന്നു തുടങ്ങിയിരിക്കുന്നു.

നിന്‍മക്കളാകും നവയുഗ ശില്പികള്‍

പായുന്നു ദിഗ്വിജയം നടത്തീടുവാന്‍

എല്ലാം പിടിച്ചടക്കീടും നിമേഷത്തി-

ലെന്നോരഹന്തയില്‍ താനേ മറക്കുന്നു.

അതില്‍ നിന്നും മടങ്ങിവന്ന് പ്രകൃതിയുടെ മടിത്തട്ടില്‍ ശയിക്കാന്‍ എഴുത്തുകാരി ഉദ്ബോധിപ്പിക്കുന്നു. സവിശേഷ ഭാവചാരുതയോടെയുള്ള ആത്മസമര്‍പ്പണത്തിന്‍റെ കവിതയാണ് എഴുത്തുകാരിയുടേത്.

“അര്‍ച്ചനപ്പൂക്കള്‍” (കവിതാസമാഹാരം). ആലുവ: പെന്‍ബുക്സ്, 2002. “ബാല്യകിരണങ്ങള്‍” (കവിതാസമാഹാരം). ആലുവ: പെന്‍ബുക്സ്, 2006. “ഭൂമിയുടെ വിലാപം” (കവിതാസമാഹാരം). തിരുവനന്തപുരം: ഇസഡ് ലൈബ്രറി, പരിധി, 2009.

Extracts

Women Writers of Kerala

View all Authors