Nirmala James

നിര്‍മ്മല ജെയിംസ്

1957 ജൂലൈ 24 ന് കൊല്ലം ജില്ലയിലെ കടയ്ക്കല്‍ ജനിച്ചു. എസ്. മാത്യു കയ്പന്‍ പ്ലാക്കലിന്‍റെയും ജെയിനമ്മ മാത്യുവിന്‍റെയും മകള്‍. കോഴിക്കോട് സെന്‍റ് ആന്‍റണീസ് സ്കൂളില്‍ അധ്യാപിക. ഓയില്‍ പെയിന്‍റിങ്ങിലും ശില്‍പ്പ നിര്‍മ്മാണത്തിലും തത്പരയായ ഈ എഴുത്തുകാരി 2007-ലെ സംസ്ഥാന അധ്യാപക അവാര്‍ഡ് ഉള്‍പ്പെടെ പുരസ്കാരങ്ങള്‍ക്കര്‍ഹയായിട്ടുണ്ട്.

"സ്നേഹത്തിന്‍റെ പൂക്കള്‍", "മാവമ്മാവന്‍", "കന്നാലിപ്പയ്യനും തീനാളിപ്പെണ്ണും", "കൊച്ചിലാത്തിയും കാട്ടാളനും", "അശരണരുടെ ആകാശം" എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍.

ഇന്ത്യന്‍ ബാല്യത്തിന്‍റെ കരിഞ്ഞ സ്വപ്നങ്ങള്‍ ആണ് നിര്‍മ്മല ജെയിംസ് കഥകള്‍ക്ക് ആധാരമായി തിരഞ്ഞെടുത്തിരിക്കുന്നത്. "അശരണരുടെ ആകാശം" എന്ന നോവലില്‍ ജീവിത യാഥാര്‍ത്ഥ്യത്തിന്‍റെ പൊള്ളയായ പൊയ്മുഖം ആണ് ആവിഷ്കരിച്ചിരിക്കുന്നത്. കലാപഭൂമിയില്‍ നിന്നും അനാഥയാക്കി വലിച്ചെറിയപ്പെട്ട ഹേമ എന്ന പെണ്‍കുട്ടി - വിവിധ നഗരങ്ങളിലെ തെരുവുകളില്‍ അലയേണ്ടി വന്ന അവളുടെ ജീവതത്തിലെ നേര്‍ക്കാഴ്ചകളാണ് ഈ നോവലില്‍ ചിത്രീകരിക്കുന്നത്. അനാഥരായ കുട്ടികളെ സംരക്ഷിക്കുന്ന സംഘടനകള്‍ തന്നെ കുട്ടികളെ ചൂഷണം ചെയ്യുന്നു. തെരുവോരങ്ങളില്‍ അലഞ്ഞു തിരിയുന്ന ബാല്യങ്ങളും അനാഥാലയങ്ങളില്‍ എത്തപ്പെട്ട കുഞ്ഞുങ്ങളും എല്ലായിടത്തും യാതനകള്‍ ഏറ്റുവാങ്ങേണ്ടി വരുന്നു. ഇതിനെതിരെയുള്ള എഴുത്തുകാരിയുടെ പ്രതിഷേധം കൂടിയാണ് ഈ നോവല്‍.

“സ്നേഹത്തിന്‍റെ പൂക്കള്‍”. “മാവമ്മാവന്‍”. “കന്നാലിപ്പയ്യനും തീനാളിപ്പെണ്ണും”. “കൊച്ചിലാത്തിയും കാട്ടാളനും”. “അശരണരുടെ ആകാശം”. കോട്ടയം: കറന്‍റ് ബുക്സ്, 2008.