Dr. P. Nirmala Devi

ഡോ. പി. നിര്‍മ്മലാ ദേവി

1947 ജനുവരി 17 ന് പി. എന്‍. രാമചന്ദ്രപ്പണിക്കരുടെയും കെ. പി. പത്മാക്ഷിയുടെയും മകളായി ഇലവുന്തിട്ടയില്‍ ജനിച്ചു. സരസകവി മൂലൂര്‍ സ്മാരക യു. പി. സ്കൂള്‍ ചന്ദനക്കുന്ന്, പത്മനാഭോദയം ഹൈസ്കൂള്‍ മെഴുവേലി, അസംപ്ഷന്‍ കോളേജ് ചങ്ങനാശേരി, ശ്രീനാരായണ കോളേജ് കൊല്ലം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എം. എ. (മലയാളം) 1999 ല്‍ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ നിന്ന് പി. എച്ച്. ഡി. ബിരുദങ്ങള്‍ കരസ്ഥമാക്കി. 1970 മുതല്‍ വിവിധ ശ്രീനാരായണ കോളേജുകളില്‍ അധ്യാപിക. ഇപ്പോള്‍ ചെമ്പഴന്തി ശ്രീനാരായണ കോളേജില്‍ മലയാളം വിഭാഗം അധ്യക്ഷ.

"മൂലൂര്‍ കൃതികളിലെ സാമൂഹിക രാഷ്ട്രീയ പ്രതിഫലനം"എന്ന ഒറ്റ കൃതികൊണ്ടുതന്നെ ശ്രദ്ധേയമാണ് ഡോ. പി. നിര്‍മ്മലാദേവി. സാഹിത്യലോകത്തിന് ഒരിക്കലും മറക്കാനാവാത്ത പ്രതിഭയാണ് സരസകവി മൂലൂര്‍ എസ് .പത്മാനാഭ പണിക്കര്‍. അദ്ദേഹത്തിന്‍റെ കൃതികളുടെ പഠനത്തിലൂടെ ഗ്രന്ഥകാരിയും മികച്ച ദൗത്യമാണ് ഏറ്റെടുത്തത്. ഗവേഷണ പ്രബന്ധം എന്നതിലുപരി വളരെ ഏറെ ചരിത്രമൂല്യമുള്ള ഒരു കൃതിയാണിത്. എന്തെന്നാല്‍ അന്നത്തെ രാഷ്ട്രീയ സാമൂഹിക അവസ്ഥകളെ മനസ്സിലാക്കാനും അദ്ദേഹത്തിന്‍റെ കവിവ്യക്തിത്വത്തെ തൊട്ടറിയാനും കൃതി നമ്മെ സഹായിക്കുന്നു.

ഗവേഷണ പ്രബന്ധമായ "മൂലൂര്‍ കൃതികളില്‍ സാമൂഹിക രാഷ്ട്രീയ പ്രതിഫലനം" എന്ന കൃതിയിലെ വളരെ മികച്ച അധ്യായമാണ് 'മൂലൂരും കാലഘട്ടവും പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ സാമൂഹിക ചിത്രം'. ഒരു കാലഘട്ടത്തിന്‍റെ നന്മതിന്മകളെ മനസ്സിലാക്കാന്‍ ഈ അധ്യായം നമ്മെ സഹായിക്കുന്നു. ജനങ്ങളുടെ ഇടയില്‍ നിലനിന്ന അയിത്തവും ദുരാചാരങ്ങളും അതിനെതിരെ നടന്ന പോരാട്ടങ്ങളും എല്ലാം തന്നെ ഇവിടെ ചര്‍ച്ചചെയ്യുന്നുണ്ട്. ആധ്യാത്മിക ചിന്തകരുടെ പ്രവര്‍ത്തനവും സാമുദായിക സംഘടനകളുടെ ഉദയവുമെല്ലാം ഈ കാലഘട്ടത്തിലാണ് ഉണ്ടായത്. അവയുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തെ ഏതെല്ലാം രീതിയില്‍ സ്വാധീനിച്ചു എന്ന് ഈ ലേഖനം ചര്‍ച്ച ചെയ്യുന്നു. ഒന്നാം അധ്യായം എന്ന നിലയിലും അന്നത്തെ രാഷ്ട്രീയ സാമൂഹിക അവസ്ഥകളുടെ പ്രതിഫലനം  ഉള്‍ക്കൊള്ളുന്നതുകൊണ്ടും ഇത് വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. മൂലൂര്‍കൃതികളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ അന്നത്തെ സാഹിത്യത്തിലും സമൂഹത്തിലും ഉണ്ടായ മാറ്റങ്ങളെ ചര്‍ച്ച ചെയ്യുന്നതിലൂടെ വളരെയേറെ വിലപ്പെട്ട വിവരങ്ങളാണ് സഹൃദയര്‍ക്ക് ഗവേഷക സമ്മാനിക്കുന്നത്.

“മൂലൂര്‍ കൃതികളിലെ സാമൂഹിക രാഷ്ട്രീയ പ്രതിഫലനം”. തോന്നയ്ക്കല്‍: കുമാരന്‍ ആശാന്‍ സ്മാരകം, ജനുവരി 2002.