Meera U. Menon

മീര യു. മേനോന്‍

1989 ജൂലൈ 28 ന് ജനിച്ചു. ജയശ്രീ മേനോനും കെ. ജി. ഉണ്ണികൃഷ്ണനും മാതാപിതാക്കള്‍. തൃപ്പൂണിത്തുറ പ്രഭാത് പബ്ലിക് സ്കൂള്‍, എന്‍. എസ്. എസ്. ഹൈസ്കൂള്‍, ചിډയ സ്കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മലയാളം, ഇംഗ്ലീഷ് പ്രസംഗം, വായനാ മത്സരം, വാര്‍ത്തവായന, ഡിബേറ്റ്, കവിതാരചന, കവിതാലാപനം എന്നീ ഇനങ്ങളില്‍ പഠനകാലത്ത് സമ്മാനങ്ങള്‍ നേടി. സംസ്കാരസാഹിതി, ഇന്‍ഷ്വറന്‍സ് യൂണിയന്‍ എന്നീ സംഘടനകളുടെ അംഗീകാരങ്ങള്‍ നേടി. മണിപ്പാല്‍ യൂണിവേഴ്സിറ്റിയില്‍ ജേര്‍ണലിസം ബിരുദവിദ്യാര്‍ത്ഥിനിയാണ് ഇപ്പോള്‍. നാല്‍പ്പതിലധികം കവിതകളെഴുതി. വിവിധ പ്രസിദ്ധീകരണങ്ങളില്‍ രചനകള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. “ഒരു ഹൃദയത്തിന്‍റെ യാത്ര” ആണ് പ്രസിദ്ധീകരിച്ച കൃതി. ഈ സമാഹാരത്തിലെ ‘രാധയോ മീരയോ’ എന്ന കവിതയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡോ. കെ. ജി. പൗലോസ് അവതാരികയില്‍ ഈ കവിതയെ നിരൂപണ വിധേയമാക്കുന്നത് ശ്രദ്ധേയമാണ്. മയില്‍പ്പീലിക്കും തുളസിപ്പൂവിനും ഗദ്ഗദങ്ങള്‍ക്കുമപ്പുറം പറക്കാന്‍ തന്‍റെ പക്ഷിക്ക് പേശീബലമുണ്ടെന്നു വ്യക്തമാക്കുന്നു ‘രാധയോ മീരയോ’ എന്ന ലഘു കവിത. ലളിതമാണിതിന്‍റെ ഘടന. കാര്‍വര്‍ണ്ണനോടൊരു ചോദ്യം - രാധയെയോ മീരയെയോ ആരെയാണ് കണ്ണന് കൂടുതലിഷ്ടം. രാധ കളിത്തോഴിയാണ്, പ്രണയാതുരയാണ്. പാദങ്ങളില്‍ പൂമാലയര്‍പ്പിക്കുന്ന ഭക്തയാണ് മീര. രണ്ടുമെനിക്കിഷ്ടമാണെന്ന ഒഴുക്കന്‍ മറുപടിയല്ല കവിക്കു വേണ്ടത്. പ്രേമവും ഭക്തിയും രതിയുടെ തന്നെ ഭാവങ്ങളാണ്. രാസവിലാസ വിലോല രസാകുലമാണ് രാധാമാധവസങ്കല്പം. പ്രണയത്തിന്‍റെ പ്രതീകമാണത് - രതിതന്നെ. വിരക്തിയിലേക്ക്, വൈരാഗ്യത്തിലേക്കു നയിക്കുന്ന കൈവല്യത്തിലര്‍ത്ഥം കണ്ടെത്തുന്നതാണ് ഭക്തി. മൗലികമായ ഈ ഭേദം രതി വിരതികള്‍ക്കു തമ്മിലുണ്ട്. ഇവ പണ്ടും കണ്ണനില്‍ സംഗമിക്കുന്നു എന്നതാണ് ഇവിടെയുള്ള വൈരുദ്ധ്യം. പ്രേമ പ്രകര്‍ഷാത്മകമായൊരു ഭാവതലം സൃഷ്ടിച്ച് പ്രേമഭക്തിയെന്ന ഓമനപ്പേരില്‍ ഈ കുരുക്കഴിക്കാന്‍ പലരും ശ്രമിച്ചിട്ടുണ്ട്. ദാര്‍ശനികതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ് ഈ വിഷയം. മീരയുടെ കാവ്യലോകം കൗമാരമൃദുലതകളില്‍ നിന്ന് വളര്‍ന്ന് എല്ലുറപ്പും മെയ്ക്കൊഴുപ്പും നേടുന്നു എന്നതിന് സാക്ഷ്യമാണ് ഈ കവിത.

“ഒരു ഹൃദയത്തിന്‍റെ യാത്ര” (കവിതകള്‍). നൂറനാട്: ഉണ്‍മ പബ്ലിക്കേഷന്‍സ്, 2009.

Extracts

Women Writers of Kerala

View all Authors