Mariamma

മറിയമ്മ

1970 ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ കഥാമത്സരത്തില്‍ 'മുനമ്പ്' എന്ന കഥയിലൂടെ നവഭാവുകത്വം സൃഷ്ടിച്ച ജേക്കബ് വര്‍ഗീസ് എഴുത്തിനായി സ്വീകരിച്ച പെണ്‍നാമത്തിന്‍റെ യഥാര്‍ത്ഥ ഉടമ. സഹോദരിയായ മറിയമ്മയുടെ പേര് കടം വാങ്ങിയാണ് ജേക്കബ് വര്‍ഗീസ് കഥാജീവിതം ആരംഭിച്ചത്. സഹോദരിയുടെ പേരില്‍ വീട്ടില്‍ വന്നു കുമ്പാരം കൂടിയ ആരാധകരുടെ കത്തുകളുടെ തീക്ഷ്ണത അച്ഛനെ വിഷമിക്കുന്നെന്നു മനസ്സിലാക്കിയപ്പോള്‍ സഹോദരന്‍ കഥയെഴുത്തു നിര്‍ത്തി. മുല്ലപ്പൂമ്പൊടിയേറ്റ യഥാര്‍ത്ഥ മറിയമ്മ ഡയറിയില്‍ ഒരു കഥയെഴുതി - "നഗരത്തിലെ കുട്ടി". കഥാകാരനായ ജോര്‍ജ് ജോസഫ് കെ. യാണ് ഈ കഥ കണ്ടെടുത്തതും മലയാള മനോരമ വാര്‍ഷികപ്പതിപ്പില്‍ പ്രകാശിപ്പിച്ചതും.

 

എരുമേലിക്കടുത്ത് കൊരട്ടിയിലാണ് മറിയമ്മയുടെ ജനനം. ഇരുപ്പക്കാട്ട് ഇ. വി. ചാക്കോയും അന്നമ്മയുമാണ് അച്ഛനമ്മാര്‍. ഇവരുടെ എട്ടു മക്കളിലെ പെണ്‍മക്കളില്‍ മൂത്തവളായിരുന്നു മറിയമ്മ. മൂത്ത മകനായിരുന്നു ജേക്കബ് വര്‍ഗീസ്. തന്‍റെ പേരിലാണെങ്കിലും ചേട്ടന്‍ എഴുതി വലിയ ആളാകട്ടെയെന്ന തീരുമാനത്തില്‍, ആ ഉയര്‍ച്ചയ്ക്കായി എത്ര വലിയ കുരിശു ചുമക്കാനും മറിയമ്മ തയ്യാറായി.

 

മറിയമ്മ എന്ന എഴുത്തുകാരിയെക്കുറിച്ചുള്ള സത്യങ്ങള്‍ പുറത്തുവന്നത് 2011 ലെ മലയാളമനോരമ വാര്‍ഷികപ്പതിപ്പിലൂടെയാണ്. യഥാര്‍ത്ഥ മറിയമ്മ എഴുതിയ ഒരേയൊരു കഥ "നഗരത്തിലെ കുട്ടി"യാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

         

നാട്ടിന്‍പുറം, കൃഷി, നാടന്‍ മനുഷ്യര്‍ തുടങ്ങിയ പ്രമേയങ്ങള്‍ നിറഞ്ഞ, തികച്ചും ലളിതമായ കൊച്ചുകഥയാണിത്. ലളിതമായ ഭാഷയാണ്. നഗരവാസിയായ കുട്ടി അമ്മയുമൊത്ത്, അമ്മ കളിച്ചു വളര്‍ന്ന ഗ്രാമത്തിലേക്ക് അവധിക്കാലം ചെലവിടാനെത്തുന്നതാണ് കഥാതന്തു. അവിടെ നടക്കുന്ന ഒരു മരണവും സെമിത്തേരിയിലെ ശവസംസ്കാരവും നിഷ്കളങ്കനായ കുട്ടിയിലുണ്ടാക്കുന്ന വിചിത്ര ഭാവനകളാണ് മറിയമ്മ സരളമായി ആവിഷ്കരിച്ചിരിക്കുന്നത്.

വിലാസമോ മറ്റു ജീവചരിത്രപരമായ വിവരങ്ങളോ പരസ്യമാക്കുന്നതില്‍ മറിയമ്മയ്ക്കു താത്പര്യമില്ല.

"നഗരത്തിലെ കുട്ടി". മലയാള മനോരമ വാര്‍ഷികപ്പതിപ്പ് 2011 പുറം 190-192.

Extracts

Women Writers of Kerala

View all Authors