Manasi

മാനസി

തിരുവില്വാമല പോന്നേടത്ത് അച്ചാട്ടില്‍ ജനിച്ചു. പി. ശിവരാമമേനോന്‍റെയും പി. എ മാലതി അമ്മയുടേയും മകള്‍ തൃശ്ശൂര്‍ എഞ്ചിനിയറിംഗ് കേളേജില്‍ കെമിക്കല്‍ എഞ്ചിനിയറിങ്ങില്‍ ബിരുദ പഠനം നടത്തിയെങ്കിലും അത് പൂര്‍ത്തിയാക്കിയില്ല. 1970 മുതല്‍ ബോബെയില്‍ താമസിക്കുന്നു. കുറച്ചു വര്‍ഷമായി അവിടെ ഫ്രീലാന്‍ഡ് കോപ്പിറൈറ്റര്‍. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ചെറുകഥകളും, ലേഖനങ്ങളും എഴുതുന്നു. പല കഥകളും ഇംഗ്ലീഷ്, മറാഠി, കന്നഡ എന്നീ ഭാഷകളില്‍ വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. “ഇടിവാളിന്‍റെ തേങ്ങല്‍”, “വെളിച്ചങ്ങളുടെ താളം” (സഹോദരന്‍ പി. എ ദിവാകരനുമായി ചേര്‍ന്ന്), കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച “മഞ്ഞിലെ പക്ഷി”, “മാനസിയുടെ കഥകള്‍” (1998) എന്നീ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. ഗൃഹാതുരത, വ്യക്തിബന്ധങ്ങളുടെ ആഴം തുടങ്ങിയവ മാനസിയുടെ കഥകള്‍ക്ക് വിഷയമാകുന്നു. “മാനസിയുടെ കഥകള്‍” എന്ന കഥാസമാഹാരത്തിലെ 'ഉണ്ണികൃഷ്ണനും അച്ചനും' എന്ന കഥയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അച്ഛനും മകനും തമ്മിലുളള ആത്മ ബന്ധത്തെ കുറിച്ചാണ് ഈ കഥയില്‍ പ്രതിപാദിക്കുന്നത്. മകന്‍ അച്ഛനെ സ്നേഹിക്കുന്നുണ്ടെങ്കിലും അച്ഛനുവേണ്ടി അച്ഛനാഗ്രഹിക്കുന്ന രീതിയില്‍ ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. ജീവിതം പലപ്പോഴും നമ്മുടെ ഇഷ്ടങ്ങളെയൊ താളങ്ങളേയോ അനുസരിക്കുന്നില്ല. വീട്ടില്‍ നിന്നും മാറി ജോലി സ്ഥലത്ത് കുടുംബമായി താമസിക്കുന്ന ഉണ്ണികൃഷ്ണന് പ്രായമായ തന്‍റെ അച്ഛനെ പരിചരിക്കാനോ കഴിയുന്നില്ല. ഇതില്‍ അയാള്‍ ദുഃഖിക്കുന്നു. ഉണ്ണികൃഷ്ണന്‍ വരുന്നതും കാത്തു നില്‍ക്കാതെ അച്ഛന്‍ മകനെ വിട്ട് പോയി. അച്ഛന് മണിയോര്‍ഡറും ലീവ് കിട്ടിയാല്‍ ഉടന്‍ വരുമെന്നുളള കത്തും അയച്ച് ക്ഷീണിച്ച് വീട്ടിലെത്തുന്ന ഉണ്ണികൃഷ്ണനോട് അച്ഛന്‍റെ മരണ വാര്‍ത്ത എങ്ങനെ പറയുമെന്ന് ആലോചിച്ച് ഭാര്യ നില്‍ക്കുന്നിടത്ത് കഥ അവസാനിക്കുന്നു. ഒരച്ഛനും മകനുമായുള്ള ബന്ധത്തിന്‍റെ ആഴം വളരെ ലളിതമായി ആവിഷ്കരിക്കാന്‍ കഥാകാരിക്ക് സാധിച്ചു.


Extracts

Women Writers of Kerala

View all Authors