C. K. Lilly

സി. കെ. ലില്ലി

1937 ഓഗസ്റ്റ് 11 ന് കോട്ടയം ജില്ലയില്‍ വൈക്കത്ത് ജനിച്ചു. വൈക്കം ഇ. മാധവനും സി. കെ. കൗസല്യയും അച്ഛനമ്മമാര്‍. വൈക്കത്ത് ഹൈസ്കൂള്‍ വിദ്യാഭ്യാസം. കൊല്ലം ശ്രീനാരായണ കോളേജില്‍ നിന്ന് കെമിസ്ട്രിയില്‍ ബിരുദം. വിദ്യാര്‍ത്ഥി ഫെഡറേഷന്‍ പ്രവര്‍ത്തകയായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന്, മലയാളത്തില്‍ ബിരുദാനന്തര ബിരുദം. യൂണിവേഴ്സിറ്റിയില്‍ വിദ്യാഭ്യാസ ഡിപ്പാര്‍ട്ടുമെന്‍റില്‍ നിന്ന് വിദ്യാഭ്യാസത്തില്‍ ബിരുദാനന്തരബിരുദം. ഹൈസ്കൂള്‍ അദ്ധ്യാപികയായി. തുടര്‍ന്ന് ഗവ. ട്രെയിനിംഗ് കോളേജില്‍ അദ്ധ്യാപികയായി. സീനിയര്‍ പ്രൊഫസ്സറായി റിട്ടയര്‍ ചെയ്തു. ഇപ്പോള്‍ കേരള യൂണിവേഴ്സിറ്റി ടീച്ചര്‍ എഡ്യുക്കേഷന്‍ കോളേജില്‍ ഓണററി പ്രിന്‍സിപ്പലായി പ്രവര്‍ത്തിക്കുന്നു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റിസര്‍ച്ച് ഓഫീസറായിരുന്നിട്ടുണ്ട്. ആകാശവാണിയിലും ദൂരദര്‍ശനിലും ഒന്നാം ഗ്രേഡ് നാടകനടിയായിരുന്നു. ജനയുഗം, മലയാളനാട്, കേരളകൗമുദി, മാതൃഭൂമി തുടങ്ങിയ വാരികകളില്‍ കഥകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1999 പ്രസിദ്ധീകരിച്ച “തീരം മറക്കുന്ന തിരകള്‍” എന്ന കഥാസമാഹാരമാണ് ആദ്യ കൃതി. “കാട്ടുവള്ളി ഇലകള്‍” എന്ന പേരില്‍ ഒരു റഷ്യന്‍ നോവലിന്‍റെ മലയാള പരിഭാഷ പ്രസിദ്ധീകരിച്ചിട്ടുണ്ട്. “തീരം മറക്കുന്ന തിരകള്‍” എന്ന സമാഹാരത്തിലെ ‘മുകളിലോട്ടൊഴുകാത്ത പുഴ’ എന്ന ചെറുകഥയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജീവിതസായാഹ്നത്തില്‍ ഒറ്റപ്പെട്ടു പോകുന്ന വയോധികന്‍റെ കാഴ്ചപ്പാടിലൂടെയുള്ള കഥയാണിത്. ഭാര്യ നേരത്തെ മരിച്ചു. ഇപ്പോള്‍ മകനുമൊത്ത് താമസം. പുതിയ വീട്ടിലേക്കു മാറാന്‍ അച്ഛനു വേണ്ടി പുതിയ കട്ടില്‍ പണിയിപ്പിക്കുകയാണ് മകന്‍. പഴയ കട്ടിലിനോടുള്ള ആത്മബന്ധം വൃദ്ധനു വിസ്മരിക്കാനുകുന്നില്ല. പഴഞ്ചനാകുക എന്ന അവസ്ഥയുടെ ഭീകരത അയാളെ നടുക്കുന്നു. സ്നേഹമെല്ലാം മക്കള്‍ക്കു വാരിക്കോരി നല്‍കി, പുഴ ഒഴുകും പോലെ ജീവിതം ജീവിച്ചു തീര്‍ക്കുന്ന മാതാപിതാക്കളുടെ ഒറ്റപ്പെടലിന്‍റെ നേര്‍ച്ചിത്രമാണ് ഈ കഥ.
"തീരം മറക്കന്ന തിരകള്‍" (ചെറുകഥകള്‍). കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, 1991. "കാട്ടുവള്ളി ഇല" (പരിഭാഷ).

Extracts

Women Writers of Kerala

View all Authors