Dr. M. Leelavathi

ഡോ. എം. ലീലാവതി

തൃശ്ശൂര്‍ ജില്ലയിലെ കോട്ടപ്പടിയില്‍ 1927 സെപ്റ്റംബര്‍ 16 നു ജനിച്ചു. സാഹിത്യകാരി, നിരൂപക, അദ്ധ്യാപിക, പ്രഭാഷക എന്നീ നിലകളില്‍ പ്രശസ്ത. മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഒന്നാം റാങ്ക്. ഒന്നാം ക്ലാസ്സോടെ ബി. എ., എം. എ. ബിരുദങ്ങള്‍. കേരള യൂണിവേഴ്സിറ്റിയില്‍ നിന്ന് പി. എച്ച്. ഡി. 1951 മുതല്‍ 82 വരെ വിവിധ ഗവണ്‍മെന്‍റ് കോളേജുകളില്‍ അദ്ധ്യാപികയായിരുന്നു. 1982 - 83 ല്‍ തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജിന്‍റെ പ്രിന്‍സിപ്പല്‍. കേന്ദ്രസാഹിത്യ അക്കാഡമി, കേരള സാഹിത്യ അക്കാഡമി (2 തവണ) എന്നിവയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1984 ല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നു പ്രൊഫസറായി റിട്ടയര്‍ ചെയ്തു. അതിനുശേഷം കോഴിക്കോട് സര്‍വ്വകലാശാലയില്‍ പ്രൊഫസറായി. കേന്ദ്രസാഹിത്യ അക്കാഡമി അവാര്‍ഡും സുവര്‍ണ്ണ കൈരളി അവാര്‍ഡും ലഭിച്ച “കവിതാധ്വനി”, 1979 ലെ ഓടക്കുഴല്‍ അവാര്‍ഡും 1980 ലെ കേരള സാഹിത്യ അക്കാഡമി അവാര്‍ഡും ലഭിച്ച “വര്‍ണ്ണരാജി”, “ജി യുടെ കാവ്യജീവിതം”, “മലയാള സാഹിത്യചരിത്രം” എന്നിവയാണ് മുഖ്യകൃതികള്‍. സോവിയറ്റ് ലാന്‍ഡ് നെഹ്റു അവാര്‍ഡ്, സുവര്‍ണ്ണ കൈരളി അവാര്‍ഡ്, കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാഡമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, അബുദാബി മലയാളി സമാജം അവാര്‍ഡ്, വിശ്വദീപം അവാര്‍ഡ്, നാലപ്പാടന്‍ പുരസ്ക്കാരം, ലളിതാംബിക സ്മാരക സാഹിത്യ പുരസ്ക്കാരം, എന്‍. വി. കൃഷ്ണവാരിയര്‍ പുരസ്ക്കാരം, ഭാരതീയ ഭാഷാ പരിഷത് സംവത്സര സമ്മാന്‍ തുടങ്ങിയ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. ഒട്ടേറെ ഗവേഷണ കൃതികള്‍ക്ക് അവതാരിക എഴുതിയിട്ടുണ്ട്. “കരയുന്ന കുട്ടികള്‍ കരയുന്ന വലിയവര്‍” എന്ന ലേഖന സമാഹാരത്തിലെ ‘കുട്ടിത്തൊഴിലാളികളുടെ കഠിനാധ്വാനം’ എന്ന ലേഖനം ഇന്നത്തെ സാമൂഹികാവസ്ഥയില്‍ വളരെയേറെ ശ്രദ്ധചെലുത്തുന്നു. 14 വയസ്സിനു താഴെയുള്ളവര്‍ക്കെല്ലാം വിദ്യാഭ്യാസം എന്ന സര്‍ക്കാര്‍ ചൊല്ല് വെറും പഴഞ്ചൊല്ലായി അധഃപതിച്ചുപോയിരിക്കുന്നു. വിശപ്പിന്‍റെ വിളിക്കു മുമ്പില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ തളര്‍ന്നു വീഴുന്നു. ഇതിനെതിരെ പ്രസംഗം മാത്രമേയുള്ളു പ്രവര്‍ത്തിയില്‍ ഒന്നുംതന്നെയില്ല എന്ന വസ്തുത ഡോ. എം. ലീലാവതി പ്രസ്തുത ലേഖനത്തില്‍ കൂടി കാണിച്ചുതരികയാണ്.

ഡോ.എം. ലീലാവതിയുടെ നിരൂപണങ്ങള്‍ - “വര്‍ണ്ണരാജ”. 1977. “ജി. യുടെ കാവ്യ ജീവിതം”. 1981. “മലയാള കവിതാസാഹിത്യ ചരിത്രം” 1980. “കവിതയും ശാസ്ത്രവും” . 1969. “കണ്ണീരും മഴവില്ലും” . 1972. “നവരംഗം” . 1973. “നവതരംഗം” “വിശ്വേത്തരമായ വിപ്ലവേതിഹാസം” “അമൃതമശ്നുതേ” - 1984. “കവിതാധ്വനി” - 1985. “സത്യം ശിവം സുന്ദരം” - 1989. “അര്‍ത്ഥാന്തരങ്ങള്‍” - 2006. “കാവ്യരതി” (ലേഖനങ്ങള്‍) “കവിതാ രതി” “മഹാകവി വള്ളത്തോള്‍” “സി. വി. യുടെ ശൃംഗാര ചിത്രണം” - 1989. “ആദിപ്രരൂപങ്ങള്‍ സാഹിത്യത്തില്‍” - 1993. “ചെറുകാടിന്‍റെ സ്ത്രീകഥാപാത്രങ്ങള്‍” - 1990. “അണയാത്ത ദീപം” “അപ്പുവിന്‍റെ അന്വേഷണം” - 2002. “മൗലാനാ അബ്ദുള്‍കലാം ആസാദ്” “കൊച്ചിയിലെ വൃക്ഷങ്ങള്‍” “കരയുന്ന കുട്ടികള്‍ കരയുന്ന വലയിവര്‍” - 1999. “ഗോഡ് ഓഫ് സ്മാള്‍ തിംഗ്സ്” (വിവര്‍ത്തനം) “ഫെമിനിസം - ചരിത്രപരമായ ഒരന്വേഷണം” (പഠനം) - 2000.

Extracts

Women Writers of Kerala

View all Authors