Leela Menon

ലീലാ മേനോന്‍

1932 നവംബര്‍ 10 ന് എറണാകുളം ജില്ലയില്‍ പെരുമ്പാവൂരിനു സമീപം വെങ്ങോല എന്ന ഗ്രാമത്തില്‍ ജനിച്ചു. പാലക്കാട്ട് നീലകണ്ഠന്‍ കര്‍ത്താവിന്‍റെയും തുമ്മാരുകുടി ജാനകിയമ്മയുടെയും ഇളയ മകള്‍. വെങ്ങോല പ്രൈമറി സ്കൂള്‍, പെരുമ്പാവൂര്‍ ബോയ്സ് ഹൈസ്കൂള്‍, നൈസാം കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1948 ല്‍ പോസ്റ്റോഫീസില്‍ ക്ലര്‍ക്കായി പിന്നെ ടെലഗ്രാഫിസ്റ്റായി 1978 വരെ ജോലി ചെയ്തു. 1978 മുതല്‍ പത്രപ്രവര്‍ത്തനരംഗത്ത് സേവനം അനുഷ്ഠിക്കുന്ന ലീലാമേനോന്‍ കേരളത്തിലെ ആദ്യപത്രപ്രവര്‍ത്തക എന്ന നിലയില്‍ പ്രശസ്തി നേടി. “നിലയ്ക്കാത്ത സിംഫണി” (2007) എന്ന ആത്മകഥയാണ് പ്രസിദ്ധീകരിച്ച കൃതി. ലീലാമേനോന്‍റെ ആത്മകഥ ഒട്ടേറെ സ്ത്രീ പ്രശ്നങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. അവരുടെ പത്ര പ്രവര്‍ത്തന ജീവിതവുമായി ബന്ധപ്പെട്ട് ഒട്ടേറെ ജീവിതപ്രശ്നങ്ങള്‍ കണ്ടെത്താനും അവയെ ജനങ്ങളിലെത്തിക്കാനും അവര്‍ക്ക് കഴിഞ്ഞു. ആരുടെയും മുഖംനോക്കാതെ, പ്രബലമായ ഒരു രാഷ്ട്രീയ കക്ഷിയുടെയും ഇഷ്ടാനിഷ്ടങ്ങള്‍ കണക്കിലെടുക്കാതെ തികച്ചും സത്യസന്ധമായും എന്നാല്‍ സ്ത്രീയുടേതായ വൈകാരികതയോടെയും ഒട്ടനവധി പ്രശ്നങ്ങള്‍ ലീലാമേനോന്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഒരു ആത്മകഥ എന്നതിനപ്പുറം കേരളത്തിലെ സുപ്രധാനമായ നിരവധി സാമൂഹ്യ, സാംസ്കാരിക സംഭവങ്ങള്‍ മനസിലാക്കാന്‍ ഈ കൃതി നമ്മെ സഹായിക്കുന്നുണ്ട്. അനുഭവിച്ച തീപൊള്ളലുകളെക്കുറിച്ചെഴുതി സഹതാപം നേടാന്‍ ശ്രീമതി മേനോന്‍ ശ്രമിച്ചിട്ടില്ല. വെയിലിലല്ല തീയിലും വാടാത്ത അസാധാരണ വ്യക്തിത്വത്തിനുടമയാണ് ലീലാമേനോന്‍ എന്ന് സുഗതകുമാരിയുടെ അഭിപ്രായം ശ്രദ്ധയര്‍ഹിക്കുന്നു.

“നിലയ്ക്കാത്ത സിംഫണി” (ആത്മകഥ). തൃശൂര്‍: കറന്‍റ് ബുക്സ്, 2007.

Extracts

Women Writers of Kerala

View all Authors