M. N. Lathadevi

എം. എന്‍. ലതാദേവി

1969 മാര്‍ച്ച് 10 ന് പാലക്കാട് ജില്ലയിലെ കേരളശ്ശേരിയില്‍ ജനിച്ചു. പേരൂര്‍ പതിയില്‍ക്കളം ഗോവിന്ദന്‍കുട്ടിനായരുടെയും മലമല്‍ നീലാഞ്ചേരി കോമളത്തിന്‍റെയും മകള്‍. മണ്ണൂര്‍, വടശ്ശേരി, കേരളശ്ശേരി സ്കൂളുകളിലും ഒറ്റപ്പാലം എന്‍. എസ്. എസ്. കോളേജിലുമായി വിദ്യാഭ്യാസം. ആനുകാലികങ്ങളില്‍ കഥകളെഴുതുന്നു. തപാല്‍ വകുപ്പില്‍ ജോലി. “നീതുവിന്‍റെ ചില നേരമ്പോക്കുകള്‍” (2006) എന്ന കഥാസമാഹാരമാണ് പ്രസിദ്ധീകരിച്ച കൃതി. മനുഷ്യ ജീവിതത്തിലെ താളങ്ങളും താളപ്പിഴകളുമാണ് എം. എന്‍. ലതാദേവിയുടെ കഥകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ശാലീനവും സുന്ദരവുമായ ഭാഷ. മനുഷ്യ മനസ്സാക്ഷിയെ അസ്വാസ്ഥമാക്കുന്ന അനുഭവങ്ങളുടെ ആര്‍ദ്രത. കഥാവായനയുടെ പുതിയ ലോകത്തേയ്ക്ക് അനുവാചക ഹൃദയത്തെ കൊണ്ടെത്തിക്കുന്ന കഥയാണ് 'നീതുവിന്‍റെ ചില നേരമ്പോക്കുകള്‍ 'സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ പ്രസംഗിക്കുന്ന നീതു എന്ന കഥാപാത്രം, തന്‍റെ വീട്ടില്‍ ജോലിക്കു നില്‍ക്കുന്ന നാഗവേണി എന്ന യുവതിയോട് ക്രൂരമായി പെരുമാറുന്നു. അഭയത്തിനായി കേഴുന്ന അവളെ തെരുവിലേക്ക് വലിച്ചെറിയുകയാണ്. സമൂഹത്തിന്‍റെ കാപട്യത്തില്‍ മനം നുറുങ്ങി തെരുവില്‍ അലഞ്ഞ അവളെ സമൂഹം ഭ്രാന്തിയായി ചിത്രീകരിക്കുന്നു. മറുവശത്ത് സ്ത്രീപ്രശ്നങ്ങള്‍ക്ക് പ്രാവര്‍ത്തികമാക്കാനാവാത്ത പരിഹാരം നിര്‍ദ്ദേശിക്കുന്ന കപട രാഷ്ട്രീയം. ഇത്തരം പെരുമാറ്റത്തെ എഴുത്തുകാരി ചോദ്യം ചെയ്യുന്നു.

“നീതുവിന്‍റെ ചില നേരമ്പോക്കുകള്‍” (കഥാസമാഹാരം). കോഴിക്കോട്: ഹരിതം ബുക്സ്, 2006.

Extracts

Women Writers of Kerala

View all Authors