J. Lalithambika

ജെ. ലളിതാംബിക

1942 ജനുവരി ഒന്നിന് നാരായണപിള്ളയുടെയും ജാനമ്മയുടെയും മകളായി ജനിച്ചു. 1966 ല്‍ സിവില്‍ സര്‍വ്വീസ് പാസ്സായി. കളക്ടറായി വിവിധ ജില്ലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളില്‍ സെക്രട്ടറിയായും റബ്ബര്‍ ബോര്‍ഡില്‍ ചെയര്‍പേഴ്സണായും ജോലി ചെയ്തു. സമകാലിക യഥാര്‍ത്ഥ്യങ്ങളോടു വളരെ സരസമായി പ്രതികരിക്കുന്നവയാണ് ജെ. ലളിതാംബികയുടെ ലേഖനങ്ങള്‍. നാം ജീവിക്കുന്ന ലോകത്തില്‍, നിത്യവും നാം കണ്ടുമുട്ടുന്ന വിചിത്രാനുഭവങ്ങള്‍, അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കേണ്ടി വരുന്ന നിമിഷങ്ങള്‍ ഇങ്ങനെ പലതിനോടുമുള്ള പ്രതികരണമാണ് ഓരോ ലേഖനവും. ഹാസ്യത്തിന്‍റെ മേമ്പൊടി ചാലിച്ചാണ് അവര്‍ എഴുതുന്നത്. അതില്‍ ചിരിച്ച് തള്ളിക്കളയാന്‍ കഴിയുന്ന വിഷയങ്ങളല്ല കൈകാര്യം ചെയ്യുന്നത് അവ ചിന്തയുടെ മണ്ഡലമാണ് നമ്മുടെ മുന്നില്‍ തുറന്നിടുന്നത്. വനിതയിലും ഗൃഹലക്ഷമിയിലും പ്രസിദ്ധീകരിക്കപ്പെട്ട ചില ലേഖനങ്ങളുടെ സമാഹാരമാണ് അവരുടെ ആദ്യകൃതിയായ “നര്‍മ്മസല്ലാപം” ഏത് മേഖലയില്‍ വിരാജിക്കുന്നവര്‍ക്കും വായിച്ചാസ്വദിക്കാന്‍ തക്ക വിധത്തില്‍ വളരെ ലളിതസുന്ദരമായ ഭാഷയിലാണ് ഓരോ ലേഖനവും നമുക്ക് മുന്നില്‍ അവതരിപ്പിക്കപ്പെടുന്നത്. ഇരുപത്തി രണ്ട് ലേഖനങ്ങളുടെ സമാഹാരമാണ് ‘നര്‍മ്മസല്ലാപം’. ‘അസൂയക്കാരിയായ ഭാര്യ’, ‘ഏഴില്‍ ചൊവ്വയും എട്ടില്‍ രാഹുവും’, ‘മഞ്ഞലോഹത്തിന്‍റെ തിളക്കം’ തുടങ്ങിയ ഈ സമാഹാരത്തിലെ എല്ലാ ലേഖനങ്ങളും നിത്യജീവിതത്തിലെ പ്രശ്നങ്ങളോട് അടുത്തു നില്‍ക്കുന്നവയാണ്. അവരുടെ രണ്ടാമത്തെ സമാഹാരമാണ് “മുള്ളും മലരും”. ഇതിലേയും പ്രമേയം. നിത്യജീവിതത്തില്‍ നാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ് ‘ആട്ടിന്‍തലയും ഹാര്‍ട്ട് അറ്റാക്കും’ എന്ന ലേഖനത്തില്‍ അഭിനനന്ദനങ്ങള്‍, പ്രശംസ, ആശ്വസിപ്പിക്കല്‍ ഇവ വരുത്തി വയ്ക്കുന്ന വിനകളെക്കുറിച്ചാണ് പറയുന്നത്. നല്ല ഉദ്ദേശത്തോടെ ചെയ്യുന്ന പല പ്രവൃത്തികളും പലപ്പോഴും മറ്റുള്ളവരെ വേദനിപ്പിക്കുന്നതായി നമുക്ക് കാണാം. “നര്‍മ്മസല്ലാപം” സമാഹാരത്തിലെ എല്ലാ ലേഖനങ്ങളും വളരെ പ്രശംസനീയമാണ് എങ്കില്‍ കൂടി ഏതു കാലഘട്ടത്തിലും പ്രസക്തമാകുന്ന ലേഖനമാണ് ‘വേഷങ്ങള്‍, വേഷങ്ങള്‍’! ഏതു കാലത്തും സ്ത്രീകളുടെ വസ്ത്രധാരണം ഏവരേയും ആകര്‍ഷിക്കുന്ന ഒന്നാണ്. പണ്ടുകാലം മുതല്‍ ഇവിടെ നിലനിന്ന വസ്ത്രധാരണ രീതികളും, സന്ദര്‍ഭത്തിനനുസരിച്ചുള്ള വസ്ത്രധാരണമല്ലെങ്കില്‍ സംഭവിക്കാവുന്ന പ്രശ്നങ്ങളും ഈ ലേഖനം ചര്‍ച്ച ചെയ്യുന്നു. അവസാനം ലേഖിക ഒരു നിഗമനത്തില്‍ എത്തിച്ചേരുന്നു. സ്വന്തം ശരീരത്തിനിണങ്ങുന്ന വസ്ത്രധാരണമാണ് നാം സ്വീകരിക്കേണ്ടത്. കൂടാതെ ഒരു വ്യക്തിയുടെ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്നവയാണ് ഓരോരുത്തരുടെയും വേഷങ്ങള്‍. അതു മനസ്സിലാക്കി നാം പ്രവര്‍ത്തിക്കുക. ഇങ്ങനെ സമൂഹത്തോട് നീതി പുലര്‍ത്തുന്നവയാണ് ജെ. ലളിതാംബികയുടെ ലേഖനങ്ങള്‍.

“നര്‍മ്മസല്ലാപം” (ലേഖനങ്ങള്‍). കോട്ടയം” സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, നാഷണല്‍ ബുക്ക് സ്റ്റാള്‍, 1983. “മുള്ളും മലരും” (ലേഖനങ്ങള്‍). കോട്ടയം” സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, നാഷണല്‍ ബുക്ക് സ്റ്റാള്‍, 1987.

Extracts

Women Writers of Kerala

View all Authors