Lalithambika Antharjanam

ലളിതാംബിക അന്തര്‍ജ്ജനം

കൊല്ലം ജില്ലയില്‍ കൊട്ടാരക്കരയ്ക്കടുത്ത് കോടവട്ടത്ത് തെങ്ങുന്നത്തു മഠത്തില്‍ ദാമോദരന്‍ പോറ്റിയുടെ പുത്രിയായി 1909 മാര്‍ച്ച് 30 ന് ജനിച്ചു. പിതാവ് പ്രജാസഭാമെമ്പറും പണ്ഡിതനും സമുദായ പരിഷ്കര്‍ത്താവുമായിരുന്നു. മാതാവ് ചെങ്ങാരപ്പളളി നങ്ങയ്യ അന്തര്‍ജനം. കേരള നിയമസഭാ സ്പീക്കറും മന്ത്രിയുമായിരുന്ന സി. ദാമോദരന്‍ പോറ്റി ഉള്‍പ്പെടെ എട്ട് സഹോദരന്‍മാരുടെ ഏക സഹോദരി. പാലാ രാമപുരത്ത് അമനക്കര ഇല്ലത്ത് നാരായണന്‍ നമ്പൂതിരിയാണ് ഭര്‍ത്താവ്. യുവ തലമുറയിലെ പ്രമുഖ കഥാകൃത്തുക്കളില്‍ ഒരാളായ എന്‍. മോഹനന്‍ ഇവരുടെ രണ്ടാമത്തെ പുത്രനാണ്. ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ല. വീട്ടിലിരുന്ന് ഗുരുക്കډാരുടെ അടുത്ത് നിന്ന് സംസ്കൃതവും, മലയാളവും പഠിച്ചു. ഇംഗ്ലീഷിലും, ഹിന്ദിയിലും പരിജ്ഞാനം നേടി. തിരുവിതാംകൂര്‍ ഭാഗത്ത് നമ്പൂതിരി സമുദായത്തില്‍ നടന്ന പരി ഷ്കരണ പരിപാടികളില്‍ ആദ്യകാലത്ത് പങ്കെടുത്തിരുന്ന കവിതയിലൂടെയാണ് സാഹിത്യ ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് കഥാരചനയില്‍ ഏര്‍പ്പെട്ട് പേരെടുത്തു. സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ് , സാഹിത്യ അക്കാദമി, സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം ഡയറക്ടര്‍ ബോര്‍ഡ് പാഠപുസ്തക കമ്മറ്റി എന്നിവയില്‍ അംഗമായിരുന്നിട്ടുണ്ട്. 1987 ഫെബ്രുവരി 6 ന് അന്തരിച്ചു. നോവല്‍, കഥാസമാഹാരം, കവിതാസമാഹാരം, നാടകം, ബാലസാഹിത്യം തുടങ്ങി സാഹിത്യത്തിന്‍റെ വിവിധ മേഖലകളിലായി മുപ്പതിലധികം കൃതികള്‍ ലളിതാംബിക അന്തര്‍ജ്ജനത്തിന്‍റെതായി പ്രസിദ്ധീകൃതമായിട്ടുണ്ട്. 1973 ല്‍ “സീത മുതല്‍ സത്യവതി വരെ” എന്ന പഠന ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. “കുഞ്ഞോമന” എന്ന ബാല സാഹിത്യ കൃതിക്ക് 1964 ല്‍ കല്യാണി കൃഷ്ണമേനോന്‍ പ്രൈസും, “ഗോസായി പറഞ്ഞ കഥ”യ്ക്ക് 1965 ല്‍ കേരള സാഹിത്യ അക്കാദമി സമ്മാനവും ലഭിച്ചു. “അഗ്നിസാക്ഷി” എന്ന ഏക നോവലിന് 1977 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് , കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ സമ്മാനം, ആദ്യത്തെ വയലാര്‍ അവാര്‍ഡ് എന്നിവയെല്ലാം ലഭിച്ചു. കേരളീയ സമൂഹത്തിന്‍റെ സാമൂഹികവും രാഷ്ട്രീയവുമായ പരിവര്‍ത്തനങ്ങളുടെ ഓര്‍മ്മപ്പെടുത്തലാണ് ലളിതാംബിക അന്തര്‍ജനത്തിന്‍റെ “അഗ്നിസാക്ഷി” എന്ന നോവല്‍. അഗ്നിസാക്ഷിയായി വേളി കഴിച്ച് ഇല്ലത്തിന്‍റെ നാലു ചുമരുകള്‍ക്കുള്ളില്‍ തളച്ചിട്ട അത്തേډാരുടെ ഏകാന്ത ദുഃഖത്തിന്‍റെയും ഗദ്ഗദങ്ങളുടേയും തുടിപ്പുകള്‍ ഇതില്‍ ദര്‍ശിക്കാം. സ്വന്തം ധര്‍മ്മ പത്നിയുടെ കിടപ്പറയില്‍ കടക്കാന്‍ നല്ല നേരം നോക്കുന്ന ഉണ്ണിയേട്ടന്‍റെ പത്നിയായി മാനമ്പളളി സ്വരൂപത്തില്‍ വന്ന തേതികികുട്ടിക്കാവിന് പഴകിയ ആചാരങ്ങളില്‍ കുമിഞ്ഞു കിടന്ന ആ സാഹചര്യത്തോടു പൊരുത്തപ്പെടാനായില്ല. പെണ്ണ് എന്നൊരു ജാതിയുടെ മുഖത്തു നോക്കി തന്‍റെ മുറിയിലേക്ക് കടന്നു വരുന്ന ആചാരങ്ങളെ പേടിച്ച് ഉരിയാടാത്ത ആ മനുഷ്യന്‍റെ വലിപ്പം അവര്‍ക്ക് അറിയാമായിരുന്നു. പക്ഷെ സമുദായ പരിഷ്കരണ വാദിയും എഴുത്തുകാരനുമായ പി. കെ. പി നമ്പൂതിരിയുടെ പെങ്ങളായ ദേവകിക്ക് അതിനനുസരിച്ച് അവനവനെ മാറ്റിപ്പണിയാനായില്ല. ഗംഗയിലെ തീര്‍ത്ഥ ഘട്ടില്‍ നീരാജനം ഉഴിയുന്ന തേജസ്വിനിയായ അമ്മയെ - സുമിത്രാനജയെ കണ്ടപ്പോഴുണ്ടായ മിസിസ് തങ്കം നായരുടെ ഭൂതകാല സ്മൃതികളിലൂടെ ഒരു കാലഘട്ടത്തിന്‍റെ ഐതിഹാസികവും വേദനാജനകവുമായ ചിത്രം അനാവരണം ചെയ്യുകയാണ് അന്തര്‍ജ്ജനം.

“ലളിതാംബിക അന്തര്‍ജ്ജനത്തിന്‍റെ കഥകള്‍ സമ്പൂര്‍ണ്ണം” – കോട്ടയം: ഡി. സി ബുക്സ് 2009. “അംബികാഞ്ജലി” - 1937. “മൂടുപടത്തില്‍” - 1946. “കാലത്തിന്‍റെ ഏടുകള്‍” - 1949. “തകര്‍ന്ന തലമുറ” - 1949. “കിളിവാതിലിലൂടെ” - 1950. “കൊടുങ്കാറ്റില്‍ നിന്ന് “- 1951. “കണ്ണീരിന്‍റെ പുഞ്ചിരി “ - 1955. “അഗ്നിപുഷ്പങ്ങള്‍” - 1960. “തിരഞ്ഞെടുത്ത കഥകള്‍” - 1966. “സത്യത്തിന്‍റെ സ്വരം” - 1968. “വിശ്വരൂപം” - 1971. “ ധീരേന്ദ്രമജുംദാറിന്‍റെ അമ്മ” - 1973. “പവിത്രമോതിരം” - 1979.

Extracts

Women Writers of Kerala

View all Authors