Lalitha P. Nair

ലളിത പി നായര്‍

1930 ല്‍ പന്തളത്ത് ജനിച്ചു. പ്രശസ്ത സാഹിത്യകാരനും സ്വാതന്ത്ര്യസമരസേനാനിയും ‘അഖിലാണ്ഡലമണ്ഡലം അണിയിച്ചൊരുക്കി, അതിനുള്ളിലാനന്ദദീപം കൊളുത്തി’ എന്ന പ്രാര്‍ത്ഥനാഗാനത്തിന്‍റെ രചയിതാവുമായ പന്തളം കെ. പി. രാമന്‍പിള്ളയുടെ ഭാഗിനേയി. തുമ്പമണ്‍ ഇംഗ്ലീഷ് മിഡില്‍ സ്കൂളിലും, പന്തളം എന്‍. എസ്. എസ്. ഹൈസ്കൂളിലുമായി വിദ്യാഭ്യാസത്തിന്‍റെ ആദ്യഘട്ടം പൂര്‍ത്തിയായി. തിരുവനന്തപുരം ഗവണ്‍മെന്‍റ് വിമന്‍സ് കോളേജില്‍ ചേര്‍ന്ന് ഇന്‍റര്‍മീഡിയറ്റ് ക്ലാസ്സില്‍ ഉന്നത വിജയം നേടി. തുടര്‍ന്ന് വിവാഹിതയായി. ഭര്‍ത്താവ് വി. പി. നായര്‍ അഭിഭാഷകനും ദീര്‍ഘകാലം പാര്‍ലമെന്‍റംഗവുമായിരുന്നു. ഭര്‍ത്താവിനൊപ്പം ഡല്‍ഹിയില്‍ കഴിഞ്ഞകാലത്ത് സ്വപ്രയത്നത്താല്‍ ധനതത്ത്വശാസ്ത്രത്തില്‍ ബിരുദം നേടി. സാഹിത്യവാസന ചെറുപ്പത്തില്‍ തന്നെ പ്രകടിപ്പിച്ചെങ്കിലും വളരെയൊന്നും എഴുതാന്‍ കഴിഞ്ഞില്ല. 1975 വരെ പല ആനുകാലികങ്ങളിലും പ്രത്യക്ഷപ്പെട്ട കവിതകള്‍ക്ക് പുറമേ “ഔറംഗസീബിന്‍റെ പുത്രി”, “ഒരു പ്രശ്നം പരിഹരിച്ചു” എന്നീ നാടകങ്ങളും എഴുതിയിട്ടുണ്ട്. നാടകങ്ങള്‍ ആകാശവാണി പ്രക്ഷേപണം ചെയ്തു. 2006 ലാണ് അവരുടെ കവിതാസമാഹാരം “ലളിതാഞ്ജലി” പ്രസിദ്ധീകൃതമാകുന്നത്. എഴുതിയിട്ടുള്ള കവിതകളില്‍ നിന്ന് തെരഞ്ഞെടുത്തവ മക്കളുടെ മുന്‍കൈയില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. “ലളിതാഞ്ജലി” എന്ന കവിതാസമാഹാരത്തില്‍ നിന്ന് ‘ശ്രദ്ധിക്കൂ’ എന്ന കവിതയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ-ചൈന യുദ്ധകാലത്ത് എഴുതിയതാണ് ഈ കവിത. ദേശസ്നേഹം തുടിച്ചു നില്‍ക്കുന്ന വരികള്‍.


Extracts

Women Writers of Kerala

View all Authors