Lalitha Lenin

ലളിതാ ലെനിന്‍

തൃശൂര്‍ ജില്ലയിലെ തൃത്തല്ലൂരില്‍ 1946 ല്‍ ജനനം. തൃത്തല്ലൂര്‍ കമലാ നെഹ്റു മെമ്മോറിയല്‍ ഹൈസ്കൂള്‍, ഗുരുവായൂര്‍ ലിറ്റില്‍ ഫ്ളവര്‍ കോളേജ്, മൂത്തകുന്നം എസ്. എന്‍. എം. ട്രെയിനിംഗ് കോളേജ്, കേരള സര്‍വ്വകലാശാല, മൈസൂര്‍ സര്‍വ്വകലാശാല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. രസതന്ത്രത്തിലും, വിദ്യാഭ്യാസത്തിലും ബിരുദങ്ങള്‍, ലൈബ്രറി ആന്‍റ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം. കേരള സര്‍വ്വകലാശാലയുടെ ലൈബ്രറി ആന്‍റ് ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ 1979 മുതല്‍ 1985 വരെ ലക്ചറര്‍ ആയും തുടര്‍ന്ന് റീഡറായും ജോലി ചെയ്തു. 1990 മുതല്‍ അഞ്ചു വര്‍ഷത്തോളം ഡിപ്പാര്‍ട്ട്മെന്‍റ് മേധാവി ആയിരുന്നു. 1991 മുതല്‍ 1993 വരെയുള്ള കാലയളവില്‍ കേരള സര്‍വ്വകലാശാലയുടെ സെനറ്റ് അംഗവുമായിരുന്നു. 1970 കളില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിക്കൊണ്ട് മലയാള കാവ്യരംഗത്തേക്ക് കടന്നു വന്നു. 1976 ല്‍ പ്രസിദ്ധികൃതമായ “കരിങ്കാളി”യാണ് ആദ്യ കവിതാ സമാഹാരം. കവി, ബാലസാഹിത്യകാരി എന്നിവയ്ക്കൊപ്പം, സാമൂഹ്യ പ്രവര്‍ത്തക, പ്രാസംഗിക, ഫെമിനിസ്റ്റ് എഴുത്തുകാരി എന്നീ നിലകളിലും അറിയപ്പെടുന്ന എഴുത്തുകാരിയാണ് ലളിതാ ലെനിന്‍. “കരിങ്കാളി”ക്ക് ശേഷം, 84-ല്‍ കുട്ടികള്‍ക്കുള്ള നോവല്‍ “മിന്നു” പ്രസിദ്ധികൃതമായി. എങ്കിലും എണ്‍പതുകളുടെ തുടക്കം മുതലുള്ള ഒന്നൊന്നര ദശകക്കാലം ലളിതാ ലെനിന്‍റെ കാവ്യ ജീവിതത്തില്‍ നീണ്ട നിശബ്ദതയുടെ ഇടവേള ആയിരുന്നു. എന്നാല്‍ 90 കളുടെ പകുതിയോടെ കവിത എഴുത്തില്‍ അവര്‍ വീണ്ടും സജീവമായി. 1995 ലാണ് “കര്‍ക്കിടവാവ്” എന്ന രണ്ടാം കവിതാ സമാഹാരം പ്രസിദ്ധികരിക്കുന്നത്. മൂന്നു സാഹിത്യ അവാര്‍ഡുകളാണ് ശ്രീമതി ലളിതാ ലെനിനെ തേടിയെത്തിയിട്ടുള്ളത്. മികച്ച ബാലസാഹിത്യ കൃതിക്കുളള സാഹിത്യ അക്കാദമി അവാര്‍ഡ്, മികച്ച കവിതാസമാഹാരങ്ങള്‍ക്കുള്ള മൂലൂര്‍ അവാര്‍ഡും, അബുദാബി ശ്കതി അവാര്‍ഡും. ഗദ്യകവിതകളും, വൃത്തബദ്ധമായ കവിതകളും ലളിതാ ലെനിന്‍റെ തൂലികയ്ക്ക് വഴങ്ങും. സ്ത്രീ പക്ഷവാദി എന്ന് സ്വയം വിശേഷിപ്പിക്കുന്ന അവരുടെ കവിതകളില്‍ ഈ ചായ്വ് പ്രകടമാണ്. വര്‍ത്തമാനകാല യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയാന്‍ ശ്രമിക്കുന്നതും സാമൂഹികോത്കണ്ഠ പുലര്‍ത്തുന്നതുമായ മനുഷ്യ സങ്കല്പമാണ് ലളിതാ ലെനിന്‍റേത്. വ്യക്തമായ നിലപാടും സാമൂഹ്യബോധവും പുലര്‍ത്തുമ്പോഴും ഋഷി സഹമായ ഒരു നിര്‍മ്മലത്വം പുലര്‍ത്താന്‍ ലളിതാ ലെനിന്‍റെ വരികള്‍ക്ക് കഴിയുന്നുണ്ട്. ഉദാഹരണമായി; “ഏതു സമൂഹത്തിലും ഒരു കുരിശൂണ്ട് കനിവില്ലാത്ത ഇരുമ്പാണികളുടെ ലോഹഭാഷണങ്ങള്‍ക്കായി കൈവിരിച്ച് കാതോര്‍ത്തു കിടക്കുന്നു” (‘നമുക്ക് പ്രാര്‍ത്ഥിക്കാം’) “കന്യാദാനത്തിനും കന്യാദഹനത്തിനും അഗ്നിതന്നെ സാക്ഷി” (കണ്‍കെട്ട്) ലളിതാ ലെനിന്‍റെ “നമുക്ക് പ്രാര്‍ത്ഥിക്കാം” എന്ന സമാഹാരത്തിലെ ‘സീതയുടെ നിഴല്‍’ എന്ന കവിതയാണ് ഇവിടെ ഉള്‍പ്പെടുത്തുന്നത്. സീതയുടെ നിഴലില്‍ കഴിയുന്ന ഒരുവളെ അവതരിപ്പിക്കുകയാണ് കവി. ഹൃദയമിടിപ്പിലും ഇമയനക്കത്തിലും സ്വരവിന്യാസത്തിലും, ചിരിയുടെയും കണ്ണീരിന്‍റെയും അതിര്‍ത്തിരേഖകളിലും സീതയുടെ നിഴല്‍പ്പറ്റി കഴിയുന്ന ഒരുവള്‍. അവള്‍ കവിതന്നെയാകാം, ഏതൊരു സ്ത്രീയും ആ നിഴലില്‍ തന്നെയാണെന്നു പറയാം. ഇത്ര ചെറിയ നിഴല്‍ കൊണ്ട് ലോകം മുഴുവന്‍ പുതപ്പിക്കാന്‍ സീതയ്ക്കെങ്ങനെ കഴിഞ്ഞു? എന്ന് അത്ഭുതപ്പെടുന്നുണ്ട് കവി. ആ നിഴലിന്‍റെ സംരക്ഷണ സുഖം അറിയുമ്പോഴും, നിഴലിനപ്പുറം ഉള്ള സത്യം അന്വേഷിച്ച് ഒരു ചുവട് എങ്കിലും വയ്ക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് മോഹിക്കുന്നു കവി.

“കരിങ്കാളി” (കവിതാ സമാഹാരം). “കര്‍ക്കിടകവാവ്” (കവിതാ സമാഹാരം). തിരുവനന്തപുരം: പരിധി പബ്ളിക്കേഷന്‍സ്, 1995, “നമുക്ക് പ്രാര്‍ത്ഥിക്കാം” (കവിതാ സമാഹാരം). കോട്ടയം: ഡി.സി.ബുക്സ്, 2000. “മിന്നു” (കുട്ടികള്‍ക്കുള്ള നോവല്‍). തിരുവനന്തപുരം: ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, 1984. “കടല്‍” (ബാലസാഹിത്യം, കവിതകള്‍). തിരുവനന്തപുരം: ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, 2000. പുതിയ വായന “ഭൂദൈവങ്ങള്‍” (ഖലീല്‍ ജിബ്രാന്‍ കൃതികളുടെ പരിഭാഷ). കോട്ടയം: ഡി. സി. ബുക്സ്, 2000.

Extracts

Women Writers of Kerala

View all Authors