Lekshmi Devi

ലക്ഷ്മീദേവി

1961 ല്‍ തിരുവനന്തപുരത്ത് ജനിച്ചു. കവയിത്രി സുഗതകുമാരിയുടെയും ഡോ. കെ. വേലായുധന്‍ നായരുടെയും മകള്‍. കേരള സര്‍വ്വകലാശാലയുടെ മനശാസ്ത്രവിഭാഗത്തില്‍ നിന്ന് ബിരുദാനന്തര ബിരുദം. കണ്‍സള്‍ട്ടിങ് സൈക്കോളജി (ക്ലിനിക്കല്‍) യില്‍ എം. ഫില്‍. അഭയഗ്രാമത്തിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടറായും കണ്‍സള്‍ട്ടിംഗ് സൈക്കോളജിസ്റ്റായും ജോലി നോക്കുന്നു. ആനുകാലികങ്ങളില്‍ കവിതകള്‍ രചിക്കാറുണ്ട്. കുഞ്ചുപിള്ള സ്മാരക പുരസ്കാരം (1995), യുവസാഹിത്യകാരിക്കുള്ള ലളിതാംബിക അന്തര്‍ജ്ജനം സ്മാരക പുരസ്കാരം (1998) എന്നിവ ലഭിച്ചിട്ടുണ്ട്. ജയ്ഹിന്ദ് ടീ. വിയില്‍ അഭിമുഖം വന്നിട്ടുണ്ട്. “ഇരുള്‍ച്ചിന്തുകള്‍” എന്ന കൃതിയെപ്പറ്റി ശ്രീ. ഒ. എന്‍. വി. കുറിപ്പും “മൊഴിയും പൊരുളും” എന്ന കൃതിയെക്കുറിച്ച് ശ്രീ. എന്‍ മോഹനനും “ഉപ്പുപാവകളെ”ക്കുറിച്ച് ഡോ. എം. ലീലാവതിയും എഴുതിയിട്ടുണ്ട്. ആത്മനിഷ്ഠ മനോഭാവം പുലര്‍ത്തുന്ന കവിതകളാണ് ലക്ഷ്മീദേവിയുടെ മിക്കരചനകളും. ‘നന്ദിചൊല്ലട്ടെ ഞാന്‍’ എന്ന കവിതയില്‍ ജീവിതത്തില്‍ ലഭിക്കാത്ത സന്തോഷത്തിനും കിട്ടിയ സങ്കടങ്ങള്‍ക്കും കവയിത്രി നന്ദി പറയുന്നു. പ്രകൃതിയുടെ തിരിച്ചറിയലും സൗന്ദര്യങ്ങളും സ്വത്വബോധത്തിന്‍റെ തിരിച്ചറിയലും ഈ കവിതയിലുണ്ട്. കാല്പനികത തുളുമ്പുന്ന ഈ കവിതയില്‍, എല്ലാറ്റിനോടും സ്നേഹം കാട്ടാന്‍ കഴിയുന്ന ഒരു സ്ത്രീ മനസ്സുണ്ട്. ഉയിരെടുത്തക്കാല്ക്കല്‍ വെയ്ക്കിലും നിസ്സാരം അതു തട്ടിമാറ്റും പ്രണയത്തിനും നന്ദിചൊല്ലട്ടെ ഞാന്‍ ജീവിതമേ കണ്ണില്‍ മിന്നാത്ത ജീവ സ്ഫുലിംഗത്തിനും നന്ദി ചൊല്ലട്ടെ ഞാന്‍ ജീവിതമേ നിന്നില്‍ അമ്പായ് പതിക്കാത്ത മാമ്പൂവിനും.
“ഇരുള്‍ച്ചിന്തുകള്‍” (കവിത). കോട്ടയം: ഡി. സി. ബുക്സ് (കറന്‍റ്). “മേഘജ്വാല” (കവിത). കോട്ടയം: എസ്. പി. സി.എസ്. 2000. “ഉപ്പുപാവകള്‍” (കവിത). കോട്ടയം: ഡി. സി.ബുക്സ്.

Extracts

Women Writers of Kerala

View all Authors