Kayyummu

കയ്യുമ്മു

1962 ല്‍ തൃശ്ശൂരിലെ കോട്ടപ്പടിയില്‍ ജനിച്ചു. തിത്തുമ്മയുടെയും മുഹമ്മദിന്‍റെയും മകള്‍. അനൗദ്യോഗിക വിദ്യാഭ്യാസം. നോവല്‍, കഥ, കവിത, ഗാനങ്ങള്‍ എന്നിവ രചിക്കുന്നു. തൃശ്ശൂര്‍ സര്‍വക്ഷസ്വരം, കുന്നുകുളം മനസ്സ് സര്‍ഗവേദി എന്നിവയില്‍ അംഗമാണ്. പാലക്കാട് സംസ്കൃതിയില്‍ എക്സിക്യൂട്ടീവ് അംഗവുമാണ്. മലയാള ന്യൂസ്, അബുദാബി അവാര്‍ഡ് (“വിഷാദപര്‍വ്വം”), നവകം സാഹിത്യ പുരസ്കാരം (“ഒരു കടം തീര്‍ക്കല്‍” - കവിത), മിത്രവേദി സാഹിത്യ പുരസ്കാരം (സാഹിത്യസംഭാവന), അല്‍വാന്‍ പുരസ്കാരം (“ഒരു കുഞ്ഞിക്കരച്ചിലിന്‍റെ മാറ്റൊലിയില്‍” - കവിത), മേരി വിജയം പുരസ്കരാം “(ആ ചന്ദനമരം” - കവിത) എന്നിവ ലഭിച്ചിട്ടുണ്ട്. ധിഷണമാസികയ്ക്കും (കയ്യമ്മു - കരൂര്‍ശശി) അനിയന്‍ അവര്‍മ്മയ്ക്കും (കയ്യുമ്മു - അനിയന്‍ അവര്‍മ്മ) അഭിമുഖങ്ങള്‍ നല്‍കി. ഇവരുടെ കൃതികളെക്കുറിച്ച്, തൂലിക ആയൂധമാക്കിയ കവയിത്രി (അനിയന്‍ അവര്‍മ്മ, പരസ്പരം മാസിക), ദുരിതങ്ങള്‍ നല്‍കിയ പ്രചോദനം (ഷീജ അശോകന്‍, മഹിളാരത്നം), തളിരോടെ വീഴുന്ന പച്ചിലകള്‍ (മുനീര്‍ അഗ്രഗാമി, പുടവ മാസിക) തുടങ്ങിയ പഠനങ്ങള്‍ നടന്നിട്ടുണ്ട്. പ്രണയം, സ്നേഹം തുടങ്ങിയ വികാരങ്ങളുടെ വ്യത്യസ്തഭാവങ്ങള്‍ മിക്ക കവിതകളിലും കാണാം. നഷ്ടപ്പെട്ടവയെക്കുറിച്ചുള്ള ദുഃഖവും ഇവയില്‍ നിഴലിക്കുന്നുണ്ട്. “പ്രണയത്തിന്‍റെ അനന്തസാന്ത്വനം” എന്ന കവിതാസമാഹാരത്തിലെ ‘ജ്വാല’ എന്ന കവിതയില്‍ എഴുത്ത് നല്‍കുന്ന പ്രചോദനത്തെപ്പറ്റി പറയുന്നു. “നാലുവരി എഴുതിയില്ലായിരുന്നെങ്കില്‍ എന്നെ ഞാന്‍ ആത്മഹത്യ ചെയ്തേനെ........” ആഴമുള്ള ചിന്തകള്‍ക്കല്ല, സ്വയം സാന്ത്വനമാവാനും ജീവിക്കാനുള്ള വഴി തുറക്കാനുമാണ് കയ്യുമ്മുവിന്‍റെ കവിതകള്‍ ശ്രമിക്കുന്നത്. “കൈകളില്‍ പേനയും ഹൃദയത്തിന്‍റെ ഭാഷയുമായി ജ്വലിക്കുന്ന തീയില്‍ പുകയുന്ന മനസ്സുമായി എന്‍റെ കണ്ണുകള്‍ കത്തി നില്ക്കുകയാണ്....” എന്ന് അവര്‍ തിരിച്ചറിയുകയാണ്.

“പ്രണയത്തിന്‍റെ അനന്തസാന്ത്വനം” (കവിതാ സമാഹാരം). ഉണ്മ പബ്ലിക്കേഷന്‍സ്, 2005. “വിരലുകള്‍” - (കവിതാസമാഹാരം). ഉണ്മ പബ്ലിക്കേഷന്‍സ്, 2009. “നീരൊടുങ്ങാത്തൊരു നീര്‍മാതാളം” (കവിതാസമാഹാരം). കോഴിക്കോട്: കെ.ബി.റ്റി. 2010. “കൃഷ്ണപക്ഷത്തിലെ ഒരു കറുത്ത രാത്രി” (കഥാസമാഹാരം). സണ്‍ ബുക്സ്, 2008. “ഓരോര്‍മ്മയുടെ പച്ചത്തുരുത്തിലൂടെ” (കഥാസമാഹാരം). പായല്‍ ബുക്സ്, 2009. “ദ്രോലയം” (നോവല്‍). മെസ്സേജ് പബ്ലിക്കേഷന്‍സ്, 2010.

Extracts

Women Writers of Kerala

View all Authors