കണിമോള്‍ - Women Writers of Kerala 
Kanimol

കണിമോള്‍

ഇടുക്കി ജില്ലയിലെ പണിക്കന്‍കുടിയില്‍ 1971 ല്‍ ജനനം. പണിക്കന്‍കുടി ഗവ. ഹൈസ്കൂള്‍, മൂവാറ്റുപ്പുഴ നിര്‍മ്മലാ കോളേജ്, പണിക്കന്‍കുടി വിശ്വഭാരതി കോളേജ്, അടിമാലി എസ് .എന്‍. ഡി. പി. യോഗം ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ചരിത്രത്തില്‍ ബിരുദം, മലയാളസാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ബി. എഡ്ഡും. മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരില്‍ ഒരാളാണ് കണിമോള്‍. ചെറുപ്പം മുതല്‍ കവിതകള്‍ എഴുതിത്തുടങ്ങി. ആനുകാലികങ്ങളില്‍ കവിതയും കഥയും ലേഖനവും എഴുതാറുണ്ട്. ആദ്യ കവിതാ സമാഹാരമായ “കണിക്കൊന്ന”യ്ക്ക് 1998 ല്‍ കേരള സാഹിത്യ അക്കാദമിയുടെ ‘കനകശ്രീ’ അവാര്‍ഡ് ലഭിച്ചു. 1999 ല്‍ വി. ടി. കുമാരന്‍ മാസ്റ്റര്‍ കവിതാ അവാര്‍ഡും , അമേരിക്കല്‍ മലയാളികള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഫൊക്കാന അവാര്‍ഡും ലഭിച്ചു. 2001 ല്‍ കണിമോളുടെ “ആരൂഡം” എന്ന കൃതിക്ക് വൈലോപ്പിള്ളി പുരസ്കാരം ലഭിച്ചു. ധാരാളം ബിംബങ്ങള്‍ നിറഞ്ഞതാണ് കണിമോളുടെ കവിതകള്‍. ശുദ്ധകാല്പനികതയുടെ സൗന്ദര്യം പല വരികളിലും കാണാം. സാധാരണ കവികള്‍ ഉപയോഗിക്കാറുള്ള ബിംബസങ്കല്പങ്ങളെ മാറ്റിപ്പണിയാനും കണിമോള്‍ ശ്രമിച്ചിട്ടുണ്ട്. അത് ഭംഗിയാക്കിയിട്ടുമുണ്ട്. ചന്ദ്രനെ, ‘അമ്പിളിമാമനെ’ പ്രിയസഖിയായി ചിത്രീകരിച്ചുകൊണ്ടുള്ള ഈ വരികള്‍ തന്നെ ഉദാഹരണം. ‘ഞാന്‍ നിന്നെ സ്നേഹിക്കുന്നു; നിന്‍റെയീ പൂപ്പുഞ്ചിരി ഞാനറിയാതെന്നുള്ളില്‍ നിറഞ്ഞു തുളുമ്പുന്നു നിന്‍ മുഗ്ദ്ധ മന്ദസ്മേരമെന്നിലും നിറയ്ക്കുവാന്‍ ഞാനൊരു നിശാഗന്ധിപ്പൂവായി വിടര്‍ന്നെങ്കില്‍! നിന്‍റെ പേലവകരം കവര്‍ന്നു പറക്കുവാന്‍ ഞാനൊരു കുളിര്‍ത്തെന്നലായുണര്‍ന്നെങ്കില്‍! സഖി, നിന്‍റെയഭിലാഷമറിഞ്ഞോ ദൂരെപ്പൂത്ത താരകള്‍ക്കിടയിലായി പുഞ്ചിരിപൊഴിക്കുന്നു.!’ അതുപോലെ തന്നെ ജീവിതത്തില്‍ നിന്നും സാഹിത്യേതിഹാസങ്ങളില്‍ നിന്നും ധാരാളം സന്ദര്‍ഭങ്ങള്‍ കവിതയിലേക്ക് കടത്തിവിടുന്നുമുണ്ട് കണിമോള്‍. കണിമോളുടെ “കുള്ളന്‍” എന്ന കവിതാ സമാഹാരത്തില്‍ നിന്ന് ‘അഭയാര്‍ത്ഥി’ എന്ന കവിയതാണ് ഇവിടെ ഉള്‍പ്പെടുത്തുന്നത്. അഭയാര്‍ത്ഥിയായി പുലര്‍ച്ചെ വാതില്‍ക്കല്‍ വന്നെത്തി നോക്കുന്ന രൂപം ഒരു അമ്മയുടേതാണ്. ആ അമ്മയുടെ ദൈന്യതയും സങ്കടങ്ങളും അതീവ ഹൃദ്യമായി ഇവിടെ ആവിഷ്കരിച്ചിരിക്കുന്നു. ഭാഷയുടെ മേല്‍ കണിമോള്‍ക്കുള്ള സ്വാധീനം കൂടി വ്യക്തമാക്കുന്നതാണ് ഈ കവിത. ‘‘വെളിച്ചപ്പെടാത്തോരിരുട്ടിന്‍റെ കൂട്ടില്‍ ചുവര്‍ചിത്രമെല്ലാമഴിഞ്ഞ പാഴ്ക്കൂട്ടില്‍ പകച്ചും ഭയന്നും കഴിക്കുന്ന കാലം....’’ അത്തരം ഒരു ദൈന്യ ജീവിതത്തെ ആകെമൊത്തം അവലോകനം ചെയ്യാനുള്ള പ്രാപ്തി കവിതയിലെ ഓരോ പ്രയോഗത്തിനും ഉണ്ട്.

“കണിക്കൊന്ന” (കവിതാസമാഹാരം). പുനലൂര്‍: ഹരിശ്രീ ബുക്സ്, 1996. “ആരൂഡം” (കവിതാസമാഹാരം). നൂറനാട്: ഉണ്മ പബ്ലിക്കേഷന്‍സ്, 2001. “കുള്ളന്‍” (കവിതാസമാഹാരം). നൂറനാട്: ഉണ്മ പബ്ലിക്കേഷന്‍സ്, 2006.

Extracts

Women Writers of Kerala

View all Authors