Kalyanikuttyamma K.

കെ. കല്യാണിക്കുട്ടിയമ്മ (മിസ്സിസ് സി. കുട്ടന്‍ നായര്‍)

1905 ല്‍ തൃശൂരില്‍ ജനിച്ചു. കോച്ചാട്ടില്‍ കൊച്ചുകുട്ടിയമ്മയും മൂത്തേടത്തു കൃഷ്ണമേനോനുമാണ് മാതാപിതാക്കള്‍. ബി. എസ്. സി., ബി. എഡ് ബിരുദങ്ങള്‍ നേടി. അധ്യാപകവൃത്തിയോടൊപ്പം സാമൂഹിക പ്രവര്‍ത്തനത്തിലുമേര്‍പ്പെട്ടു. “ഞാന്‍ കണ്ട യൂറോപ്പ്” എന്ന യാത്രാവിവരണമാണ് ആദ്യ കൃതി. പ്രശസ്ത സ്വാതന്ത്ര്യ സമരസേനാനിയായ സി. കുട്ടന്‍നായരുടെ ഭാര്യ. മിസ്സിസ് സി. കുട്ടന്‍ നായര്‍ എന്ന പേരിലും എഴുതി. “പഥികയും വഴിയോരത്തെ മണിദീപങ്ങളും” എന്ന ആത്മകഥയ്ക്ക് 1994 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 1997 നവംബര്‍ 20 ന് അന്തരിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്‍റെ തീച്ചൂള എരിയുമ്പോള്‍ അധ്യാപികയും സാമൂഹിക പ്രവര്‍ത്തകയുമായ ഒരാളുടെ അനുഭവങ്ങള്‍ക്ക് തീക്ഷണതയേറും. അതുകൊണ്ടു തന്നെ കാലഘട്ടത്തിന്‍റെ നടുക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച എഴുത്താണ് കല്യാണിക്കുട്ടിയമ്മയുടേത്. ഒരു സാധാരണക്കാരി വീട്ടമ്മയല്ല, മറിച്ച് ചരിത്രബോധമുള്ള, ദേശസ്നേഹമുള്ള സാമൂഹികജീവിയായി എഴുത്തും കര്‍മ്മവും സൂക്ഷിച്ചവരാണവര്‍. ഗാന്ധിജിയുമായി അഭിമുഖം നടത്തിയ ആദ്യത്തെ മലയാളി വനിതയെന്ന ബഹുമതിയും ഇവര്‍ക്കുള്ളതാണ്. അധ്യാപകജീവിതത്തിലും വിരമിച്ചതിനു ശേഷവും രാഷ്ട്രീയമായി ഒട്ടേറെ വേര്‍തിരിവുകള്‍ കല്യാണിക്കുട്ടിയമ്മയ്ക്കു നേരിടേണ്ടി വന്നിട്ടുണ്ട്. ആത്മകഥയായ “പഥികയും വഴിയോരത്തെ മണിദീപങ്ങളും” എന്ന കൃതിയില്‍ ഇവയെല്ലാം സവിസ്താരം പ്രതിപാദിപ്പിക്കുന്നു. ആത്മകഥയിലെ ഇരുപത്തിയഞ്ചാം അധ്യായമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗാന്ധിജിയുമായുള്ള കൂടിക്കാഴ്ചയാണ് പ്രതിപാദ്യം. 1934 ഡിസംബറില്‍ കറാച്ചിയില്‍ നടന്ന അഖിലേന്ത്യാ മഹിളാ സമ്മേളനമാണ് കൂടിക്കാഴ്ചയ്ക്ക് നിമിത്തമായത്. സന്താനനിയന്ത്രണത്തെ സംബന്ധിച്ച് സമ്മേളനത്തിലുണ്ടായ ചര്‍ച്ചയും വാക്കേറ്റവും കല്യാണിക്കുട്ടിയമ്മയെ കൂടുതല്‍ ചിന്തിപ്പിച്ചു. ഈ വിഷയത്തില്‍ ഗാന്ധിജിയുടെ അഭിപ്രായം ആരായാനുള്ള കൗതുകമാണ് ചരിത്രമെഴുതിയ ആ അഭിമുഖത്തിനു വഴിത്തെളിച്ചത്. സന്താന നിയന്ത്രണത്തെക്കുറിച്ചും സ്ത്രീപുരുഷസമത്വത്തെക്കുറിച്ചുമായിരുന്നു ഗാന്ധിജിയോടു പ്രധാനമായും ചോദിച്ചത്. കേരളത്തിലെ മരുമക്കത്തായ സമ്പ്രദായവും മറ്റും സൂചിപ്പിച്ച് ഗാന്ധിജി സരസമായി മറുപടി നല്‍കുകയും ചെയ്തു. മക്കളുടെ മരണം ഏല്പിച്ച ആഘാതത്തില്‍ പ്രാര്‍ത്ഥനയോടും മറ്റും വിരക്തി തോന്നിയ കാലമായിരുന്നു കല്യാണിയമ്മയ്ക്കത്. അതുകൊണ്ടുതന്നെ പ്രാര്‍ത്ഥനയ്ക്കു വരാന്‍ ഗാന്ധിജി ക്ഷണിച്ചപ്പോള്‍ അവര്‍ വിനയപൂര്‍വ്വം നിരസിച്ചു.

“ഞാന്‍ കണ്ട യൂറോപ്പ്” (യാത്രാവിവരണം). “പഥികയും വഴിയോരത്തെ മണിദീപങ്ങളും” (ആത്മകഥ). തൃശൂര്‍: ഗ്രന്ഥകര്‍ത്രി, 1993.

Extracts

Women Writers of Kerala

View all Authors