
ബി. കല്യാണി അമ്മ
1883 ല്‍ ജനിച്ചു (11 കുംഭം 1059). ബി. എ., എല്‍. ടി. ബിരുദങ്ങള്‍ കരസ്ഥമാക്കി. അധ്യാപികയും സാഹിത്യകാരിയുമായിരുന്നു. രാജദ്രോഹകുറ്റം ചുമത്തി തിരുവിതാംകൂറില്‍ നിന്നും നാടുകടത്തപ്പെട്ട സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ പത്നിയായ കല്യാണിയമ്മ സ്വഭര്‍ത്താവിനെ അനുഗമിച്ച് തിരുനെല്‍വേലി, മദ്രാസ്, പാലക്കാട് എന്നീ സ്ഥലങ്ങളില്‍ കഴിച്ചുകൂട്ടിയശേഷം കണ്ണൂരില്‍ വന്ന് താമസമുറപ്പിച്ചു. കണ്ണൂരിലും മംഗലാപുരത്തും അധ്യാപകവൃത്തിയിലും കുറെക്കാലം ചെലവഴിച്ചു. 1939 മുതല്‍ സ്ഥിരതാമസം കോഴിക്കോട്ടാക്കി. കോട്ടയ്ക്കല്‍ സാഹിത്യ പരിഷത്തില്‍ അദ്ധ്യക്ഷത വഹിച്ചിട്ടുണ്ട്. 1959 ഒക്ടോബര്‍ 9 ന് അന്തരിച്ചു. ധാരാളം കൃതികള്‍ കല്യാണിയമ്മയുടേതായി പ്രസിദ്ധീകൃതമായിട്ടുണ്ട്. കൊച്ചി മഹാരാജാവു നല്കിയ സാഹിത്യ സഖി ബഹുമതി ബിരുദം കല്യാണിയമ്മ സ്വീകരിച്ചില്ല. തനിക്കു പരിചിതമായ വ്യക്തികളെയും നേരിട്ടു ബന്ധപ്പെട്ട അനുഭവങ്ങളെയും സംബന്ധിച്ച് യാഥാര്‍ത്ഥ്യബോധത്തോടെ എഴുതുന്ന ഓര്‍മ്മകുറിപ്പുകളാണ് ഇവരുടെ കൃതികള്‍. ഭര്ത്തൃമരണത്തിനു ശേഷം അധികം താമസിക്കാതെ രചിച്ച “വ്യാഴവട്ടസ്മരണകള്‍” (1916), ഭൂതകാലാനുഭവങ്ങളെക്കുറിച്ച് അവര്‍ എഴുതിയ ഏതാനും രചനകളടങ്ങുന്ന “ഓര്‍മ്മയല്‍ നിന്ന്” (1964), ജീവചരിത്ര ലേഖനങ്ങള്‍ അടങ്ങിയ “മഹതികള്‍” (1920), രവീന്ദ്രനാഥ ടാഗോറിന്റെ ഘരേബാളരേ (ഋിഴ ഠവല വീാല മിറ വേല ണീൃഹറ) എന്ന നോവലിന്റെ വിവര്‍ത്തനമായ “വീട്ടിലും പുറത്തും” (1924) തുടങ്ങിയവയാണ് പ്രധാന കൃതികള്‍. 1904 ല്‍ രാമകൃഷ്ണപിള്ളയെ വിവാഹം കഴിച്ചതു മുതല്‍ 1916 ല്‍ അദ്ദേഹം അന്തരിക്കുന്നതു വരെ മാത്രം നീണ്ടുനിന്ന ദാമ്പത്യ ജീവിതത്തിനിടയില്‍ ഇരുവര്‍ക്കും അനുഭവിക്കേണ്ടി വന്ന സുഖദുഃഖങ്ങളിലേക്കു നടത്തുന്ന ഹൃദയസ്പര്‍ശിയായ ഒരു തിരിഞ്ഞുനോട്ടമാണ് കല്യാണിയമ്മ രചിച്ച “വ്യാഴവട്ടസ്മരണകള്‍” എന്ന ജീവചരിത്രം. 1910 സെപ്റ്റംബറില്‍ തിരുവിതാംകൂറില്‍ നിന്നും രാജ്യഭ്രഷ്ടനാക്കപ്പെട്ട ഭര്‍ത്താവുമൊരുമിച്ച് ബന്ധുജനങ്ങളെയും ഉദ്യോഗത്തെയും നാടും വീടും സകലതും ത്യജിച്ച് മറുനാട്ടില്‍ വന്നു ക്ലേശിച്ച് ജീവിതം തള്ളിനീക്കേണ്ടി വന്നതായി കല്യാണിയമ്മ ഓര്‍മ്മയില്‍ നിന്നും രേഖപ്പെടുത്തിയിരിക്കുന്നു. മാത്രവുമല്ല മേല്‍പ്പറഞ്ഞ ഗവണ്മെന്റ് നടപടിയില്‍ അദ്ദേഹം സ്വതന്ത്രനായി, സ്വസ്ഥനായി. തിരുവിതാംകൂര്‍ അതിര്‍ത്തിവിട്ട് ബ്രിട്ടീഷ് രാജ്യത്തില്‍ പ്രവേശിക്കുകയും ദീര്‍ഘകാലമായി അര്‍ഹിച്ചിരുന്ന വിശ്രമം ഈ വിധത്തില്‍ ജഗദീശ്വരന് അദ്ദേഹത്തിനു കരുണാപൂര്‍വം നല്‍കിയെന്ന് തെല്ലൊരാശ്വാസത്തോടെ സ്മരിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ അനുഭവങ്ങളുടെയും വസ്തുതകളുടെയും ശക്തവും വികാരഭദ്രവും ആയ പ്രതിപാദനം കൊണ്ട് ഉജ്ജ്വലമായ ഒരു കൃതിയാണിത്.