Dr. Jyothilekshmi P. S.

ഡോ. പി. എസ്. ജ്യോതിലക്ഷ്മി

ആലപ്പുഴ ജില്ലയിലെ അരൂരില്‍ 1971 ഒക്ടോബര്‍ 2 ന് ജനിച്ചു. അരൂര്‍ ഗവ. ഫിഷറീസ് സ്കൂള്‍, സെന്‍റ് അഗസ്റ്റിന്‍സ് സ്കൂള്‍, ഇടക്കൊച്ചി അക്വിനാസ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, എറണാകുളം, സെന്‍റ് ജോസഫ്സ് ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളില്‍ പഠനം. മഹാത്മഗാന്ധി സര്‍വ്വകലാശാലയില്‍ നിന്ന് മലയാള സാഹിത്യത്തില്‍ പി. എച്ച്. ഡി., ബി. എഡ്. ജേര്‍ണലിസം ഡിപ്ലോമ എന്നിവ കരസ്ഥമാക്കി.

ഡോ. പി. എസ്. ജ്യോതിലക്ഷ്മിയുടേതായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകൃതമായിരിക്കുന്ന ഏക കൃതിയാണ് ഉറൂബിന്‍റെ സ്ത്രീത്വദര്‍ശനം എന്ന നോവല്‍ പഠനം (ജൂണ്‍ 2008).

മനുഷ്യത്വമാണ് സൗന്ദര്യമെന്ന് പ്രഖ്യാപിച്ച ഉറൂബിന്‍റെ സാഹിത്യ ജീവിതത്തിന്‍റെ സുക്ഷ്മതലങ്ങള്‍ ഇനിയും ധാരാളം പഠിക്കാനുണ്ട്. അദ്ദേഹത്തിന്‍റെ കൃതികളിലെ സ്ത്രീത്വ ദര്‍ശനമാണ് ഈ കൃതിയിലൂടെ ഡോ. പി. എസ്. ജ്യോതി ലക്ഷ്മി അന്വേഷിക്കുന്നത്. രണ്ടുഭാഗങ്ങളുള്ള ഈ കൃതിയില്‍ സ്ത്രീവിമോചന പ്രത്യയശാസ്ത്രത്തെപ്പറ്റിയുള്ള നിരീക്ഷണങ്ങളാണ് ആദ്യഭാഗത്ത്. സ്ത്രീപക്ഷത്തു നിന്ന് ഉറൂബിന്‍റെ നോവലുകളെ അപഗ്രഥിക്കുകയാണ് രണ്ടാംഭാഗത്തില്‍. വളരെ സമഗ്രമായി ഈ കൃത്യം നിര്‍വ്വഹിക്കുന്നതിന് ഗ്രന്ഥകാരിക്ക് കഴിഞ്ഞിട്ടുണ്ട്. പ്രണയവും വിവാഹവും കുടുംബവും മാതൃത്വവും എങ്ങനെയെല്ലാം ഉറൂബിന്‍റെ കൃതികളില്‍ പ്രതിഫലിക്കുന്നുവെന്ന് സൂക്ഷ്മമായി വിശകലനം ചെയ്യുന്നു. സ്ത്രീയെ അതിന്‍റെ ശക്തിസൗന്ദര്യത്തോടെയും ആധുനിക സ്ത്രീചിന്തയുടെയും പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ഈ കൃതിക്ക് നോവല്‍ സാഹിത്യനിരൂപണത്തില്‍ സ്ത്രീയുടെ ഇടം വിശാലവും അടിയുറച്ചതുമാക്കിത്തീര്‍ക്കുവാന്‍ കഴിയും എന്നതിന്‍റെ വാഗ്ദാനമാണ് ഈ പഠനം.

“ഉറൂബിന്‍റെ സ്ത്രീത്വദര്‍ശനം”. തൃശൂര്‍: കേരള സാഹിത്യ അക്കാദമി, ജൂണ്‍ 2008.

Extracts

Women Writers of Kerala

View all Authors