Jessy Narayanan

ജെസി നാരായണന്‍

പത്രപ്രവര്‍ത്തക, എഴുത്തുകാരി, മാജിക് രംഗത്ത് ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സംസ്ഥാന കുടുംബശ്രീ മിഷനില്‍ അസിസ്റ്റന്‍റ് എഡിറ്റര്‍. “ഇ. എം. എസ്.” (ബാലസാഹിത്യം), “കുഞ്ഞുമോള്‍ ചേച്ചി” (ചെറുകഥകള്‍), “മാമ്പൂക്കള്‍” (നാടകം), “മാന്ത്രികക്കൂടാരത്തിലെ ഓര്‍മ്മകള്‍” എന്നിവയാണ് പ്രധാന കൃതികള്‍. “മാന്ത്രികക്കൂടാരത്തിലെ ഓര്‍മ്മകള്‍” എന്ന ഗ്രന്ഥത്തിലെ ‘ഹാദിനി പെട്ടിക്കുള്ളില്‍ ശ്വാസം മുട്ടിയ നിമിഷങ്ങള്‍’ എന്ന അദ്ധ്യായമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വര്‍ഷങ്ങളോളം മാജിക്കിന്‍റെ മായാലോകത്ത് ജീവിച്ച ഒരു കലാകാരിയുടെ അപൂര്‍വ്വമായ അനുഭവങ്ങളുടെ ഈ ഓര്‍മ്മക്കുറിപ്പുകള്‍ തന്‍റെ സ്വകാര്യ വേദനകളുടെയും നിശ്ശബ്ദമായ പോരാട്ടങ്ങളുടെയും സാക്ഷ്യപ്പെടുത്തല്‍ കൂടിയാണ്. നാടകട്രൂപ്പിലോ, ബാലെ ട്രൂപ്പിലോ, ഡാന്‍സ് ട്രൂപ്പിലോ ഉള്ള കലാകാരികളുടെ അനുഭവങ്ങളായിരുന്നില്ല മാജിക് ട്രൂപ്പിലെ കലാകാരികള്‍ക്കുണ്ടായിട്ടുള്ളത്. അതിന്‍റെ കാരണം ഈ കലയുടെ രഹസ്യസ്വഭാവമാണ്. ജെസി മാജിക് ട്രൂപ്പിലേക്കെത്തിയത് തികച്ചും അവിചാരിതമായിട്ടായിരുന്നു. കലാകാരി ഒരു സ്വകാര്യ സാംസ്കാരിക സംരംഭത്തിലെ തൊഴിലാളിയാകുമ്പോള്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ, ഓര്‍മ്മകളില്‍ നീറുന്ന അനുഭവങ്ങളെ സാക്ഷിനിര്‍ത്തിക്കൊണ്ട് വെളിപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. ഒരു ജനപ്രിയ കലാരൂപമെന്നു വിശേഷിപ്പിക്കാവുന്ന മാജിക്കിന്‍റെ മായാലോകത്ത് വര്‍ഷങ്ങളോളം ജീവിച്ച ഒരു സ്ത്രീയുടെ അപൂര്‍വ്വ അനുഭവസാക്ഷ്യമാണീ പുസ്തകമെന്നു അവതാരികയില്‍ ആര്‍. പാര്‍വതീ ദേവി വിലയിരുത്തുന്നു. വര്‍ഷങ്ങളായി മാജിക്കിന്‍റെ ലോകത്തു നിന്നും അകന്നു നില്‍ക്കുന്ന ജെസി മാജിക്കിന്‍റെ പിന്നിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ആ നിഗൂഡ സൗന്ദര്യം നിലനിര്‍ത്തിക്കൊണ്ടു തന്നെ മാജിക്കിന്‍റെ പിന്നിലെ ജീവിതം വിദഗ്ദ്ധമായി ജെസി വരച്ചുകാട്ടിയിരിക്കുന്നു. ഒരു വ്യക്തി എന്ന നിലയിലും ഒരു കലാകാരി എന്ന തരത്തിലും മാജിക്കിന്‍റെ മായകള്‍ തൊട്ടറിഞ്ഞതിന്‍റെ ആഹ്ലാദവും അഭിമാനവും ഒപ്പം ചില സ്വകാര്യ വേദനകളും വായനക്കാരുമായി പങ്കുവയ്ക്കുക മാത്രമാണ് ഈ പുസ്തകത്തിലൂടെ ജെസി ചെയ്തിരിക്കുന്നത്.

“മാന്ത്രികക്കൂടാരത്തിലെ ഓര്‍മ്മകള്‍” (സ്മരണ). കോഴിക്കോട്: മാതൃഭൂമി, 2008.

Extracts

Women Writers of Kerala

View all Authors