Janaki Nair

ജാനകി നായര്‍

1939 ഡിസംബര്‍ 8 ന് കുമ്പളത്ത് സരസ്വതി അമ്മയുടെയും കണ്ണന്തോടത്ത് ജനാര്‍ദ്ദനന്‍ നായരുടെയും സീമന്തപുത്രിയായി ജനനം. 1956 ല്‍ പ്രൊഫസര്‍ ചന്ദ്രശേഖരന്‍ നായരുമായി വിവാഹം. മക്കളോടൊത്ത് വിശ്രമജീവിതം നയിക്കുന്നു. “കണ്ണന്തോടം - കര്‍മ്മശേഷിയുടെ കാല്‍പ്പാടുകള്‍” (2007) എന്ന സ്മരണ ഗ്രന്ഥമാണ് പ്രസിദ്ധീകരിച്ചത്. “കണ്ണന്തോടം - കര്‍മ്മശേഷിയുടെ കാല്‍പ്പാടുകള്‍” എന്ന ഗ്രന്ഥത്തില്‍ അച്ഛനെക്കുറിച്ചുള്ള മകളുടെ ഓര്‍മ്മകള്‍, കണ്ണന്തോടത്ത് ജനാര്‍ദ്ദനന്‍ നായര്‍ എന്ന വ്യക്തിയെക്കുറിച്ച് മറ്റുള്ളവരുടെ ഓര്‍മ്മക്കുറിപ്പുകള്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അച്ഛന്‍ മരിക്കുന്ന സമയത്ത് ജാനകിയമ്മയ്ക്ക് ഏഴ് വയസ്സായിരുന്നു. അതുകൊണ്ടു തന്നെ വളരെ അധികം ഓര്‍മ്മകള്‍ ഒന്നും അച്ഛനെപ്പറ്റി ഇല്ല എന്ന് ജാനകി നായര്‍ അഭിപ്രായപ്പെടുന്നു. ‘ഓര്‍മ്മയിലെ എന്‍റെ അച്ഛന്‍’ എന്ന് ജാനകി തന്‍റെ അച്ഛനെക്കുറിച്ച് എഴുതിയ ഓര്‍മ്മക്കുറിപ്പുകളാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രാപ്തിക്ക് തൊട്ടുമുമ്പ് പഴയ തിരുവിതാംകൂര്‍ നാട്ടു രാജ്യത്തിലെ സ്വതന്ത്ര്യസമരസേനാനികളെയും വിദ്യാര്‍ത്ഥി യുവജനങ്ങളെയും ദുഃഖത്തിലാഴ്ത്തിയ അകാലചരമങ്ങളില്‍ ഒന്നായിരുന്നു 1946 മാര്‍ച്ച് 16 ന് കൊല്‍ക്കത്തയില്‍ വച്ച് നടന്ന കണ്ണന്തോടത്ത് ജനാര്‍ദ്ദനന്‍ നായരുടെ അന്ത്യം. കേരളത്തിലെയും പ്രത്യേകിച്ച് തിരുവിതാംകൂറിലെയും ദേശീയ പ്രസ്ഥാനത്തിനകത്ത് ഒരു കമ്മ്യൂണിസ്റ്റിതര ഇടതുപക്ഷത്തെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യം ആയിരുന്നു കണ്ണന്തോടത്തിന്‍റേത്. അദ്ദേഹത്തിന്‍റെ സാമൂഹിക ജീവിതത്തെക്കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചും മനസ്സിലാക്കാന്‍ സഹായിക്കുന്ന ഒരു ഓര്‍മ്മക്കുറിപ്പാണ് “കണ്ണന്തോടം - കര്‍മ്മശേഷിയുടെ കാല്‍പ്പാടുകള്‍” എന്നത്.

“കണ്ണന്തോടം - കര്‍മ്മശേഷിയുടെ കാല്‍പ്പാടുകള്‍”. തിരുവനന്തപുരം: പരിധി പബ്ലിക്കേഷന്‍സ്, മാര്‍ച്ച് 2007.

Extracts

Women Writers of Kerala

View all Authors