K. R. Gouriyamma

കെ. ആര്‍. ഗൗരിയമ്മ

1919 ജൂലൈയില്‍ ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് ഗ്രാമത്തില്‍ ജനിച്ചു. തുറവൂര്‍ തിരുമല ദേവസ്വം സ്കൂളിലും ചേര്‍ത്തല ഇംഗ്ലീഷ് സ്കൂളിലുമായി സ്കൂള്‍ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസിലും സെന്‍റ് തെരേസാസിലുമായി ബിരുദപഠനം. തുടര്‍ന്ന് തിരുവനന്തപുരം ഗവണ്‍മെന്‍റ് ലോ കോളേജില്‍ നിന്നും നിയമബിരുദം. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെയും ജനസേവനരംഗത്തിറങ്ങി. സ്ത്രീകള്‍ക്ക് പ്രവര്‍ത്തനമില്ലാതിരുന്ന കേരള രാഷ്ട്രീയത്തിലിടം നേടിയത്. ട്രേഡ് യൂണിയന്‍ - കര്‍ഷക പ്രസ്ഥാന പ്രവര്‍ത്തനങ്ങളിലൂടെയാണ്. ദീര്‍ഘകാലം കേരള കര്‍ഷകസംഘം പ്രസിഡന്‍റായിരുന്നു. 1952 ലും 54 ലും തിരു-കൊച്ചി നിയമസഭയില്‍ വലിയ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. 1957 ല്‍ കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റു മന്ത്രിസഭയില്‍ റവന്യു മന്ത്രിസ്ഥാനം അലങ്കരിച്ചു. വിവാദമായ കാര്‍ഷിക പരിഷ്കരണ നിയമം പാസ്സാക്കിയത് ഈ സമയത്താണ്. ഇതേ വര്‍ഷം തന്നെയായിരുന്നു പ്രമുഖ നേതാവും മന്ത്രിയുമായിരുന്ന ടി. വി. തോമസുമായുള്ള വിവാഹം. 1964 ല്‍ പാര്‍ട്ടി വിഭജനത്തിനു ശേഷം പുതുതായി രുപീകരിക്കപ്പെട്ട സി. പി. ഐ. (എം) ല്‍ ഗൗരിയമ്മ ചേര്‍ന്നു. രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ നിരവധി ഉന്നത സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുള്ള ഗൗരിയമ്മ ഇരുപതു കൊല്ലത്തോളം മഹിളാസംഘത്തിന്‍റെ പ്രസിഡന്‍റും സെക്രട്ടറിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1967, 80, 87 കാലത്ത് ഇടതുപക്ഷ മന്ത്രിസഭകളില്‍ അംഗമായി. 1987 ല്‍ വനിതാ കമ്മീഷന്‍ നിയമവും അഴിമതി നിരോധന നിയമവും പാസ്സാക്കി. 1994 ല്‍ സി. പി. ഐ. (എം) ല്‍ നിന്നും പുറത്താക്കപ്പെട്ടു. തുടര്‍ന്നു ജനാധിപത്യ സംരക്ഷണ സമിതി രുപീകരിച്ചു. ജെ .എസ്. എസ്. യു. ഡി. എഫിന്‍റെ ഘടക കക്ഷിയാകുകയും 2001 ല്‍ യു. ഡി. എഫ്. മന്ത്രിസഭയില്‍ ഗൗരിയമ്മ കൃഷിമന്ത്രിയായി സേവനം അനുഷ്ഠിക്കുകയും ചെയ്തു. 1977 ലും 2006 ലും ഒഴികെ എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളിലും വിജയിച്ചു. ഇപ്പോള്‍ ജെ. എസ്. എസ്. ജനറല്‍ സെക്രട്ടറിയാണ്. “ആത്മകഥ” യാണ് പ്രസിദ്ധീകരിച്ച കൃതി. “ആത്മകഥ” യിലെ ആദ്യ അദ്ധ്യായമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്വാതന്ത്ര്യസമരക്കാലത്തെ കലുഷമായ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലകളിലൂടെ കേരളത്തെ കൈപിടിച്ചു നടത്തിയവരില്‍ പ്രമുഖയായ ഗൗരിയമ്മ, തന്‍റെ ജീവിതത്തിലേയ്ക്കും രാഷ്ട്രീയത്തിലേക്കും ഓര്‍മകളിലൂടെ ഒരു മടക്കയാത്ര നടത്തുകയാണ് ഗൗരിയമ്മ. ഒരു കമ്മ്യൂണിസ്റ്റെന്ന നിലയിലും സ്ത്രീ എന്ന നിലയിലും നേരിട്ട പൊള്ളുന്ന അനുഭവങ്ങള്‍, ആശയപരമായും പ്രത്യയശാസ്ത്രപരമായും യാതൊരു കെട്ടുപാടുകളുമില്ലാതെ തുറന്നെഴുതുകയാണിവിടെ. അതുകൊണ്ടു തന്നെ ഇതിലെ ഓരോ വരികളിലും നേരിന്‍റെ വജ്രത്തിളക്കം കാണാം.

“ആത്മകഥ”. കോഴിക്കോട്: മാതൃഭൂമി ബുക്സ്, 2010.

Extracts

Women Writers of Kerala

View all Authors