M. Ganga Devi

എം. ഗംഗാ ദേവി

1974 ഫെബ്രുവരി 21 ന് കൊല്ലം ജില്ലയിലെ തേവുന്നീരില്‍ ജനിച്ചു. ചന്ദ്രമന കെ. മാധവന്‍ നമ്പൂതിരിയുടെയും ഡി. ദേവകി അന്തര്‍ജനത്തിന്‍റെയും മകള്‍. കേരള സര്‍വ്വകലാശാലയില്‍ നിന്നും ഒന്നാം റാങ്കോടെ മലയാള സാഹിത്യത്തില്‍ ബിരുദം, എം. എ., യു. ജി. സി. ഫെലോഷിപ്പോടെ ഡോക്ടറേറ്റ് എന്നിവ നേടിയ ശേഷം യു. ജി. സി. യുടെ റിസര്‍ച്ച് അസോസിയേറ്റായി കേരള സര്‍വ്വകലാശാല മലയാളം വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഗവ. ഹയര്‍ സെക്കന്‍ററി സ്കൂള്‍ അധ്യാപികയാണ്.

"ഒന്ന്" (2006), "പവിഴമല്ലി" എന്നീ കവിതാ സമാഹാരങ്ങളാണ് പ്രസിദ്ധീകൃതമായ കൃതികള്‍. 1995 ല്‍ സാഹിത്യ അക്കാദമിയുടെ സി. ബി. കുമാര്‍ സ്മാരക പ്രബന്ധ മത്സരം, 1996 ല്‍ ഭാഷാപോഷിണി നടത്തിയ പ്രഥമ സാഹിത്യാഭിരുചി മത്സരം, 1997 ല്‍ അങ്കണം സാംസ്കാരിക വേദി നടത്തിയ പ്രബന്ധ മത്സരം, 1998 ല്‍ പണ്ഡിറ്റ് കറുപ്പന്‍ സാംസ്കാരികവേദി നടത്തിയ പ്രബന്ധ മത്സരം എന്നിവയില്‍ സമ്മാനം നേടിയിട്ടുണ്ട്. മഹിളാ ചന്ദ്രിക കഥാ അവാര്‍ഡ് 2000, ഗംഗാദേവിക്കാണ് ലഭിച്ചത്.

'അട്ടയും പെണ്ണും'  എന്ന കവിതയില്‍ ചില പരമസ്വരൂപങ്ങളെയും ജീവിതത്തിന്‍റെ പുതിയ സമവാക്യങ്ങളെയും തേടുന്ന ഗംഗാദേവിയുടെ വചനങ്ങള്‍ ചിത്രകലയുടെയും ഭാവവാങ്മയത്തിന്‍റെയും സമന്വയത്തിനായി വെമ്പുന്നു. ചതുപ്പുനിലത്ത് ആണ്ടുപോകുന്ന ചെരുപ്പുകള്‍, കുറപ്പിന്‍റെ വെളിച്ചം എന്നിങ്ങനെ പെണ്‍മയുടെ അവസ്ഥകളെ വ്യഞ്ജിപ്പിക്കുന്നിടത്തൊക്കെ ഇതു കാണാം. ഒറ്റയൊറ്റക്കാഴ്ചകളുടെ വര്‍ണ്ണവാഗ്രൂപങ്ങള്‍ കൊണ്ട് ഒരു കാവ്യ മുഹൂര്‍ത്തത്തില്‍ തന്നെ പല നോട്ടങ്ങള്‍ സാധ്യമാക്കുന്നു; നാളെയെക്കുറിച്ചുള്ള കവയിത്രിയുടെ ആകുലതകള്‍ ഇവിടെ തെളിഞ്ഞു കാണാം.

ചരിത്രത്തിന്‍റെ

ചിതല്‍ പുസ്തകങ്ങളില്‍

കിഴിഞ്ഞുപോയ

അക്ഷരത്തുണ്ടായെങ്കിലും

നമ്മള്‍ ശേഷിക്കുമോ?

“ഒന്ന്” (കവിതാസമാഹാരം). കോട്ടയം: കറന്‍റ്ബുക്സ്, 2006. “പവിഴമല്ലി” (എഡിറ്റര്‍, ബാലകവിതാസമാഹാരം). തിരുവനന്തപുരം: ഗൗതാ ബുക്സ്, 2005.

Extracts

Women Writers of Kerala

View all Authors