Fatima Gafoor

ഫാത്തിമ ഗഫൂര്‍

കേരളത്തിലെ പല വനിതാക്ഷേമ പ്രവര്‍ത്തനങ്ങളിലും സജീവ പങ്കുവഹിച്ചിരുന്ന ഫാത്തിമാ ഗഫൂര്‍ ആലുവായിലെ പ്രമുഖ വ്യവസായി ആയിരുന്ന എം. എ. ഹമീദിന്‍റെ മകളാണ്. 1955 ല്‍ ഡോ. പി. കെ. അബ്ദുള്‍ ഗഫൂറിനെ വിവാഹം ചെയ്തു. ലോക പ്രസിദ്ധമായ എഡിന്‍ബറോ യൂണിവേഴ്സിറ്റിയിലെ വെസ്റ്റേണ്‍ മെഡിക്കല്‍ ഹോസ്പിറ്റലില്‍ റേഡിയോളജി വിഭാഗത്തില്‍ സോഷ്യല്‍ വര്‍ക്കറായി കുറച്ചുകാലം ജോലി ചെയ്തിരുന്നു. 1972  മുതല്‍ അഖിലേന്ത്യാ എം. ഇ. എസ്. വനിതാ വിഭാഗത്തിന്‍റെ പ്രസിഡന്‍റായും സേവനം അനുഷ്ഠിച്ചു.

“ഓര്‍മ്മയിലെന്നും” എന്ന ഓര്‍മ്മക്കുറിപ്പാണ് പ്രസിദ്ധീകരിച്ച കൃതി.

ജീവിതം മുഴുവന്‍ സേവനത്തിന് ഉഴിഞ്ഞു വെച്ച ഡോ. പി.കെ. അബ്ദുള്‍ ഗഫൂര്‍ എന്ന വ്യക്തിത്വത്തെ സമൂഹത്തിനു മുന്നില്‍ തുറന്നു കാണിക്കുകയാണ് ശ്രീമതി. ഫാത്തിമാ ഗഫൂര്‍ “ഓര്‍മ്മയിലെന്നും” എന്ന ഗ്രന്ഥത്തില്‍കൂടി. ഡോ. അബ്ദുള്‍ ഗഫൂര്‍ എന്ന പ്രതിഭാശാലിയെ പറ്റി യാതൊരു വളച്ചു കെട്ടും ഇല്ലാതെ, തന്‍റെ കൂട്ടുകാരികളോട് പറയുന്ന രീതിയില്‍ വളരെ ലളിതമായി ആവിഷ്കരിച്ചിരിക്കുന്നു. അബ്ദുള്‍ ഗഫൂര്‍ ഒരു ഡോക്ടര്‍ എന്നതിലുപരി സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. മുസ്ലീം എഡ്യുക്കേഷനല്‍ സൊസൈറ്റി സ്ഥാപിച്ച അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും വലിയ പ്രചോദന കേന്ദ്രം ഫാത്തിമാ ഗഫൂര്‍ ആയിരുന്നു. വിദ്യാഭ്യാസപരമായി പിന്നോക്കം നില്ക്കുക വഴി അപഹാസ്യ പാത്രമായിരുന്ന ഒരു സമുദായത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആവശ്യമായതെല്ലാം ചെയ്യാന്‍ ഗഫൂറിന് കഴിഞ്ഞു. സ്വന്തം സമൂദായത്തിലെ എതിര്‍പ്പുകളെപ്പോലും അദ്ദേഹം പലപ്പോഴും അവഗണിച്ചിരുന്നു. സ്വന്തം നാട്ടുകാരേക്കാള്‍ കൂടുതല്‍ ആദരവ് അന്യനാട്ടുകാരില്‍ നിന്നും ഏറ്റുവാങ്ങിയ പൊതുജവസേവകന്‍ കൂടിയാണ് അദ്ദേഹം. ഭര്‍ത്താവിനോടൊപ്പം പൊതുരംഗങ്ങളില്‍ പ്രവര്‍ത്തിച്ച ഫാത്തിമാ ഗഫൂര്‍ “ഓര്‍മ്മയിലെന്നും” എന്ന തന്‍റെ ഓര്‍മ്മക്കുറിപ്പിലൂടെ ആ മഹത്വ്യക്തിത്വത്തെ വായനക്കാരുടെ മുന്നില്‍ തുറന്നു കാട്ടുകയാണ്.

“ഓര്‍മ്മയിലെന്നും” . 1988.

Extracts

Women Writers of Kerala

View all Authors