Devi

ദേവി

തിരുവനന്തപുരത്ത് ജനിച്ചു. കെ. സദാനന്ദന്‍റെയും ജി. ജാനകിയുടെയും മകള്‍. സ്കൂള്‍ കോളേജ് മാഗസീനില്‍ കഥകള്‍ പ്രസിദ്ധീകരിച്ചുകൊണ്ട് സാഹിത്യ രംഗത്തു കടന്നു വന്നു. ആനുകാലികങ്ങളില്‍ കഥകളും ലേഖനങ്ങളും എഴുതാറുണ്ട്. സസ്യശാസ്ത്രത്തില്‍ ബിരുദവും മലയാള സാഹിത്യത്തല്‍ ബിരുദാനന്തര ബിരുദവും ബി. എഡും. വിദ്യാഭ്യാസ യോഗ്യത, കോട്ടയം മരിയന്‍ സ്കൂളില്‍ അധ്യാപികയായിരുന്നു. തുടര്‍ന്ന് കോട്ടയം മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ ജോലി ചെയ്തു. “അപൂര്‍ണ രാഗങ്ങള്‍” (1997), “ഒരു മദ്ധ്യാഹ്നത്തിലെ വിസ്മയം” (1995), “ഏഴാമത്തെ ചുംബനം” (1999) “സുസ്മിതയുടെ സ്വപ്നങ്ങള്‍, “മനസ്സിന്‍റെ താളുകള്‍” (2006) “ഷാന്‍ഗ്രില” (2006) തുടങ്ങിയവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. ദേവിയുടെ “ഷാന്‍ഗ്രില” എന്ന കഥയാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. വിദൂരങ്ങളില്‍ താമസിക്കുന്ന, ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്ത മനുഷ്യര്‍ക്കു തമ്മില്‍ സാമ്യം ഉണ്ടാവുക കാണുമ്പോള്‍ പരസ്പരം അടുപ്പം തോന്നുക ഇതൊക്കെ മനുഷ്യന് വിവരിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ്. അത്തരമൊരു വിഷയമാണ് ഈ കഥയില്‍ അവതരിപ്പിക്കുന്നത്. മഹേഷിന്‍റെ വീട്ടില്‍ എത്തുന്ന ചൈനാക്കാരന്‍ മഹേഷിന്‍റെ ഭാര്യയില്‍ കാണുന്നത് മരിച്ചുപൊയ തന്‍റെ അമ്മയെയാണ്. 'നീ എന്‍റെ അമ്മയെ ഓര്‍മ്മിപ്പിക്കുന്നു' എന്ന് അദ്ദേഹം അവളോട് പറയുന്നു. ചൈനീസ് ഭാഷ അറിയില്ലെങ്കിലും മഹേഷിന്‍റെ ഭാര്യയ്ക്ക് ചൈനാക്കാരന്‍ പറഞ്ഞതെല്ലാം മനസിലാക്കാന്‍ സാധിച്ചു. 'അമ്മയ്ക്കും മകനുമിടയില്‍ ആശയ വിനിമയത്തിന് ഭാഷ ഒരു തടസ്സമല്ല'. വര്‍ഷങ്ങള്‍ക്കു മുന്‍പ് തനിക്ക് നഷ്ടമായ അമ്മയെ അയാള്‍ക്ക് വീണ്ടും അനുഭവപ്പെടുന്നു. ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഈയൊരന്തരീക്ഷത്തിലേക്ക് താന്‍ വീണ്ടും തിരിച്ചുവരും എന്ന് പറഞ്ഞ് പടിയിറങ്ങി. 'വീണ്ടും വരും ഞാന്‍' നിന്‍റെയീ ഷാന്‍ഗ്രിലയിലേക്ക്'. നിത്യജീവിതത്തിലെ വളരെ സ്വാഭാവികം എന്ന് തോന്നുന്ന സന്ദര്‍ഭത്തെ വ്യത്യസ്തമായ ഒരു അര്‍ത്ഥതലത്തില്‍ ആവിഷ്ക്കരിക്കാന്‍ കഥാകാരിക്ക് കഴിയുന്നു. ശക്തവും എന്നാല്‍ വളച്ചു കെട്ടില്ലാത്തതുമായ ഭാഷയില്‍ ഒരു അമ്മയും മകനും തമ്മിലുള്ള ഗാഡമായ ബന്ധം ആവിഷ്ക്കരിക്കുകയാണ് ഈ കഥയില്‍. അതുകൊണ്ടു തന്നെ ഈ കഥ വ്യത്യസ്തവും ഹൃദ്യവുമായി അനുഭവപ്പെടുന്നു.

“അപൂര്‍ണരാഗങ്ങള്‍”. “ഒരു മദ്ധ്യാഹ്നത്തിലെ വിസ്മയം”. മാര്‍ച്ച് 1995. “ഷ്രാന്‍ഗ്രില”.പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്, സെപ്തംബര്‍ ,2006. “മനസ്സിന്‍റെ താളുകള്‍”. മാര്‍ച്ച് 2006. “ഏഴാമത്തെ ചുംബനം”. ജനുവരി 1999. “സുസ്മിതയുടെ സ്വപ്നങ്ങള്‍”.

Extracts

Women Writers of Kerala

View all Authors