Chithra Sreekumar

ചിത്ര ശ്രീകുമാര്‍

കെ. ആര്‍. ചന്ദ്രശേഖരന്‍ നായരുടേയും വിമലാ സി. നായരുടേയും മകളായി 1965 ല്‍ കോട്ടയം ജില്ലയിലെ പുതുപ്പള്ളിയില്‍ ജനിച്ചു. സസ്യശാസ്ത്രത്തില്‍ ബിരുദവും, മലയാളത്തില്‍ എം. എ., ബി. എഡും നേടി. മലയാളം അധ്യാപിക (എന്‍. എസ്. എസ്. വനിതാ കോളേജ്, പെരുന്താന്നി). അധ്യാപനത്തിലും സാഹിത്യത്തിലും പാചകത്തിലും കൃഷിയിലും ഒരു പോലെ പ്രാവീണ്യമുള്ള ഒരു വ്യക്തിയാണ് ചിത്രാ ശ്രീകുമാര്‍. കേരള വെറ്ററിനറി സര്‍വ്വകലാശാലയില്‍ അസിസ്റ്റന്റ്‌ ഫിനാന്‍സ് ആഫീസറായ പി. ശ്രീകുമാറാണ് ഭര്‍ത്താവ്.

മക്കൾ :-
 
ശ്രീജിത്ത് - ( ഫിനാസ്ട്ര - ടെക്നോപാർക്ക്)
 
ശ്രീജിഷ്ണു - (ഇൻഫോസിസ്)
 
മരുമകൾ - കൃഷ്ണപ്രിയ - (ഇൻഫോസിസ്)
 

 ബാലസാഹിത്യം, കവിത, കഥ, ലേഖനങ്ങള്‍, ലളിത ഗാനങ്ങള്‍, ഭക്തിഗാനങ്ങള്‍, പാചകക്കുറിപ്പുകള്‍... എല്ലാം തനിക്കു വഴങ്ങുന്നതാണെന്ന് ചിത്ര തെളിയിച്ചിട്ടുണ്ട്.

“മഞ്ചാടിമണികള്‍”, “കുന്നിമണികള്‍” ഇവ രണ്ടും കുട്ടികള്‍ക്കു വേണ്ടിയുള്ള കവിതകളാണ്. “തുഞ്ചന്‍ ഡോട്ട്‌കോം”, “പ്രണയമഴ” എന്നീ കൃതികളില്‍ സമകാലിക സാമൂഹിക പ്രശ്നങ്ങളാണുള്ളത്. ഇന്നത്തെ സമൂഹത്തില്‍, ഈ യന്ത്രയുഗത്തില്‍ വന്നുഭവിച്ച മാറ്റങ്ങള്‍, ശിഥിലമാകുന്ന ബന്ധങ്ങള്‍, ധാര്‍മ്മികമൂല്യച്യുതി, പ്രകൃതിയും സ്ത്രീകളും നേരിടേണ്ടി വരുന്ന ചൂഷണങ്ങള്‍, അനീതികള്‍, അക്രമങ്ങള്‍, കൊള്ളരുതായ്മകള്‍ എല്ലാമെല്ലാം ഈ കവിയുടെ മനസ്സിനെ ഏറെ അസ്വസ്ഥമാക്കുകയാണ്. അതിന്‍റെ പരിസ്ഫുരണങ്ങളാണ് ഇതിലെ കവിതകള്‍. ‘പുഴയുടെ പരിഭവം’, ‘തുഞ്ചന്‍ ഡോട്ട്‌കോം’, ‘തിങ്കള്‍ച്ചിരി’, ‘കൂടുതേടി’, ‘വനം’, ‘പകല്‍വീട്’, ‘ന്യായം അന്യായം’, ‘നീതി ദേവതേ... ഇനി കണ്‍തുറക്കൂ’, ‘ഓണമായ്’ എന്നീ കവിതകള്‍ ചില ഉദാഹരണങ്ങള്‍.

പല ചാനലുകളിലും കുക്കറിഷോകള്‍ അവതരിപ്പിക്കാറുള്ള ചിത്രാ ശ്രീകുമാര്‍ ‘ജയ്ഹിന്ദ്‌ ടി. വി.’ നടത്തിയ “പച്ചടി കിച്ചടി” പാചക മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ഇപ്പോള്‍ കുക്കറി ക്ലാസ്സുകളും കൈകാര്യം ചെയ്യുന്നുണ്ട്. ചില പാചക പുസ്തകങ്ങള്‍ ഇ-ബുക് ആയിട്ടുണ്ടെന്നതും ശ്രദ്ധേയം. ലേഖനസമാഹാരമായ “ആസ്വാദനങ്ങള്‍ അന്വേഷണങ്ങള്‍” എന്ന പുസ്തകത്തിന്‌ 2012 ല്‍ തിക്കുറിശ്ശി ഫൗണ്ടേഷന്‍റെ സാഹിത്യപുരസ്ക്കാരം ലഭിച്ചു.

വിവാഹമോചനങ്ങള്‍ പെരുകുന്ന ഇന്നത്തെ സമൂഹത്തില്‍ നമുക്കുചുറ്റും കാണുന്ന ചില ദാമ്പത്യ പ്രശ്നങ്ങളാണ് ‘കണ്ണീര്‍പ്പാടങ്ങള്‍’ എന്ന കഥാസമാഹാരത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ആകാശവാണിയിലൂടെ ചിത്രയുടെ പല ലളിതഗാനങ്ങളും സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. ലളിതഗാനങ്ങളുടെയും ആറ്റുകാല്‍ ഭക്തിഗാനങ്ങളുടെയും സ്വന്തം കവിതകളുടെയും സി. ഡി. കളും പ്രകാശനം ചെയ്തിട്ടുണ്ട്. ചില കൃതികള്‍ അച്ചടിയിലാണ്. പ്രണയമഴ എന്ന കവിതാസമാഹാരത്തിലെ ‘പുഴയുടെ പരിഭവം’ എന്ന കവിതയാണ് ഇവിടെ കൊടുത്തിരിക്കുന്നത്‌.

സാഹിത്യ കൃതികൾ - 1. മഞ്ചാടിമണികൾ- (ബാലസാഹിത്യം) 2. കുന്നിമണികൾ (ബാലസാഹിത്യം) 3. തുഞ്ചൻ ഡോട്ട് കോം (കവിതാസമാഹാരം) 4. പ്രണയമഴ (കവിതാസമാഹാരം) 5. കണ്ണീർപ്പാടങ്ങൾ (കഥാസമാഹാരം) 6. ആസ്വാദനങ്ങൾ അന്വേഷണങ്ങൾ (ലേഖനസമാഹാരം) പാചക പുസ്തകങ്ങൾ : 7. ചക്ക മുതൽ ചിക്കൻ വരെ 8. തനി നാടൻ മറുനാടൻ 9. സ്വാദേറും പുതു വിഭവങ്ങൾ 10. രുചിക്കൂട്ട് 11. ഔഷധക്കറികൾ 12.ഓണസദ്യ 13. പ്രമേഹം സ്പെഷ്യൽ പാചകം 14. നേത്ര സുരക്ഷയ്ക് ഇലവിഭവങ്ങൾ സി.ഡി കൾ : 15. തൃക്കൈവെണ്ണ (ലളിതഗാനങ്ങൾ) 16. കോയിയ്കൽ പള്ളിയറ ദേവീഗീതങ്ങൾ 17. ആറ്റുകാലമ്മേ..ജഗദംബികേ.. 18. ഉൺമ .. ചിത്രാ ശ്രീകുമാറിന്റെ കവിതകൾ 19.കാലികം.. കവിതകൾ 20. പഴവങ്ങാടി ഗണപതി.. (പഴവങ്ങാടി ഗണപതി യെക്കുറിച്ചുള്ള ഭക്തിഗാനങ്ങൾ)