C. S. Chandrika

സി.എസ്. ചന്ദ്രിക

1967 ല്‍ തൃശൂരിലെ പെരിങ്ങോട്ടുരില്‍ ജനിച്ചു. സസ്യശാസ്ത്രത്തില്‍ ബിരുദം. മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. സ്കൂള്‍ ഓഫ് ഡ്രാമയില്‍ നാടകത്തില്‍ ഗവേഷണം നടത്തി. കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്‍റെയും സ്ത്രീ നാടകവേദിയുടെയും പ്രധാന സംഘാടകയും പ്രവര്‍ത്തകയുമാണ്.

                “ലേഡീസ് കമ്പാര്‍ട്ട്മെന്‍റ്” (2002), “കേരളത്തിലെ സ്ത്രീമുന്നേറ്റങ്ങളുടെ ചരിത്രം” തുടങ്ങിയവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍.

                സ്ത്രീപക്ഷവാദത്തില്‍ അടിയുറച്ചതാണ് ചന്ദ്രികയുടെ എഴുത്തുകള്‍. “ലേഡീസ് കമ്പാര്‍ട്ട്മെന്‍റ്” എന്ന കഥാസമാഹാരത്തിലെ ‘ടെറന്‍റുല’ എന്ന കഥയാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. കേരളത്തിലെ സ്ത്രീകള്‍ ഇന്ന് അകപ്പെട്ടിരിക്കുന്ന അവസ്ഥയുടെ ആവിഷ്ക്കാരമാണ് ഈ കഥ. “ഞാനിനി എന്തു ചെയ്യും? ഇവിടെ ഒരു ചിലന്തി...... റിയലി ഐ ആം മാപ്ഡ്.” ഇരയെ കാത്തു കഴിയുന്ന ചിലന്തിയെപ്പോലെ സ്ത്രീക്കു ചുറ്റും കെണിയൊരുക്കി സമൂഹം കാത്തിരിക്കുന്നു. ശ്രദ്ധാപൂര്‍വ്വം ഓരോ ചുവടും വയ്ക്കുക. ഇല്ലെങ്കില്‍ വലയില്‍ കുരുങ്ങും എന്ന മുന്നറിയിപ്പ് ഓരോ സ്ത്രീയുടെയും ഉള്ളിലേക്ക് എറിഞ്ഞു തരാന്‍ ഈ കഥയ്ക്ക് കഴിയുന്നു. ഇരുട്ടിലും വെളിച്ചത്തിലും ഒരു ഇരപിടുത്തക്കാരന്‍ - ഒരു ടെറന്‍റുല വലകെട്ടിയിരിപ്പുണ്ട്. സ്വയം ആ വലയില്‍ കുടുങ്ങാതെയും സ്വന്തം കുഞ്ഞുങ്ങള്‍ ഇരയാകാതെയും രക്ഷപ്പെടുന്നതെങ്ങനെ എന്നാണ് കേരളത്തിലെ ഓരോ സ്ത്രീയുടെയും ചിന്ത. അതുകൊണ്ട് ഒരു സ്ത്രീയുടെ മാനസിക വൃഥ എന്ന നിലയ്ക്കു മാത്രമല്ല, മനസ്സാക്ഷിയുള്ള ഒരു സമൂഹത്തിന്‍റെ അസ്വസ്ഥത വ്യക്തമാക്കുന്നു എന്ന നിലയ്ക്കും ഈ കഥ ആഴത്തില്‍ മനസ്സില്‍ പതിയുന്നു.

“ലേഡീസ് കമ്പാര്‍ട്ട്മെന്‍റ്”. കോട്ടയം: ഡി. സി. ബുക്സ്, നവം. 2002. “കേരളത്തിലെ സ്ത്രീ മുന്നേറ്റങ്ങളുടെ ചരിത്രം” 1998. “കെ. സരസ്വതിയമ്മ”. തൃശൂര്‍: സാഹിത്യ അക്കാദമി, 2000.

Extracts

Women Writers of Kerala

View all Authors