D. Chandralekha

ഡി. ചന്ദ്രലേഖ

1952 മെയ് 16 ന് കൊല്ലം ജില്ലയിലെ പരവൂരില്‍ ജനിച്ചു. എസ്. ദാമോദരന്‍റെയും എം. മീനാക്ഷിയുടെയും മകള്‍. 1973 ല്‍ കൊല്ലം ശ്രീനാരായണ കോളേജില്‍ നിന്നും ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും എം. എ. ബിരുദം നേടി. 1973 മുതല്‍ കേരളാ അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍റെ തിരുവനന്തപുരത്തുള്ള ഹെഡ് ഓഫീസില്‍ ജോലി നോക്കുന്നു. “യാത്രയുടെ അവസാനം” എന്ന കഥാസമാഹാരമാണ് പ്രസിദ്ധീകരിച്ച കൃതി. സ്ത്രീകളുടെ പ്രശ്നങ്ങള്‍ തന്‍റെ കൃതികളിലൂടെ ആവിഷ്കരിച്ച എഴുത്തുകാരിയാണ് ഡി. ചന്ദ്രലേഖ. നമ്മുടെ സമൂഹത്തിന്‍റെ എന്നല്ല, ഏതു സമൂഹത്തിലും സ്ത്രീ പുരുഷന് വിധേയയാണ്. എവിടെയും ചൂഷണത്തിന് വിധേയയാകുന്ന സ്ത്രീകളുടെ ദുഃഖത്തിന്‍റെ ബഹു.പ്രകാശനമാണ് ചന്ദ്രലേഖയുടെ കഥകള്‍. “യാത്രയുടെ അവസാനം” എന്ന കഥാസമാഹാരത്തിലെ ‘ഇരുട്ടിന്‍റെ അറകള്‍’ എന്ന കഥയാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. സ്മിത എന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് ഇവിടെ ആവിഷ്കരിക്കുന്നത്. ഞാന്‍ രാജാവിനെ സ്നേഹിക്കാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. കരുത്തുറ്റ ശരീരവും, ചിരിക്കുന്ന മുഖവുമുള്ള എന്‍റെ നിത്യകാമുകന്‍. ഇതിനിടയ്ക്കൊരിക്കലും ഞാന്‍ രാജാവിനെ കണ്ടില്ല. ഒന്നു കാണാന്‍, ആലിംഗനത്തിലമരാന്‍ കൊതിച്ചപ്പോള്‍ രാജാവിനെ കണ്ടില്ല. ഇവിടെ രാജാവ് എന്നത് മരണത്തെയാണ് സൂചിപ്പിക്കുന്നത്. അച്ഛനാരാണെന്ന് അറിയാത്തതിന്‍റെ പേരില്‍ സമൂഹം സ്മിതയെ ഒറ്റപ്പെടുത്തുന്നു. സ്നേഹിച്ച പുരുഷന്‍പോലും അവളെ അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല. അച്ഛനാരാണെന്ന് അമ്മയ്ക്ക് പോലും അറിയില്ല എന്ന് പറഞ്ഞ് അവള്‍ അമ്മയെ വെറുക്കുന്നു. ഇനിയൊരു തലമുറയ്ക്കു കൂടി ഞാനീ ശാപം നല്കുകയില്ല. എന്‍റെ ദുഃഖം എന്‍റേതുമാത്രം. മറ്റൊരാള്‍ക്കും ഞാനതു നല്‍കുകയില്ല എന്ന തീരുമാനത്തിലെത്തുന്ന സ്മിത താന്‍ വര്‍ഷങ്ങളായി പ്രേമിക്കുന്ന രാജാവിനോടൊപ്പം പുഴയില്‍ മുങ്ങുന്നു. ജീവിതം സ്വയം അവസാനിപ്പിക്കുന്നു. കഥാകാരി കഥകൊണ്ട് എന്താണുദ്ദേശിക്കുന്നത് എന്ന് വ്യക്തമാകുന്നുണ്ടെങ്കിലും ചിലപ്പോഴെല്ലാം അവ്യക്തതകള്‍ ഉണ്ട്. തീരെ ലളിതമായ ഭാഷയും ശൈലിയുമല്ല ഈ കഥയില്‍ പ്രയോഗിക്കുന്നത്.

“യാത്രയുടെ അവസാനം”. തൃശൂര്‍: കറന്‍റ് ബുക്സ്, ആഗസ്റ്റ് 1990.

Extracts

Women Writers of Kerala

View all Authors