Bindu R. Thampi

ബിന്ദു ആര്‍. തമ്പി

1969 സെപ്റ്റംബര്‍ 21 ന് ആലപ്പുഴ ജില്ലയിലെ മാവേലിക്കരയില്‍ ജനിച്ചു. പ്രൊഫ. വി. റ്റി. രാധാകൃഷ്ണന്‍ തമ്പിയുടെയും ലളിതാ തമ്പിയുടെയും മകള്‍. നങ്ങ്യാര്‍ക്കുളങ്ങര ബഥനി, മാവേലിക്കര ബിഷപ്പ്മൂര്‍ കോളേജ്, കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് എന്നിവിടങ്ങളില്‍ എം. എ., എം. ഫില്‍. ബിരുദങ്ങള്‍. ബി. എഡ്. ബിരുദവും നേടിയിട്ടുണ്ട്. ആനുകാലികങ്ങളില്‍ കവിതകള്‍ എഴുതുന്നു. മാവേലിക്കര മറ്റം സെന്‍റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു.

“ഹൃദയരാഗം” (2006), “സജ്ഞീവനി” (2010) എന്നീ കവിതാ സമാഹരങ്ങളാണ് പ്രസിദ്ധീകരിച്ച കൃതികള്‍. “ഹൃദയരാഗം” എന്ന ആദ്യ കവിതാ സമാഹാരത്തിന് 2006 ല്‍ പ്രൊഫ. ജി. ശങ്കരപിളള സ്മാരക സര്‍ഗ്ഗപ്രതിഭാ പുരസ്ക്കാരവും 2007 ല്‍ കാവ്യ വേദി പുരസ്ക്കാരവും 2007 ല്‍ സമന്വയം അവാര്‍ഡും ലഭിച്ചു. 2006 ല്‍ എ. ആര്‍. സ്മാരക അക്ഷര ശ്ലോക സമിതി, മാവേലിക്കര നടത്തിയ കവിതാ രചനാ മത്സരത്തില്‍ ഒന്നാം സ്ഥാനവും (വെന്നി വാസുപിള്ള അവാര്‍ഡ് 2006) ബിന്ദു. ആര്‍. തമ്പി നേടി.

‘മറവി’ എന്ന കവിതയില്‍ ‘മറവി’ എന്ന സത്യത്തെ വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.

പ്രിയരാഗങ്ങള്‍ മീട്ടവേയെപ്പോഴോ

വിരലു നോവിച്ചു പൊട്ടി തന്തിയായ്

മതിബലം കെട്ട ശില്പിയെപ്പോലിവന്‍

പലതുടച്ചും ചമച്ചും രസിച്ചിടും

 

ചിന്തകളില്‍ ഇടയിലെങ്ങോ തെളിയുന്ന മഷിയായി മറവി എല്ലാത്തിനെയും മറച്ചു കളയുന്നു. ജീവിതയാത്രയില്‍ പലതും നാം മറന്നുപോകുന്നു, ചിലത് മനഃപൂര്‍വ്വം മറക്കാന്‍ ശ്രമിക്കുന്നു. അഭയമായി നിന്നവരെപോലും പലപ്പോഴും മറവിയിലുപേക്ഷിക്കുന്നു.

 

അഭയമേകിയ മേല്‍ക്കൂരയൊക്കെയും

ചിതലെടുത്തു തകര്‍ന്നു പോകുന്നുവോ

ജീവിതത്തില്‍ പിന്നിട്ട വഴികളില്‍ മറന്നുപോയതിനെ കുറിച്ച് കവയിത്രി ഇങ്ങനെ ഓര്‍ക്കുന്നു.

വിജയവീഥിയില്‍ നിദ്രാടനത്തില്‍ നി-

ന്നൊരു നടക്കുമോടുണരുന്ന മാത്രയില്‍

വ്യഥിത ചിന്തയായ് കേള്‍ക്കുന്ന താഴുകള്‍

തുടരെ ബന്ധിച്ചിടുന്നതില്‍ നിസ്വനം.

“ഹൃദയരാഗം” (കവിതാസമാഹാരം). ചുനക്കര: ജീവന്‍ പബ്ലിക്കേഷന്‍സ്, ആഗ്സറ്റ് 2006. “സഞ്ജീവനി” (കവിതാസമാഹാരം). ചുനക്കര: ജീവന്‍ പബ്ലിക്കേഷന്‍സ്, 2010.

Extracts

Women Writers of Kerala

View all Authors